കോഴിക്കോട്- പ്രശസ്ത ഗസല്‍ ഗായകനും ചലച്ചിത്രപിന്നണിഗായകനുമായ എ ഹരിഹരന്റെ സംഗീതജീവിതത്തിന്റെ സുവര്‍ണജൂബിലി കോഴിക്കോട് ആഘോഷിക്കുന്നു. മെഹ്ദി ഹസന്‍, ജഗ്ജീത് സിംഗ്, ഗുലാം അലി എന്നിവര്‍ സംഗീതവിരുന്നൊരുക്കിയ കോഴിക്കോട് നഗരത്തില്‍ മുഹമ്മദ് റഫി സാബിന്റെ ഗാനങ്ങള്‍ക്ക് ഏറെ ആരാധകരുണ്ടെന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ഹരിഹരന്‍ പറഞ്ഞു. ഗസല്‍ ഇഷ്ടപ്പെടുന്ന ആസ്വാദകര്‍ക്ക് മുന്‍പില്‍ സംഗീത കച്ചേരി ചെയ്യാന്‍ കഴിയുന്നത് സന്തോഷകരമാണ്. ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസ്സന്റെ ഗസലുകളില്‍ ആകൃഷ്ടനായാണ് ഗസലിന്റെ ലോകത്ത് എത്തിയതെന്നും ഉസ്താദ് സാകിര്‍ ഹുസൈന്‍ ഉള്‍പ്പെടെ സംഗീതജ്ഞരില്‍ നിന്ന് ഹിന്ദുസ്താനി പഠിച്ചുവെന്നും ഹരിഹരന്‍ പറഞ്ഞു. മലയാളത്തില്‍ ഗസലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കവിതയുള്ള പാട്ടുകള്‍ക്ക് ചില പരിമിതികളുണ്ട്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള സംഗീത കുലപതി എം എസ് ബാബുരാജിന്റെ സ്വന്തം നഗരത്തില്‍ ഗസല്‍ ആസ്വാദകര്‍ സംഘടിപ്പിക്കുന്ന ഹരിഹരന്‍സ് ബേ മിസാല്‍ എന്ന സംഗീത വിരുന്ന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഇന്ന് വൈകീട്ട് 6ന് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. മുംബൈയില്‍ നിന്നുള്ള ഓര്‍കസ്ട്ര ടീമിനൊപ്പം പ്രമുഖ ഗായകരായ ഹരീഷ് ശിവരാമകൃഷ്ണന്‍, സിതാര, ശ്രീനാഥ് തുടങ്ങിയവരും സംഗീതവിരുന്നിന്റെ ഭാഗഭാക്കാകും.
ഹരിഹരന്റെ കുടുംബ സുഹൃത്തും മലയാളിയുമായ കെ.പി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ആരാധക കൂട്ടായ്മയായ ക്വാഡ്‌റോ വെഞ്ചേഴ്‌സിന്റെയും സ്റ്റീലിഫൈ കിച്ചന്‍സ് ആന്റ് ബിയോണ്ട് എന്നിവയുടെയും നേതൃത്വത്തില്‍ നടക്കുന്ന മെഗാ ഗസല്‍ വിരുന്ന് സംഗീതരംഗത്ത് അമ്പതാണ്ട് പിന്നിടുന്ന ഹരിഹരനുള്ള ആദരം കൂടിയാണ്. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും. കെ പി രഞ്ജിത്ത്, ഹൈലറ്റ് മാള്‍ മാര്‍ക്കറ്റിങ് ഹെഡ് യു.എം തന്‍വീര്‍ എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഹിന്ദി, തമിഴ് തെലുങ്ക്, കന്നട, മലയാളം തുടങ്ങിയ ഭാഷകളില്‍ പാടുന്ന ഹരിഹരന്‍ ഗസല്‍ ആലാപനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സംഗീതജ്ഞനാണ്. ഫ്യൂഷന്‍ മ്യൂസിക്കിന്റെ അറിയപ്പെടുന്ന വക്താവായ ഹരിഹരന്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബ്രിട്ടന്‍, മലേഷ്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ സംഗീത കച്ചേരികള്‍ നടത്തിയിട്ടുണ്ട്. 2004ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. നിരവധി ഗസല്‍ ആല്‍ബങ്ങള്‍, മറക്കാന്‍ കഴിയാത്ത തമിഴ്, ഹിന്ദി മലയാളം ചലച്ചിത്ര ഗാനങ്ങള്‍, ലെസ്ലി ലൂയിസ് എന്ന ഗായകനുമായിച്ചേര്‍ന്ന് 'കൊളൊണിയല്‍ കസിന്‍സ്' എന്ന ഇന്ത്യന്‍ ഇംഗ്ലീഷ് ആല്‍ബം എന്നിവ ഹരിഹരന്റേതായുണ്ട്.