പൂനെ- ബംഗളൂരുവിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെയും പൂനെയിൽ കൊല്ലപ്പെട്ട യുക്തിവാദി നരേന്ദ്ര ധബോൽക്കറിന്റെയും കൊലയാളികൾ ഒരു സംഘം തന്നെയാണെന്ന് സി.ബി.ഐ. ഇക്കാര്യം ബലപ്പെടുത്തുന്ന തെളിവുകൾ സി.ബി.ഐ പൂനെയിലെ ശിവാജിനഗർ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ധബോൽക്കർ കൊലപാതക കേസിലെ മുഖ്യപ്രതിയുടെ റിമാന്റ് കാലാവധി നീട്ടാനുള്ള അപേക്ഷയിലാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്. സച്ചിൻ അൻഡുറെ എന്നയാളെ കഴിഞ്ഞയാഴ്ച്ച ധബോൽക്കർ വധവുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ കസ്റ്റഡി ഈ മാസം 30 വരെ നീട്ടി. 2013 ജൂൺ 20നാണ് തന്റെ വീടിന് സമീപത്ത് ധബോൽക്കർ കൊല്ലപ്പെട്ടത്. കഴിഞ്ഞവർഷം സെപ്തംബർ അഞ്ചിന് ബംഗളൂരുവിലാണ് ജേണലിസ്റ്റ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്നു ഗൗരി ലങ്കേഷ്.
അതേസമയം, ഈ കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സംഘടനയെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ റിമാന്റ് റിപ്പോർട്ടിൽ സി.ബി.ഐ ഉൾപ്പെടുത്തിയിട്ടില്ല.
ഗൗരി ലങ്കേഷ് വധക്കേസിൽ പിടിയിലായ പ്രതികളിലൊരാളാണ് തനിക്ക് 7.65 എം.എം തോക്ക് നൽകിയതെന്നാണ് ധബോൽക്കർ കൊലപാതക കേസിൽ പിടിയിലായ സച്ചിൻ അൻഡുറേ പോലീസിനോട് പറഞ്ഞത്. മൂന്ന് തിരകൾ നിറക്കാവുന്ന പിസ്റ്റളായിരുന്നു ഇത്. ഈ തോക്ക് ഇക്കഴിഞ്ഞ 11ന് തന്റെ ഭാര്യ സഹോദരനായ സുബ്ഹാം സുരാലേക്ക് കൈമാറിയതായും ഇയാൾ സമ്മതിച്ചിരുന്നു. സുരാലേ ഇത് തന്റെ സുഹൃത്ത് രോഹിത് റെജെക്കും നൽകി. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത ശരത് കലാസ്‌കറിൽനിന്നാണ് മറ്റു പ്രതികളിലേക്കുള്ള സൂചന പോലീസിന് ലഭിച്ചത്. കലാസ്‌കറിനെ വൻ ആയുധശേഖരവുമായാണ് പോലീസ് പിടികൂടിയത്. ആൻഡുറെയും കലാസ്‌കറും മോട്ടോർ ബൈക്കിലെത്തിയാണ് ധബോൽക്കറിനെ കൊലപ്പെടുത്തിയത്. ഇക്കാര്യം കലാസ്‌കർ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. ധബോൽക്കറിനെ കൊലപ്പെടുത്താൻ സഞ്ചരിച്ച മോട്ടോർ ബൈക്ക് കണ്ടെത്താൻ പോലീസ് ശ്രമം തുടരുകയാണ്. ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധമുള്ളവർ തന്നെയാണ് നരേന്ദ്ര ധബോൽക്കർ കൊലക്കേസിന് പിന്നിലുമെന്നാണ് റിമാന്റ് റിപ്പോർട്ടിൽ സി.ബി.ഐ ചൂണ്ടിക്കാട്ടിയത്.