- വലിയൊരു സന്ദേശത്തിന്റെ തുടക്കമെന്ന് രാകേഷ് ടികായത്ത്
ന്യൂഡൽഹി - രാജ്യത്ത് കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 16ന് ഭാരത് ബന്ദ് ആചരിക്കുമെന്ന് ഭാരതീയ കിസാൻ യൂനിയൻ (ബി.കെ.യു) ദേശീയ വക്താവ് രാകേഷ് ടികായത്ത് അറിയിച്ചു. സംയുക്ത കിസാൻ മോർച്ച (എസ്.കെ.ഐം) ബന്ദിനെ പിന്തുണക്കുമെന്ന് ടിക്കായത്ത് പറഞ്ഞു. കർഷകരുടെ വിവിധ കൂട്ടായ്മകളെ കൂടാതെ കച്ചവടക്കാർ, ഗതാഗത സംവിധാനങ്ങൾ എന്നിവ ഒരുദിവസം പണിമുടക്കി ബന്ദിനെ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്നേദിവസം കർഷകർ കൃഷിയിടങ്ങളിൽ പോകാതെ പൂർണമായും പണിമുടക്കും. ഇത് വലിയൊരു പോരാട്ടത്തിന്റെ തുടക്കമാവുമെന്നും രാജ്യത്തിന് നൽകുന്ന വലിയൊരു സന്ദേശമായിരിക്കുമെന്നും മുസഫർനഗറിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കുന്നതിന് നിയമം കൊണ്ടുവരണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. തൊഴിലില്ലായ്മയും അഗ്നിവീർ പദ്ധതി, പെൻഷൻ പദ്ധതി എന്നിവയിലെ പ്രശ്നങ്ങളുമെല്ലാം സമരത്തിന് കാരണങ്ങളാണ്. ഇത് കർഷകരുടെ മാത്രം സമരമല്ലെന്നും മറ്റു പല സംഘടനകളും ഇതിന്റെ ഭാഗമാകുമെന്നും ടികായത്ത് പറഞ്ഞു.