കോഴിക്കോട് - വിദേശ രാജ്യത്ത് വെച്ച് സ്വന്തം പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാലോ അല്ലെങ്കില്‍ മോഷണം പോയാലോ അതുമല്ലെങ്കില്‍ കത്തിപ്പോയാലോ കീറിപ്പോയാലോ ഒക്കെ എന്ത് ചെയ്യും ? പ്രവാസികളെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് വെറുതെ മനസ്സില്‍ ചിന്തിക്കാന്‍ പോലും ഇഷ്ടപ്പെടാത്ത കാര്യമാണ്. എന്നാല്‍ അങ്ങനെ ധാരാളം സംഭവങ്ങളുണ്ടാകാറുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ എന്ത് ചെയ്യണമെന്ന് അറിയാത്തവരാണ് പ്രവാസികളില്‍ പലരും. അവര്‍ ആകെ പരിഭ്രാന്തരാകും. പുറത്തിറങ്ങിയാല്‍ പോലീസ് പിടിക്കുമോ എന്ന ഭയമുണ്ടാകും. എന്ത് ചെയ്യണമെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമാകണമെന്നുമില്ല.
നാട്ടിലേക്ക് പോരാന്‍ ടിക്കറ്റെല്ലാം ബുക്ക് ചെയ്ത് ആറ്റ് നോറ്റ് കാത്തിരുന്ന് ഒടുവില്‍ യാത്ര ദിവസമെത്തുമ്പോഴായിരിക്കും പലപ്പോഴും പാസ്‌പോര്‍ട്ടിനായി തിരയുകും അത് കാണാനില്ലെന്ന് അറിയുകയും ചെയ്യുക. അതോടെ ബോധക്ഷയമുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. വിദേശ രാജ്യത്ത് ജോലിയെടുക്കുന്നവരുടെ മാത്രമല്ല, അവിടേക്ക് വിസിറ്റിംഗ് വിസയിലും ടുറിസ്റ്റ് വിസയിലും, ബിസിനസ് ആവശ്യത്തിനും പോകുന്നവരുടെയുമെല്ലാം പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകാറുണ്ട്.
പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ കീറിപ്പോകുകയോ ഒക്കെ ചെയ്താല്‍ തീര്‍ച്ചയായും ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. എന്നാല്‍ പരിഭ്രമിക്കേണ്ട യാതൊരു കാര്യവുമില്ല. അങ്ങനെ സംഭവിക്കുന്ന സമയത്ത് മനസ്സാന്നിധ്യത്തോടെ അതിനെ മറികടക്കാനുള്ള കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത്. വിദേശത്ത് വെച്ച് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് ബുദ്ധിമുട്ടിലാകുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ഓരോ രാജ്യത്തെയും ഇന്ത്യന്‍ എംബസി കൃത്യമായ സൗകര്യങ്ങള്‍ ചെയ്തു നല്‍കുന്നുണ്ട്. പാസ്‌പോര്‍ട്ട് നഷ്ടപ്പെടുന്നവര്‍ ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുകയും ആവശ്യമായ രേഖകള്‍ നേരിട്ട് എംബസി ഓഫീസുകളിലോ അല്ലെങ്കില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസുകളിലോ എത്തി സമര്‍പ്പിക്കുകയും ചെയ്യണമെന്ന് മാത്രം. അങ്ങനെ ചെയ്താല്‍ ഏതാനും ദിവസങ്ങള്‍ക്കകം ഈ പ്രശ്‌നം പരിഹരിക്കപ്പെടും.
വിദേശ രാജ്യത്ത് വെച്ച് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാകും
ഒരു രാജ്യത്തെ പൗരന് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും അവിടെ താമസിക്കാനും ജോലിചെയ്യാനും പഠിക്കാനുമൊക്കെ മാത്ൃരാജ്യം നല്‍കുന്ന ഏറ്റവും അംഗീകൃത രേഖയാണ് പാസ്‌പോര്‍ട്ട്. പ്രവാസികളെ സംബന്ധിച്ചിടത്തോളം അത് അവരുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു രേഖയാണ്. ആ ഒരു രേഖയുടെ പിന്‍ബലത്തില്‍ മാത്രമാണ് മറ്റൊരു രാജ്യം അവരെ അംഗീകരിക്കുന്നതും അവിടേക്ക് പ്രവേശിക്കാന്‍ പോലും അനുവദിക്കുന്നതും. വിദേശത്ത് വെച്ച് പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ കീറിപ്പോകുകയോ മോഷ്ടിക്കപ്പെടുകയോ മറ്റ് രീതിയില്‍ നശിച്ചു പോകുകയോ ഒക്കെ ചെയ്താല്‍ തീര്‍ച്ചയായും അത വളരെ ഗൗരവമേറിയ പ്രശ്‌നം തന്നെയാണ്. ആ രാജ്യത്ത് തുടര്‍ന്ന് കഴിയുന്നതിനോ അല്ലെങ്കില്‍ പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനോ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. പാസ്‌പോര്‍ട്ട് കൈയ്യിലില്ലെങ്കില്‍ നാട്ടിലേക്ക് തിരിച്ചു വരാന്‍ കഴിയില്ല. മാത്രമല്ല അനധികൃത താമസക്കാരനെന്ന് മുദ്ര കുത്തി വിദേശ രാജ്യത്ത് നിയമനടപടികള്‍ക്ക് വിധേയനാകേണ്ടി വരികയും ചെയ്‌തേക്കും. തൊഴില്‍ നഷ്ടപ്പെടാം. ഏറ്റവും വിലപ്പെട്ട രേഖയായ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ഒക്കെ ചെയ്താല്‍ അത് കിട്ടുന്നവര്‍ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടാകുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിഭ്രമത്തിന് അടിമപ്പെടാതെ കൃത്യമായ നടപടിക്രമങ്ങള്‍ നടത്തിയാല്‍ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാം.
വിദേശ രാജ്യത്ത് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് എന്താണ് ?
പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തുന്ന പ്രവാസി ഏറ്റവും ആദ്യം ചെയ്യേണ്ടത് ആ രാജ്യത്ത് നിങ്ങള്‍ താമസിക്കുന്നതോ അല്ലെങ്കില്‍ യാത്രയില്‍ ആണെങ്കില്‍ തൊട്ടടുത്തുള്ളതോ ആയ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുയാണ്. ഇതാണ് ഏറ്റവും അടിസ്ഥാനമായി ചെയ്യേണ്ട കാര്യം. പരാതി നല്‍കുമ്പോള്‍ നിങ്ങളുടെ പാസ്‌പോര്‍ട്ട് നമ്പര്‍, പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ അല്ലെങ്കില്‍ കീറിപ്പോകുകയോ, മറ്റ് രീതിയില്‍ നശിച്ചു പോകുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്‌തെന്ന് നിങ്ങള്‍ കണ്ടെത്തിയ തിയ്യതി, ഇത് സംബന്ധിച്ച മറ്റ് പ്രസക്തമായ വിവരങ്ങള്‍, വിേദശത്തുള്ള നിങ്ങളുടെ മേല്‍വിലാസം, ഇക്കാമ പോലെയുള്ള മറ്റു രേഖകളുടെ പകര്‍പ്പുകള്‍ എന്നിവയെല്ലാം പരാതിയോടൊപ്പം സമര്‍പ്പിക്കണം. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതി നല്‍കിയതിന്റെ തെളിവിനായി പോലീസ് സ്‌റ്റേഷനില്‍ നിന്ന് രേഖ നല്‍കും .ഇത് കിട്ടിയില്ലെങ്കില്‍ ചോദിച്ച് വാങ്ങണം. പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനും തുടര്‍ന്നുള്ള എല്ലാ നടപടികള്‍ക്കും ഇത് വളരെ അത്യാവശ്യമാണ്. ഇതിന്റെയും പരാതി നല്‍കിയതിന്റെയും കോപ്പികള്‍ എടുത്ത് നഷ്ടപ്പെടാത്ത വിധം സൂക്ഷിച്ചുവെയ്ക്കണം. ഇങ്ങനെ പരാതി നല്‍കിയാല്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട നിങ്ങള്‍ക്ക് നിയമപരമായ ചില സംരക്ഷണം ലഭിക്കും. മാത്രമല്ല നഷ്ടപ്പെട്ട പാസ്‌പോര്‍ട്ട് കിട്ടിയ മറ്റാരെങ്കിലും ദുരുപയോഗപ്പെടുത്തിയാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒരു പരിധി വരെ ഒഴിഞ്ഞു നില്‍ക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി തുണയാകും. പോലീസ് സ്‌റ്റേഷനില്‍ പോകുമ്പോള്‍ നിങ്ങള്‍ക്ക് അവിടുത്തെ പ്രാദേശിക ഭാഷ അറിയില്ലെങ്കില്‍ ഭാഷ അറിയുന്ന ഒരാളെ കൂട്ടിപ്പോകുന്നത് വളരെ നല്ലതാണ്. കാരണം ഭാഷയുടെ പ്രശ്‌നം മൂലം പോലീസുകാര്‍ക്ക് നല്‍കുന്ന വിവരങ്ങളില്‍ എന്തെങ്കിലും തെറ്റ് പറ്റാന്‍ പാടില്ല. അത് പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് തടസ്സമാകും. പരാതി നല്‍കിയതിന് പകരമായി പോലീസ് നല്‍കുന്ന രേഖയിലെ വിവരങ്ങള്‍ കൃത്യമായി വായിച്ച് നോക്കി തെറ്റില്ലെന്ന് ഉറപ്പു വരുത്തണം. ഇത്രയും ചെയ്തു കഴിഞ്ഞാന്‍ ആദ്യ ഘട്ടം പൂര്‍ത്തിയായി.
ഇന്ത്യന്‍ എംബസിയെയോ അല്ലെങ്കില്‍ കോണ്‍സുലേറ്റ് ഓഫീസിനെയോ ബന്ധപ്പെടുക
പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതോ അല്ലെങ്കില്‍ നശിച്ചു പോയതയോ കളവ് പോയതോ ആയ പരാതി പോലിസ് സ്‌റ്റേഷനില്‍ നല്‍കി കഴിഞ്ഞാല്‍ അടുത്ത നടപടി തൊട്ടടുത്തുള്ള ഇന്ത്യന്‍ എംബസി അധികൃതരെയൊ അല്ലെങ്കില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസിനെയോ സമീപിക്കുക എന്നതാണ്. അവര്‍ക്ക് നിങ്ങളെ സഹായിക്കാനുള്ള ബാധ്യതയുണ്ട്. ഇന്ത്യന്‍ എംബസിയുടെയൊ അല്ലെങ്കില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയോ ഓഫീസ് എവിടെയാണെന്ന് അറിയില്ലെങ്കില്‍ ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കുകയോ അല്ലെങ്കില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് തുറന്ന് കണ്ടുപിടിക്കുകയോ ചെയ്യുക. പോലിസ് സ്‌റ്റേഷില്‍ പരാതി നല്‍കിയതിന്റെ കോപ്പിയും പാസ്‌പോര്‍ട്ട് നമ്പറും പാസ്‌പോര്‍ട്ട് എങ്ങനെ എപ്പോള്‍ നഷ്ടപ്പെട്ടുവെന്നതടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി എംബസിയുടെയൊ അല്ലെങ്കില്‍ കോണ്‍സുലേറ്റ് അധികൃതരെ അറിയിക്കുകയും പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള കാര്യങ്ങളെക്കുറിച്ചും അതിന്റെ നടപടിക്രമങ്ങളെക്കുറിച്ചും കൃത്യമായി ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുക.
പുതിയ പാസ്‌പോര്‍ട്ടിനോ അല്ലെങ്കില്‍ എമര്‍ജന്‍സി ട്രാവല്‍ സര്‍ട്ടിഫിക്കറ്റിനോ അപേക്ഷിക്കുക
ഇന്ത്യന്‍ എംബസിയിലോ അല്ലെങ്കില്‍ കോണ്‍സുലേറ്റിലോ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുകയാണ് അടുത്ത പടിയായി ചെയ്യേണ്ടത്. പെട്ടെന്ന് നാട്ടിലേക്ക് പോരാന്‍ ഉദ്ദേശിക്കുന്നവരാണെങ്കില്‍ എമര്‍ജന്‍സി ട്രാവല്‍ സര്‍ട്ടിഫിക്കറ്റിന് തീര്‍ച്ചയായും അപേക്ഷ നല്‍കണം. പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷാപോറം പൂരിപ്പിച്ച് നല്‍കുകയും ഇതിനൊപ്പം താഴെ പറയുന്ന രേഖകള്‍ നല്‍കുകയും വേണം. 1, നഷ്ടപ്പെട്ട അല്ലെങ്കില്‍ നശിച്ചു പോയ അല്ലെങ്കില്‍ മോഷ്ടിക്കപ്പെട്ട പാസ്‌പോര്‍ട്ടിന്റെ മുന്‍ പേജിന്റെയും ഏറ്റവും അവസാനത്തെ പേജിന്റെയും കോപ്പി കൈവശമുണ്ടെങ്കില്‍ അത്. (പാസ്‌പോര്‍ട്ടിന്റെ കോപ്പി നേരത്തെ തന്നെ എടുത്ത് നഷ്ടപ്പെടാത്തവിധം സൂക്ഷിച്ചുവെയ്ക്കണം, ഇത്തരം സന്ദര്‍ഭത്തില്‍ അത് വളരെ ഉപകരിക്കും) 2, പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിന് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിന്റെയും അവര്‍ അതിന്റെ പേരില്‍ തന്ന റിപ്പോര്‍ട്ടിന്റെയും കോപ്പി, 3. നിശ്ചിത എണ്ണം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (സാധാരണയായി നാലോ അല്ലെങ്കില്‍ ആറോ ഒക്കെ എണ്ണം ഫോട്ടോയാണ് ആവശ്യപ്പെടുക) 4. വിസയുടെയും, ഫ്്‌ളൈറ്റ് ടിക്കറ്റ് ഉണ്ടെങ്കില്‍ അതിന്റെ കൂടി കോപ്പി എന്നിവ നല്‍കണം. നിശ്ചിത ഫീസും അടയ്ക്കണം. ഇതിന് പുറമെ അധികൃതര്‍ മറ്റേതെങ്കിലും രേഖകളോ വിവരങ്ങളോ ആവശ്യപ്പെട്ടാല്‍ അത് കൂടി നല്‍കണം.
എമര്‍ജന്‍സി ട്രാവല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ പാസ്‌പോര്‍ട്ട് ഇല്ലാതെ തന്നെ നാട്ടിലേക്ക് വരാന്‍ കഴിയും. എന്നാല്‍ ഒരു ചെറിയ കാലയളവിലേക്ക് മാത്രമേ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് സാധുതയുണ്ടായിരിക്കുകയുള്ളൂ. സാധാരണയായി ഒരൊറ്റ മടക്ക യാത്രയക്ക് മാത്രമേ ഇത് ഉപകരിക്കൂ. ഈ രേഖ പരമാവധി അഞ്ച് രാജ്യങ്ങളിലൂടെ കടന്ന് പോകാന്‍ നിങ്ങളെ അനുവദിക്കും. എന്നാല്‍ എല്ലാ വിമാനക്കമ്പനികളും ഈ രേഖ അംഗീകരിച്ചു കൊള്ളണമെന്നില്ല. അതുകൊണ്ട് തന്നെ മടക്കയാത്രയക്ക് ഒരുങ്ങുന്നവര്‍ ബുക്ക് ചെയ്യുന്ന വിമാനക്കമ്പനി എമര്‍ജന്‍സി ട്രാവല്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുമെന്ന് ഉറപ്പ് വരുത്തണം.
പുതിയ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ കിട്ടിക്കഴിഞ്ഞാല്‍ ഇന്ത്യന്‍ എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റ് അധികൃതര്‍ അപേക്ഷയും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം പുതിയ പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിനായി ഇന്ത്യയിലേക്ക് അയക്കും. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ പുതിയ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ എംബസിയിലെത്തും. അവിടെ നേരിട്ട് പോയി കൈപ്പറ്റാവുന്നതാണ്.
വിസ വീണ്ടും ഇഷ്യൂ ചെയ്യുന്നതിന് അപേക്ഷിക്കുക
നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടിന് പകരം പുതിയ പാസ്‌പോര്‍ട്ടോ അല്ലെങ്കില്‍ എമര്‍ജന്‍സി ട്രാവല്‍ സര്‍ട്ടിഫിക്കറ്റോ കിട്ടിയാല്‍ നിങ്ങളുടെ വിസ വീണ്ടും ഇഷ്യ ചെയ്യുന്നതിനുള്ള അപേക്ഷ നല്‍കാവുന്നതാണ്. ഇതിനായി പുതിയ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് , നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടിന്റെ കോപ്പി ഉണ്ടെങ്കില്‍ അത്, വിസയുടെ കോപ്പി, പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിന്റെയോ നശിച്ചു പോയതിന്റെയോ അല്ലെങ്കില്‍ മോഷ്ടിക്കപ്പെട്ടതിന്റെയോ ആയ പോലീസ് റിപ്പോര്‍ട്ടിന്റെ കോപ്പി, നിശ്ചിത ഫീസ് എന്നിവ അതിനായി നല്‍കണം. വിസ വീണ്ടും ഇഷ്യൂ ചെയ്ത് കഴിഞ്ഞാല്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിച്ചു. മേല്‍പ്പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യാനുള്ള ക്ഷമയും ജാഗ്രതയും പ്രവാസികള്‍ കാണിക്കമെന്ന് മാത്രം.
സൗദി അറേബ്യയില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ടത്
സൗദി അറേബ്യയില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ സ്പോണ്‍സറോ പ്രതിനിധിയോ ജവാസാത്ത് ഡയറക്ടറേറ്റില്‍ പരാതി നല്‍കി റിപ്പോര്‍ട്ട് കൈപറ്റണം. ഇഖാമയുടെ ജവാസാത്ത് പ്രിന്റൗട്ടും വാങ്ങണം. ഇത് രണ്ടും സര്‍ട്ടിഫൈഡ് ട്രാന്‍സ്ലേറ്റ് ചെയ്യുക. ശേഷം ഓണ്‍ലൈനില്‍ പാസ്പോര്‍ട്ട് അപേക്ഷ ഫോം പൂരിപ്പിക്കണം. ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റിലുള്ള അഫിഡവിറ്റ് എഫ് ഫോം പൂരിപ്പിച്ച് രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഇഖാമ കോപ്പി, ഇഖാമയുടെ വാലിഡിറ്റി തെളിയിക്കുന്ന രേഖ എന്നിവയുമായി വി എഫ് എസ് ഓഫീസില്‍ അപ്പോയിന്‍മെന്റെടുത്ത് നേരിട്ട് സമര്‍പ്പിച്ചാല്‍ മതി. ഫീസ് വി എഫ് എസില്‍ കൊടുത്താല്‍ മതി. തത്കാല്‍ സ്‌കീമില്‍ അപേക്ഷിച്ചാല്‍ അപേക്ഷിച്ച ദിവസം തന്നെ പാസ്പോര്‍ട്ട് ലഭിക്കും. സാധാരണ സ്‌കീമില്‍ രണ്ട് ആഴ്ചയിലധികം എടുക്കുന്നുണ്ട്. പുതിയ പാസ്പോര്‍ട്ട് ലഭിച്ചാല്‍ തൊഴിലുടമയുടെ അബ്ശിര്‍ അല്ലെങ്കില്‍ മുഖീം പ്ലാറ്റ്ഫോം വഴി അപ്ഡേറ്റ് ചെയ്യണം.