ബെര്‍ലിന്‍- തീവ്ര വലതുപക്ഷ വാദികളുമായി ചേര്‍ന്ന് എ. എഫ്. ഡി പാര്‍ട്ടി കൂട്ട നാടുകടത്തല്‍ പദ്ധതികള്‍ ചര്‍ച്ച ചെയ്തതിനെതിരെ ജര്‍മനിയില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. ഫ്രാങ്ക്ഫര്‍ട്ട്, വടക്കന്‍ നഗരമായ ഹാനോവര്‍ല കാസെല്‍, എര്‍ഫര്‍ട്ട്, ബ്രോണ്‍ഷൈ്വയ്ഗ് തുടങ്ങിയ നഗരങ്ങളിലും ചെറു പട്ടണങ്ങളിലും പ്രതിഷേധ പ്രകടനം അരങ്ങേറി. 'നാസികള്‍ പുറത്ത്' എന്ന് എഴുതിയ പോസ്റ്ററുകളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.
രാഷ്ട്രീയ- മതനേതാക്കളും പ്രതിഷേധിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചതോടെ എ. എഫ്. ഡി പാര്‍ട്ടി വ്യാപകമായ വിമര്‍ശനമാണ് നേരിടുന്നത്. പാര്‍ട്ടിയിലെ അംഗങ്ങള്‍ നവ നാസികളുമായും മറ്റ് തീവ്രവാദികളുമായും യോഗങ്ങളില്‍ പങ്കെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് ശേഷം എ. എഫ്. ഡിക്കെതിരെ ഒരാഴ്ചയിലേറെയായി പ്രതിഷേധവും ജനങ്ങളുടെ ഒത്തുകൂടലും നടക്കുന്നുണ്ട്.
കുടിയേറ്റക്കാര്‍, അഭയം തേടി എത്തുന്നവര്‍, ജര്‍മ്മന്‍ സമൂഹവുമായി ഒത്തുപോകുന്നതില്‍ പരാജയപ്പെട്ടെന്ന് കരുതുന്ന വിദേശ പൗരന്മാരായ ജര്‍മ്മന്‍ വംശജര്‍ തുടങ്ങിയവരെ കൂട്ടമായി നാടുകടത്തുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജര്‍മ്മന്‍ നഗരമായ പോട്‌സ്ഡാമിലാണ് വിവാദമായ കൂടിക്കാഴ്ച നടന്നത്. ഗൂഢാലോചന സിദ്ധാന്തത്തിന് പിന്തുണ നല്‍കുന്ന ഓസ്ട്രിയയുടെ ഐഡന്റിറ്റേറിയന്‍ പ്രസ്ഥാനത്തിന്റെ നേതാവായ മാര്‍ട്ടിന്‍ സെല്‍നറും യോഗത്തില്‍ പങ്കെടുത്തു. യൂറോപ്പിലെ 'സ്വദേശി' വെള്ളക്കാരെ മാറ്റിസ്ഥാപിക്കാന്‍ വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാര്‍ ഗൂഢാലോചന നടത്തിയെന്നാണ് ഗൂഢാലോചന സിദ്ധാന്തം അവകാശപ്പെടുന്നത്.
ജര്‍മ്മന്‍ ചാസലര്‍ ഒലാഫ് ഷോള്‍സ് തന്നെ തീവ്രവലതുപക്ഷത്തിനെതിരായ ഒരു പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. കുടിയേറ്റക്കാരെയും പൗരന്മാരെയും പുറത്താക്കാനുള്ള പദ്ധതികള്‍ ജനാധിപത്യത്തിനെതിരെയും ഓരോ ജര്‍മന്‍കാരനെതിരെയുമുള്ള ആക്രമണമാണെന്ന് പറഞ്ഞു. ജര്‍മ്മനിയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അദ്ദേഹം എല്ലാവരോടും അഭ്യര്‍ഥിച്ചു.
ജര്‍മ്മന്‍ ജനത നടത്തുന്ന പ്രതിഷേധത്തെ പ്രതിപക്ഷ പാര്‍ട്ടികളും സ്വാഗതം ചെയ്തു.