ബെംഗളൂരു - ബി.ജെ.പിയുടെ രാമനെയല്ല, ഗാന്ധിജിയുടെ രാമനെയാണ് ഞങ്ങൾ ആരാധിക്കുന്നതെന്ന് കോൺഗ്രസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ എസ് സിദ്ധരാമയ്യ പറഞ്ഞു. രാമനെ സീതയിൽനിന്നും ലക്ഷ്മണനിൽനിന്നും വേർപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
ലക്ഷ്മണനും സീതയുമില്ലാതെ രാമനില്ല, രാമൻ സർവ്വ വ്യാപിയാണ്, അയോധ്യയിൽ മാത്രം ഒതുങ്ങുന്നില്ല. അദ്ദേഹത്തിന്റെ സാന്നിധ്യം ഗ്രാമത്തിലെ ശ്രീരാമക്ഷേത്രം വരെ വ്യാപിക്കുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. മഹാദേവപുര ജില്ലയിൽ രാമന്റെയും സീതയുടെയും ഹനുമാന്റേയും പ്രതിമകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാമൻ എല്ലാവരുടെയും ദൈവമാണ്. അദ്ദേഹം ബി.ജെ.പിയുടെ ദൈവമല്ല. ഞങ്ങളും രാമന്റെ ശിഷ്യരും ഭക്തരുമാണ്. ഒരു ദിവസം ഞാൻ അയോധ്യ സന്ദർശിക്കും. ബി.ജെ.പി ഞങ്ങളെയെല്ലാം ശ്രീരാമനെതിരാണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നു. അത് ശരിയല്ല. ഞങ്ങൾ ശ്രീരാമനെതിരല്ലെന്നും അദ്ദേഹം ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ വ്യക്തമാക്കി.
ബി.ജെ.പി രാഷ്ട്രീയം കളിക്കാൻ വിശ്വാസത്തെ തെറ്റായി ഉപയോഗിക്കുന്നതിനെയാണ് എതിർക്കുന്നത്. രാജ്യത്തെ മതനിരപേക്ഷത തകർക്കാൻ ഒരാളെയും അനുവദിക്കുന്ന പ്രശ്നമില്ല. വിശ്വാസമുള്ളവർക്ക് അവരവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാം. മതവിശ്വാസമില്ലാത്തവർക്ക് അവരുടെ ഇഷ്ടപ്രകാരവും ജീവിക്കാം. ഒന്നും ആരിലും അടിച്ചേൽപ്പിക്കാനാവില്ല. മതനിരേപക്ഷതയാണ് രാജ്യത്തിന്റെ ആത്മാവെന്നും മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് രാഷ്ട്രീയ മുതലെടുപ്പിന് ആരു ശ്രമിച്ചാലും തുറന്നെതിർക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.