ന്യൂഡൽഹി - പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരുമയുടെ വെളിച്ചം കെടുത്തിയ കുറ്റവാളിയാണെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി. ബാബരി മസ്ജിദ് തതകർത്തിടത്ത് രാമക്ഷേത്ര പ്രതിഷ്ഠ നടത്തിയതിന്റെ പശ്ചാത്തലത്തിൽ ഫേസ് ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശം.
ക്ഷേത്രം വൈകിയതിന് രാമനോട് ക്ഷമാപണം നടത്തിയ പ്രധാനമന്ത്രി നീതി വൈകിപ്പിച്ചതിന് മണിപ്പൂരിലെ സ്ത്രീകളോട് മാപ്പ് പറയുമോയെന്നും രാമൻ സഹിഷ്ണുതയും സമഭാവനയും ആണെന്ന് പറഞ്ഞ മോഡി രാമന്റെ പേരിൽ ബാബരി മസ്ജിദ് പൊളിച്ചതിന് വിശ്വാസികളോട് മാപ്പ് പറയുമോയെന്നും അദ്ദേഹം ചോദിച്ചു.
അയോധ്യയിൽ 'പ്രാണപ്രതിഷ്ഠ' പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ, രാമക്ഷേത്രം സാധ്യമാക്കിയത് ഇന്ത്യൻ ജുഡീഷ്യറിയാണെന്നും നീതിന്യായ വ്യവസ്ഥക്ക് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചിരുന്നു. 'ഭരണഘടന നിലവിൽ വന്നതിന് ശേഷവും, രാമന്റെ അസ്തിത്വത്തെച്ചൊല്ലി പതിറ്റാണ്ടുകളായി ഒരു നിയമയുദ്ധം നടന്നു. നീതി നടപ്പാക്കുകയും രാമക്ഷേത്രം നിയമപരമായി നിർമിക്കാൻ അവസരമൊരുക്കുകയും ചെയ്ത ജുഡീഷ്യറിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. 2024 ജനുവരി 22 എന്നത് കേവലം ഒരു തിയ്യതിയല്ല. അത് ഒരു പുതിയ യുഗത്തിന്റെ ആവിർഭാവത്തെ അടയാളപ്പെടുത്തുന്നു. ഞങ്ങളുടെ തപസ്സിൽ കുറവുകൾ ഉണ്ടായിരുന്നതിനാലാണ് ഞങ്ങൾക്ക് ക്ഷേത്രം പൂർത്തിയാക്കാൻ കഴിയാതിരുന്നത്. ആ കാലതാമസം തരണം ചെയ്തുവെന്നും കാലതാമസം വന്നതിന് ഞാൻ ശ്രീരാമനോട് മാപ്പ് ചോദിക്കുന്നുവെന്നുമാണ് മോഡി കുറിച്ചത്.
ബിനോയ് വിശ്വത്തിന്റെ എഫ്.ബി കുറിപ്പ് ഇങ്ങനെ:
ക്ഷേത്രം വൈകിയതിന് രാമനോട് ക്ഷമാപണം ചെയ്ത പ്രധാനമന്ത്രി നീതി വൈകിപ്പിച്ചതിന് മണിപ്പൂരിലെ സ്ത്രീകളോട് മാപ്പ് പറയുമോ? രാമൻ സഹിഷ്ണുതയും സമഭാവനയും ആണെന്ന് പറഞ്ഞ മോഡി രാമന്റെ പേരിൽ ബാബരി മസ്ജിദ് പൊളിച്ചതിന് വിശ്വാസികളോട് മാപ്പ് പറയുമോ? ഒരുമയുടെ വെളിച്ചം കെടുത്തിയ കുറ്റവാളിയാണ് അദ്ദേഹം.