Sorry, you need to enable JavaScript to visit this website.

യൂറോപ്പിൽ പുതിയ സാങ്കേതിക നിയമം: ഫേസ്ബുക്കും ഇൻസ്റ്റയും ബന്ധിപ്പിക്കേണ്ടതില്ല

യൂറോപ്പിൽ ഇൻസ്റ്റഗ്രാമും ഫേസ് ബുക്കും വെവ്വേറെ അക്കൗണ്ടുകളായി തന്നെ ഉപയോഗിക്കാൻ ഉപയോക്തക്കാൾക്ക് അവസരം നൽകുമെന്നും രണ്ടിലേയും സ്വകാര്യ വിവരങ്ങൾ പങ്കിടണോ എന്ന് ഉപയോക്താവിന് തീരുമാനിക്കാമെന്നും വ്യക്തമാക്കി മാതൃസ്ഥാപനമായ മെറ്റ.
യൂറോപ്യൻ യൂണിയന്റെ പുതിയ ഡിജിറ്റൽ മാർക്കറ്റ് ആക്ട് (ഡി.എം.എ) പാലിക്കുന്നതിനുവേണ്ടിയാണ് മറ്റു ടെക് കമ്പനികളെ പോലെ  മെറ്റയും മാറ്റം വരുത്തുന്നത്. മെറ്റ പ്ലാറ്റ്‌ഫോമുകളുടെ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് ഉപയോക്താവിന് തീരുമാനിക്കാനാണ് കൂടുതൽ ചോയ്‌സുകൾ നൽകുന്നതെന്ന് സോഷ്യൽ മീഡിയ കമ്പനി അറിയിച്ചു. യൂറോപ്യൻ യൂനിയൻ നടപ്പിലാക്കുന്ന പുതിയ സാങ്കേതിക നിയമങ്ങൾ 
ചില കമ്പനികളുടെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് നിയമങ്ങൾ ഏതുവിധത്തിൽ അനുസരിക്കുമെന്ന് വ്യക്തമാക്കി ടെക് കമ്പനികൾ രംഗത്തുവരുന്നത്. 
യൂറോപ്പിലെ പുതിയ സാങ്കേതിക നിയമങ്ങൾ അനുസരിക്കുന്നതിനുള്ള നടപടികൾ ഗൂഗിൾ വിശദീകരിച്ചതിന് ശേഷം ഡി.എ.എക്ക് അനുസൃതമായി മാറ്റങ്ങൾ വരുത്താൻ മുന്നോട്ടു വന്നിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കാണ് മെറ്റ. 
കമ്പനിയുടെ സേവനങ്ങൾക്കിടയിൽ വിവരങ്ങൾ പങ്കിടാൻ താൽപര്യമുണ്ടെങ്കിൽ തെരഞ്ഞെടുക്കാമെന്നുള്ള അറിയിപ്പുകൾ വരുന്ന ആഴ്ചകളിൽ എല്ലാ ഉപയോക്താക്കൾക്കും ലഭിക്കുമെന്ന് മെറ്റ കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
മെറ്റ ഉൾപ്പെടെയുള്ള എല്ലാ വൻകിട ടെക് സ്ഥാപനങ്ങളും മാർച്ച് ഏഴിനകം യൂറോപ്പിലെ ഡി.എം.എ പാലിക്കേണ്ടതുണ്ട്. കമ്പനികൾ അവരുടെ സ്വന്തം സേവനങ്ങളെയും ഉൽപ്പന്നങ്ങളെയും എതിരാളികളെപ്പോലെ പരിഗണിക്കാൻ നിർബന്ധിതരാകും. ഫേസ്ബുക്ക്, മെസഞ്ചർ ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് അക്കൗണ്ട് മെസഞ്ചർ അക്കൗണ്ടുമായി ലിങ്ക് ചെയ്യണോ അതോ രണ്ട് സേവനങ്ങൾക്കും പ്രത്യേക അക്കൗണ്ടുകൾ വേണോ എന്ന് തീരുമാനിക്കാമെന്ന് കമ്പനി അറിയിച്ചു.
രണ്ട് അക്കൗണ്ടുകളും ബന്ധിപ്പിച്ചിട്ടുള്ള ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് അവ വെവ്വേറെ മാനേജ് ചെയ്യാൻ തിരഞ്ഞെടുക്കാമെന്നും ഇനി രണ്ട് അക്കൗണ്ടുകളിലും വിവരങ്ങൾ പങ്കിടില്ലെന്നും മെറ്റ വ്യക്തമാക്കി. ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾക്കും പ്ലാറ്റ്‌ഫോമിലെ ഗെയിമിംഗ്, മാർക്കറ്റ്‌പ്ലെയ്‌സ് സേവനങ്ങൾക്കുമിടയിൽ വിവരങ്ങൾ പങ്കിടണോ എന്ന കാര്യവും തീരുമാനിക്കാനാകും.
 

Latest News