ടൂറിസം സംരംഭകർക്ക് മികച്ച അവസരവുമായി ക്യാമ്പറിന്റെ 'സിപോഡ്‌സ്' ഗ്ലാമ്പിങ് ടെന്റുകൾ. പരിസ്ഥിതിക്ക് ആഘാതമില്ലാതെ ടൂറിസം സാധ്യതകളുള്ള ഏതു സ്ഥലത്തും വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഗ്ലാമ്പിങ് ടെന്റുകൾ കൊണ്ട് ഒരു റിസോർട്ട് നിർമിക്കാൻ കഴിയും. ആഡംബര സൗകര്യങ്ങളോടെയുള്ള ക്യാമ്പിങ് ടെന്റുകളാണ് സിപോഡ്‌സ്. സ്റ്റാർട്ടപ്പ് കമ്പനിയായ ക്യാമ്പർ ആണ് നൂതനാശയവുമായി രംഗത്തെത്തിയിരിക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെയും കെഎസ്‌ഐഡിസിയുടെയും സഹായത്തോടെയാണ് ഈ ഉൽപ്പന്നം പുറത്തിറക്കിയിട്ടുള്ളത്. ഗ്ലാമറസ് ക്യാമ്പിങ് എന്ന ഗ്ലാമ്പിങിനു വേണ്ട എല്ലാ സഹായങ്ങളും സിപോഡ്‌സിലൂടെ കമ്പനി നൽകും.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വനങ്ങളിലും നദിയോരങ്ങളിലും ബീച്ചുകളിലുമെല്ലാം എല്ലാവിധ സൗകര്യങ്ങളുമുള്ള ക്യാമ്പിങ് ടെന്റുകൾ എളുപ്പത്തിൽ ഒരുക്കാനാകും. ടെറസുകളിലും മലനിരകളിലും കാരവൻ പാർക്കിങ് സ്ഥലങ്ങളിലും ഫാം ഹൗസുകളിലുമെല്ലാം സിപോഡ്‌സ് ഉപയോഗിച്ച് ഗ്ലാമ്പിങ് ടെന്റുകൾ ഒരുക്കാം. കേരളത്തിന്റെ ഭൂപ്രകൃതിക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഗ്ലാമ്പിങ് സൗകര്യം ഒരുക്കി നൽകുന്നത്.
300 ചതുരശ്ര അടി വിസ്തീർണമുള്ള സിപോഡ്‌സ് യൂനിറ്റിൽ ഒരു ബെഡ് റൂം, സിറ്റ്-ഔട്ട് കം ഡൈനിംഗ് സ്പെയ്സ്, ശുചിമുറി, ലഗേജ് റൂം എന്നിവയാണ് ഉൾപ്പെടുന്നത്. ഗ്ലാമ്പിങ് ടെന്റുകൾ 15 വർഷം വരെ കേടുകൂടാതെ നിലനിൽക്കും. ടൂറിസം സംരംഭകർക്കിത് വലിയ അവസരമാണ് തുറന്നിടുന്നതെന്ന് ക്യാമ്പർ സിഇഒ പ്രബിൽ എം.ജെ പറയുന്നു. ചെറിയ മുതൽ മുടക്കിൽ ഉയർന്ന വരുമാനം നേടാൻ ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.