കൊച്ചി - പ്രണയത്തിന്റെ പേരില്‍ താന്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് നടിയും മുന്‍ ബിഗ് ബോസ് താരവുമായ സുചിത്ര നായര്‍. മലൈകോട്ടെ വാലിബനില്‍ അഭിനയിച്ച ശേഷം ഒരു മൂവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ചും ഇപ്പോള്‍ അത് ബ്രേക്ക് അപ് ആയതിനെക്കുറിച്ചും സുചിത്ര പറയുന്നത്.
' സിനിമയിലേക്ക് വരുമ്പോള്‍ ആദ്യകാലത്ത് മാതാപിതാക്കള്‍ക്ക് ആശങ്ക ഉണ്ടായിരുന്നു.പക്ഷേ അതൊക്കെ മാറി. എല്ലാവരേയും അമിതമായി വിശ്വസിക്കുന്ന ആളായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല ഞാന്‍. സൗഹൃദത്തിന്റെ സര്‍ക്കിളൊക്കെ മാറി. എന്റെ എല്ലാ കാര്യങ്ങളും എല്ലാവരുമായി ഞാന്‍ ഷെയര്‍ ചെയ്യാറില്ല. ലൈഫില്‍ ഒരു ബ്രേക്കപ്പ് ഉണ്ടായി. ബ്രേക്കപ്പിന് ശേഷമുള്ള മൂവിങ്ങിലാണ്. ആരോടും എനിക്ക് എന്തെങ്കിലും ചെയ്യാന്‍ അനുവാദം തേടേണ്ടതില്ല. ആരെയെങ്കിലും സ്‌നേഹിക്കുമ്പോള്‍ എവിടെ തിരിയാനും അവരുടെ അനുവാദം വേണം. പ്രത്യേകിച്ച് ഈ ഫീല്‍ഡില്‍ തുടരാന്‍. ഒരു ഡ്രസ് ഇടാന്‍ പോലും ആളുകളുടെ അനുവാദം വാങ്ങുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. എന്തൊക്കെയോ തെറ്റിധാരണകളുടെ പേരില്‍ ഞങ്ങള്‍ പിരിഞ്ഞു. അതിന് ശേഷമാണ് ഞാന്‍ മനസിലാക്കിയത് ഞാന്‍ ഒരു കൂട്ടിലാണല്ലോ എന്ന്. സാരി ഉടുക്കണമെങ്കില്‍ പോലും ഉടുക്കരുത് വേണ്ട, ഞാനൊരു നോട്ടബിള്‍ വ്യക്തിയാകും എന്ന് വരെയൊക്കെ കേട്ടു. എന്റെ ഇഷ്ടങ്ങളെയൊക്കെ മാറ്റി വെച്ചിട്ടാണ് ജീവിച്ചത്. അതൊക്കെ ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നുണ്ട്. ചെറിയ ലൈഫാണ്, മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി നമ്മുടെ ഇഷ്ടങ്ങളെ മാറ്റി വെയ്ക്കുമ്പോള്‍ നമ്മള്‍ നമ്മളോട് കാണിക്കുന്ന തെറ്റാണത്. അതില്‍ നിന്ന് മാറി നില്‍ക്കുമ്പോഴാണ് ഇപ്പോള്‍ മനസിലാക്കുന്നത് എന്തൊക്കെ ഞാന്‍ ഉപേക്ഷിച്ചെന്ന്. സംസാരിക്കാന്‍ പോലും കഴിയാതിരുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളുടെ പേരില്‍ പോലും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെയൊരു കാലഘട്ടം ഉണ്ടായിട്ടുണ്ട്. ആ കൂട് പൊട്ടിച്ച് പുറത്തുവന്നു. ഇപ്പോള്‍ എനിക്കൊപ്പം എന്റെ മാതാപിതാക്കളും സഹോദരനുമുണ്ട്. എന്നെ മനസിലാക്കുന്ന കുറച്ച് നല്ല സുഹൃത്തുക്കളും. വിവാഹം കഴിക്കും. എന്തായാലും ഉടനെയില്ല. ആദ്യമൊക്കെ വേണ്ടാന്ന് വെച്ചിരുന്നു. പക്ഷേ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുണ്ട്. കുറച്ച് സിനിമകള്‍ ചെയ്യണമെന്നുണ്ട്. എന്നെ മനസിലാക്കുന്ന, എന്നെ അറിയുന്ന, എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യാന്‍ പറ്റുന്നൊരാള് എന്റെ ലൈഫിലേക്ക് വരികയാണെങ്കില്‍ മാത്രം വിവാഹത്തെ കുറിച്ച് ചിന്തിക്കാം - സുചിത്ര പറയുന്നു.