സൗദി അറേബ്യയില്‍ സൈബര്‍ തട്ടിപ്പുകളുടെ കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ട.
ഗുണഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ സുഗമമാക്കുമെന്ന് അവകാശപ്പെട്ടും മറ്റും ലഭിക്കുന്ന സന്ദേശങ്ങളോടും കോളുകളോടും പ്രതികരിക്കാന്‍ പാടില്ലെന്ന നിര്‍ദേശമാണ് അബ്ശിര്‍ പ്രധാനമായും നല്‍കുന്നത്.
ഏതെങ്കിലും സ്ഥാപനവുമായോ വ്യക്തിയുമായോ വ്യക്തിഗത ഡാറ്റ പങ്കിടുന്നതിനെതിരെയും അബ്ശിര്‍ മുന്നറിയിപ്പ് നല്‍കി. ഉപയോക്താക്കളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനു പുറമെ, നിയമ നടപടികള്‍ക്ക് വിധേയരാകാതിരിക്കാനും ഇത് അനിവര്യമാണ്. ഉപയോക്താക്കള്‍ രഹസ്യസ്വഭാവം നിലനിര്‍ത്താനാണ് നിര്‍ദേശം.
സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും ലോഗിന്‍ ചെയ്യുന്നതും ഒഴിവാക്കാനും അബ്ശിര്‍ പ്ലാറ്റ്‌ഫോം ആവശ്യപ്പെട്ടു. ഔദ്യോഗിക അക്കൗണ്ടുകള്‍ വെബ്‌സൈറ്റായ www.absher.sa സന്ദര്‍ശിച്ച് വേണം ഉപയോഗിക്കാന്‍. മറ്റു മാര്‍ഗത്തില്‍ ലഭിക്കുന്ന ലിങ്കുകള്‍ തുറന്ന് ലോഗിന്‍ ചെയ്യരുത്. തട്ടിപ്പുകാര്‍ അയക്കുന്ന ലിങ്കുകള്‍ യഥാര്‍ഥ അബ്ശിര്‍ പ്ലാറ്റ്‌ഫോമിന്റേതാണെന്ന് തോന്നാമെങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ വ്യത്യാസമുണ്ടാകും. ഇത്തരം ലിങ്കുകള്‍ തുറന്ന് വ്യക്തിഗത സ്വകാര്യ വിവരങ്ങള്‍ ചേര്‍ക്കുന്നതോടെ അവ തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു.
വെബ് സൈറ്റ് സന്ദര്‍ശിക്കുന്നില്ലെങ്കില്‍ ഔദ്യോഗിക ആപ്ലിക്കേഷന്‍ സ്‌റ്റോറുകളിലെ ആപ്പുകള്‍ വഴി അബ്ശിര്‍ ഉപയോഗിക്കണമെന്നും പ്ലാറ്റ്‌ഫോം നിര്‍ദേശിക്കുന്നു. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പുകള്‍ വഴിയും ഉപയോക്താക്കള്‍ക്ക് പാസ്‌വേഡ് മാറ്റാന്‍ കഴിയും.
പ്രവാസികളെ സംബന്ധിച്ചിടത്തോളം എല്ലാ കാര്യങ്ങള്‍ക്കും ഇപ്പോള്‍ അബ്ശിര്‍ ഉപയോഗിക്കുന്നതിനാല്‍ അബ്ശിര്‍ പാസ് വേഡ് കൃത്യമായ ഇടവേളകളില്‍ മാറ്റുന്നത് ഉചിതമായിരിക്കും. ഊഹിച്ചാല്‍ കണ്ടുപിടിക്കാവുന്ന തരത്തിലുള്ള പാസ് വേഡുകള്‍ നല്‍കാതിരിക്കാനും ശ്രദ്ധിക്കണം. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും ഇ മെയിലിനും നല്‍കുന്ന അതേ പാസ് വേഡ് നല്‍കാനും പാടില്ല. ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് ലഭിക്കുന്ന ഒ.ടി.പി നല്‍കി വേണം പാസ് വേഡ് മാറ്റാന്‍.
അബ്ശിര്‍ അക്കൗണ്ടില്‍ കയറാന്‍ സാധിക്കുന്ന സൈബര്‍ തട്ടിപ്പുകാര്‍ക്ക് ഉപയോക്താക്കളുടെ വിശ്വാസം കൂടുതല്‍ ആര്‍ജിക്കാനും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒ.ടി.പി പോലും കരസ്ഥമാക്കാന്‍ കഴിയും.
അബ്ശിര്‍ അക്കൗണ്ടിലെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തില്‍നിന്നാണെന്ന് പറഞ്ഞ പല കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉപയോക്താക്കളുമായി ബന്ധപ്പെടാറുണ്ട്. എല്ലാ ഭാഷകളും സംസാരിക്കുന്ന ഏജന്റുമാരെ നിയോഗിച്ച് വളരെ വ്യവസ്ഥാപിതമായാണ് തട്ടിപ്പുകാരുടെ കാള്‍സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. രാവും പകലും ഇവര്‍ ഉപയോക്തക്കളുമായി ബന്ധപ്പെട്ടു കൊണ്ടേയിരിക്കുകയാണ്. പത്തുപേരെ വിളിച്ചാല്‍ ഒരാളെങ്കിലും കെണിയില്‍ വീഴുമെന്നതാണ് തട്ടിപ്പുകാരുടെ പ്രതീക്ഷ. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒ.ടി.പിയും ലഭിക്കുന്നതോടെ നിമിഷങ്ങള്‍ക്കകം പണം ട്രാന്‍സ്ഫര്‍ ചെയ്തു കഴിഞ്ഞിരിക്കും.
ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് സെന്‍സസ് വിവരങ്ങള്‍ പൂര്‍ത്തിയാക്കാനെന്ന വ്യാജേന വിളിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടത്തിയ സെന്‍സസിന്റെ ചില വിവരങ്ങള്‍ കൂടി ചേര്‍ക്കാനുണ്ടെന്നും എന്യൂമറേറ്റര്‍ക്ക് ഫഌ റ്റ് സന്ദര്‍ശിക്കണമെന്നുമാണ് അറിയിക്കുക. വന്നോളൂ എന്നു പറഞ്ഞാല്‍ അതിന് അപ്പോയിന്‍മെന്റ് ആവശ്യമാണെന്ന് പറയും. അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യുന്നതിന് ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നല്‍കാന്‍ ആവശ്യപ്പെടും. യഥാര്‍ഥത്തില്‍ അബ്ശിറിലെ പാസ് വേഡ് മാറ്റുന്നതിനുള്ള ഒ.ടി.പികളാണ് അപ്പോള്‍ ലഭിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് തന്നെയായിരിക്കും ഒ.ടി.പി ലഭിക്കുന്നത്. കാരണം അബ്ശിര്‍ സൈറ്റില്‍ കയറി ഐ.ഡി നമ്പര്‍ നല്‍കി പാസ് വേഡ് റീ സെറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുമ്പോഴാണ് ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് ഫോണിലേക്ക് ഒ.ടി.പി വരുന്നത്. ഇങ്ങനെ ഉപയോക്താവ് അറിയാതെ തന്നെ അബ്ശിര്‍ പസ്‌വേഡ് മാറ്റി കയറുന്ന തട്ടിപ്പുകാര്‍ അതിലെ വിവരങ്ങളെ അടിസ്ഥാനമാക്കി വ്യക്തികളുടെ കൂടുതല്‍ വിശ്വാസമാര്‍ജിക്കുന്നു. ഇതിനു പിന്നാലെ ഉപയോക്താവിനെ ആശങ്കയിലാക്കുന്ന ഏതെങ്കിലും കാര്യങ്ങള്‍ പറഞ്ഞ് ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ ചോദിക്കും.
സൗദി അറേബ്യയില്‍ രണ്ടില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ മൂന്നാമത്തെ അക്കൗണ്ടില്‍നിന്ന് പണം അയക്കുമ്പോള്‍ 15 ശതമാനം വാറ്റ് നല്‍കണമെന്ന് പറയുന്നത് ഒരു ഉദാഹരണമാണ്. ഒന്നില്‍ കൂടുതല്‍ അക്കൗണ്ടില്ല എന്നു മറുപടി നല്‍കിയാല്‍ വെരിഫൈ ചെയ്യാമെന്ന് പറഞ്ഞ് അക്കൗണ്ട് നമ്പര്‍ ചോദിക്കും. അക്കൗണ്ടില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുക എന്നതാണ് തട്ടിപ്പുകാരുടെ ആത്യന്തിക ലക്ഷ്യമെന്ന കാര്യവും മറക്കാതിരിക്കുക.