അമിത പ്രതീക്ഷകളില്ലാതെ തിയേറ്ററില്‍ കയറുന്നവര്‍ക്ക് മികച്ച ദൃശ്യവിരുന്നായിരിക്കും ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒരുമിച്ച
മലൈക്കോട്ടൈ വാലിബന്‍. കട്ട മോഹന്‍ലാല്‍ ആരാധകരുടെ അമിത പ്രതീക്ഷകള്‍ ആദ്യ പകുതിക്കു മുമ്പേ അവസാനിക്കുമെങ്കിലും സിനിമയെന്ന മാധ്യമത്തിന്റെ നിലവാരത്തെ അതിന്റേതായ അളവുകോല്‍ വെച്ച് നോക്കുന്നവര്‍ക്ക് മുമ്പില്‍ കാഴ്ചയുടെ ആറാട്ടൊരുക്കും ഈ സിനിമ.
മലൈക്കോട്ടൈ വാലിബനായി എത്തുന്ന മോഹന്‍ലാലിന് ഭാവപ്പകര്‍ച്ചകൊണ്ട് വിസ്മയിപ്പിക്കാവുന്ന ഒരു ദൃശ്യം പോലും ഈ സിനിമയിലില്ല. എന്നാല്‍ മെയ് വഴക്കം കൊണ്ട് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും ഈ നടന്‍.
മോഹന്‍ലാലിന്റെ വാലിബന്‍ മെയ് വഴക്കം കൊണ്ടാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതെങ്കില്‍ ഹരീഷ് പേരടിയുടെ അയ്യനാരും ഡാനിഷ് സേത്തിന്റെ ചമതകനും മികവുറ്റ ഭാവങ്ങളിലൂടെയാണ് കാഴ്ചക്കാരെ തങ്ങളോടൊപ്പം കൂട്ടിക്കൊണ്ടുപോകുന്നത്. ബംഗാളില്‍ നിന്നെത്തിയ കത നന്ദി ജമന്തിയായും മറാത്തിയില്‍ നിന്നുള്ള സോനാലി കുല്‍ക്കര്‍ണി രംഗറാണിയായും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്. മനോജ് മോസസിന്റെ ചിന്നനും പ്രേക്ഷകരോട് അടുത്തുനില്‍ക്കും.
മലയാളത്തിന് കണ്ടുപരിചയമില്ലാത്ത കഥ പറച്ചില്‍ രീതിയാണ് മലൈക്കോട്ടൈ വാലിബന്‍ സ്വീകരിച്ചിരിക്കുന്നത്. നാടോടിക്കഥകളോ കുട്ടികള്‍ക്കായി ഒരുക്കിയ ഫാന്റസി കഥകളോ പോലെ നിറങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന വലിയ ക്യാന്‍വാസിലൊരുക്കിയ ചിത്രം. മധുനീലകണ്ഠന്റെ ക്യാമറയും ദീപു എസ് ജോസഫിന്റെ എഡിറ്റിംഗും ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവിനും സ്വപ്‌നം കാണാനുള്ള മനസ്സിനുമൊപ്പം ചേര്‍ന്നു നില്‍ക്കുമ്പോള്‍ മലൈക്കോട്ടൈ വാലിബന്‍ യാഥാര്‍ഥ്യമാകുന്നു.
ലിജോയുടെ കഥയ്ക്ക് പി. എസ് റഫീക്ക് തയ്യാറാക്കിയ തിരക്കഥയും സംഭാഷണവുമാണ് വാലിബന്റെ മറ്റൊരു പ്ലസ് പോയിന്റ്. കാലവും ദേശവുമില്ലാത്ത നാടോടിക്കഥയ്ക്ക് അനുയോജ്യമായ ഭാഷയും സാഹിത്യവും ചേര്‍ത്തുള്ള ഗദ്യകവിതയാണ് സംഭാഷണങ്ങള്‍. അതോടൊപ്പം പി എസ് റഫീക്ക് എഴുതിയ ഗാനങ്ങളുടെ വരികളും അതിമനോഹരം. മോഹന്‍ലാല്‍ ആലപിച്ച റാക്ക് പാട്ടില്‍ എത്ര സുന്ദരമായാണ് വരികളും ദൃശ്യങ്ങളും സംഗീതവും ചേര്‍ന്നുവരുന്നതെന്ന് അനുഭവിച്ചറിയാനാവും.
പഴയകാല തമിഴ് നാടകങ്ങളിലെ നാടോടി ശൈലിയിലുള്ള കഥ പറച്ചില്‍ രീതിയാണ് സിനിമയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. ഒരു മോഹന്‍ലാല്‍ സിനിമ കാണാന്‍ പോകുന്ന സാധാരണ പ്രേക്ഷകന് ഇത് ദഹിക്കണമെന്നില്ല.
രാജസ്ഥാന്‍ മരുഭൂമിയിലെ അതിവിശാല കാഴ്ചയെ ഫ്രെയിമില്‍ കൊണ്ടുവന്ന് പൊടിയും കാറ്റും കാഴ്ചയും വരള്‍ച്ചയുമെല്ലാം വെള്ളിത്തിരയിലൂടെ അനുഭവിപ്പിക്കുന്നുണ്ട് ലിജോ. രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള സിനിമ അവസാനിക്കുമ്പോള്‍ രണ്ടാം ഭാഗം പിറകെ വരുന്നുണ്ടെന്നും പറയുന്നു.
മലൈക്കോട്ടൈ, അടിവാരത്തൂര്‍, മാന്‍കൊമ്പൊടിഞ്ഞൂര് തുടങ്ങി ബാല്യത്തില്‍ വായിച്ച ഫാന്റസി കഥകളിലേതു പോലെയാണ് നാടുകള്‍ക്ക് പേരിട്ടിരിക്കുന്നത്. എല്ലാ ഊരിലും മല്ലന്‍മാരെ മലര്‍ത്തിയടിച്ച് വിജയിച്ച് മടങ്ങുമ്പോഴും വാലിബന് തിരികെ പോകാനൊരു ഇടമോ കാത്തിരിക്കാനൊരാളോ ഇല്ല എന്നത് അയാളുടെ ദുഃഖമാണ്. മല്ലന്റെ ശരീരത്തിലും അയാള്‍ക്ക് മൃദുലമായൊരു മനസ്സുണ്ടെന്ന് അയാളുടെ ഈ ദുഃഖം പറയുമ്പോള്‍ അറിയാനാവും.
ആരും കാത്തിരിക്കാനില്ലെങ്കിലും എത്തുന്ന നാടുകളിലെല്ലാം തന്നോടൊപ്പം ശയിക്കാനാഗ്രഹിക്കുന്ന സുന്ദരികളെ അയാള്‍ നിരാശനാക്കുന്നില്ല. എന്നാല്‍ ഒരു പെണ്ണിനോട് മാത്രം താന്‍ നിനക്ക് ചേര്‍ന്നവനല്ലെന്ന് അയാള്‍ പറയുകയും ചെയ്യുന്നു.
ചില രഹസ്യങ്ങള്‍ ഒളിപ്പിച്ചാണ് മലൈക്കോട്ടൈ വാലിബന്റെ ഒന്നാം ഭാഗം അവസാനിക്കുന്നത്. രണ്ടാം ഭാഗത്തേക്കുള്ള വലിയൊരു സസ്‌പെന്‍സ് എന്താണെന്നറിയാന്‍ അത് റിലീസാകും വരെ കാത്തിരിക്കുകയേ നിവര്‍ത്തിയുള്ളു.
വിശാലമായ ക്യാന്‍വാസിലൊരുക്കിയ ദൃശ്യങ്ങള്‍ കാഴ്ചക്കാര്‍ക്ക് നിറവസന്തമാണ് കാഴ്ചവെക്കുന്നത്. ഒരിക്കല്‍ പോലും വെള്ളിത്തിര ശൂന്യമാവുന്നില്ല. എല്ലായ്‌പോഴും ആളും ബഹളവും നിറഞ്ഞ് ആഘോഷത്തിമര്‍പ്പാണ്. പറങ്കികളോടുള്ള യുദ്ധമായാലും മല്ലന്‍മാര്‍ തമ്മിലുള്ള ഏറ്റുമുട്ടലായാലും സുന്ദരികളോടൊത്തുള്ള ആട്ടവും പാട്ടുമായാലും നിറമൊട്ടും കുറച്ചിട്ടില്ല ലിജോ ജോസ് പെല്ലിശ്ശേരി.
നന്‍പകല്‍ നേരത്ത് മയക്കമോ ജെല്ലിക്കെട്ടോ ആമേനോ കണ്ട മനസ്സുമായി മലൈക്കോട്ടൈ വാലിബന്‍ കാണാന്‍ പോവരുത്. ഇത് വേറെ സിനിമയാണ്. വേറൊരു തരത്തില്‍ കാണാന്‍ ശ്രമിക്കുന്ന പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും, തീര്‍ച്ച. കണ്‍കണ്ടതാണോ കാണാത്തതാണോ നിജവും പൊയ്യുമെന്ന് അടുത്ത ഭാഗം കൂടി കണ്ട് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ.