ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ റെക്കോർഡ് പ്രകടനങ്ങൾക്ക് ശേഷം വിൽപ്പനക്കാരുടെ പിടിയിൽ. ഡിസംബർ മുതൽ ശക്തമായ പിൻതുണ നൽകിയ വിദേശ ധനകാര്യസ്ഥാപനങ്ങൾ കഴിഞ്ഞവാരം രണ്ടാം പകുതിയിൽ ചുവട് മാറ്റി. പതിവിൽ നിന്നും വ്യത്യസ്തമായി പ്രവർത്തി ദിനങ്ങൾ അഞ്ചിൽ നിന്നും ആറിലേയ്ക്ക് പെടുന്നനെ ഉയർത്തിയതും വിൽപ്പനക്കാർക്ക് അനുകൂലമായി. ബോംബെ സെൻസെക്‌സ് 1144 പോയിന്റം നിഫ്റ്റി സൂചിക 322 പോയിന്റും തളർന്നു.
നിഫ്റ്റി 21,894 ൽ നിന്നും കഴിഞ്ഞ ലക്കം വ്യക്തമാക്കിയ 22,055 ലെ പ്രതിരോധം തകർത്ത് ഏക്കാലത്തെയും ഉയർന്ന നിലവാരമായ 21,123 പോയിന്റ വരെ സൂചിക കയറി. എന്നാൽ രണ്ടാം പ്രതിരോധമായ 22,216 ലേയ്ക്ക് അടുക്കാൻ വിപണിക്കായില്ല. ഇതിനിടയിൽ വിദേശ ഓപ്പറേറ്റർമാർ വിൽപ്പന ശക്തമാക്കിയത് തിരിച്ചടിയായി.
അതേ സമയം 21,605 ലെ സപ്പോർട്ട് തകർന്നത് പുതിയ വാങ്ങലുകൾക്കുള്ള അവസരമാക്കി ഓപ്പറേറ്റർമാർ. മുൻ വാരം സൂചന നൽകിയതാണ് 21,605 ലെ താങ്ങ് നഷ്ടപ്പെട്ടാൽ പുതിയ വാങ്ങലുകൾക്ക് അവസരം ഒരുക്കുമെന്ന്. നിഫ്റ്റി 21,285 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 21,571 ൽ ക്ലോസ് ചെയ്തു. ബുൾ ഇടപാടുകാർ പിടിമുറുക്കിയാൽ സൂചിക 22,034 ലേയ്ക്ക് ഉയരാം, അതേ സമയം വീണ്ടും വിൽപ്പന സമ്മർദ്ദമുണ്ടായാൽ 21,202 20,833 ലേയ്ക്ക് സാങ്കേതിക പരീക്ഷണം നടത്താം. സൂപ്പർ ട്രൻറ്, പാരാബോളിക്ക് എസ് ഏ ആർ എന്നിവ വാരാവസാനം സെല്ലിങ് മൂഡിലേയ്ക്ക് തിരിഞ്ഞു. എം ഏ സി ഡി ബുള്ളിഷെങ്കിലും റിവേഴ്‌സ് റാലിക്ക് ശ്രമിക്കുമെന്ന കഴിഞ്ഞ ലക്കം സൂചിപ്പിച്ചത് ശരിവെക്കുന്ന പ്രകടനമാണ് ദൃശ്യമായത്.
നിഫ്റ്റി ജനുവരി ഫ്യൂച്ചേഴ്‌സ് 21,947 ൽ നിന്നും 21,604 ലേയ്ക്ക് തളർന്നു. ഇതിനിടയിൽ ഓപ്പൺ ഇന്ററസ്റ്റ് 138.5 ലക്ഷം കരാറിൽ നിന്നും വാരാന്ത്യം 155 കരാറിലേയ്ക്ക് കുതിച്ചു. സൂചികയിലെ തകർച്ചയ്ക്ക് ഇടയിൽ വിപണിലേയ്ക്ക് കരടി കൂട്ടങ്ങൾ പ്രവേശിച്ചതായി വണം അനുമാനിക്കാൻ. അതായത് പുട്ട് ഓപ്ഷനുകളെ അപേക്ഷിച്ച് കൂടുതൽ കോൾ ഓപ്ഷനുകൾ ഓപ്പറേറ്റർമാർ വിറ്റിരിക്കാം. ഫ്യൂച്ചർ ചാർട്ട് നൽക്കുന്ന സൂചനകൾ വിലയിരുത്തയാൽ സൂചിക 21,500 21,140 ലേയ്ക്ക് തളരാം.
തിങ്കളാഴ്ച്ച അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ പ്രമാണിച്ച് ഇന്ത്യൻ വിപണിക്ക് അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച്ചയാണ് ജനുവരി സീരീസ് സെറ്റിൽമെൻറ്റ്, അതിന് മുൻപ് മൂന്ന് പ്രവർത്തി ദിനങ്ങൾ മാത്രം. റിപ്പബ്ലളിക്ക് ദിനം പ്രമാണിച്ച് വെള്ളിയാഴ്ച്ചയും വിപണിക്ക് അവധിയാണ്.
സെൻസെക്‌സ് 72,568 ൽ നിന്നും 73,000 ലെ പ്രതിരോധം മറികടന്ന് റെക്കോർഡായ 73,410 വരെ കയറി. ഈ അവസരത്തിൽ ഫണ്ടുകൾ ലാഭമെടുപ്പിന് ഇറങ്ങിയത് പിന്നീട് വിൽപ്പന സമ്മർദ്ദമായതോടെ സൂചിക 70,665 വരെ ഇടിഞ്ഞു. വാരാന്ത്യ ക്ലോസിങ് സെൻസെക്‌സ് 71,423 ലാണ്. ഈവാരം 70,255 69,087 ൽ താങ്ങും 72,991 ൽ പ്രതിരോധവുമുണ്ട്.
എൽ ഐ സി ഓഹരി വില എക്കാലത്തെയും ഉയർന്ന നിരക്കായ 948 രൂപയിലെത്തി. എച്ച് ഡി എഫ് സി ബാങ്ക് ഓഹരി വില പത്ത് ശതമാനത്തിന് അടുത്ത് ഇടിഞ്ഞ് 1478 രൂപയായി. ഇൻഡസ് ബാങ്ക് എട്ട് ശതമാനം കുറഞ്ഞ് 1534 രൂപയായി. എസ് ബി ഐ, ആക്‌സിസ് ബാങ്ക്, എച്ച് യു എൽ, ടാറ്റാ സ്റ്റീൽ, ആർ ഐ എൽ തുടങ്ങിയവയ്ക്കും തിരിച്ചടി നേരിട്ടു. എച്ച് സി എൽ ടെക്, ഇൻഫോസീസ്, ടെക് മഹീന്ദ്ര, വിപ്രോ, എയർടെൽ, സൺ ഫാർമ്മ, എൽ ആന്റ് റ്റി, ടാറ്റാ മോട്ടേഴ്‌സ്, മാരുതി, എം ആന്റ് എം തുടങ്ങിയവയിൽ വാങ്ങൽ താൽപര്യം ദൃശ്യമായി.
വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 82.92 ൽ നിന്നും 82.77 വരെ മികവ് കാണിച്ച ശേഷം 83.15 ലേയക്ക് ദുർബലമായെങ്കിലും വ്യാപാരാന്ത്യം 83.07 ലാണ്. വിദേശ നാണയ കരുതൽ ശേഖരം ഉയർന്നു. കരുതൽ ധനം ജനുവരി 12 ന് അവസാനിച്ച വാരം 1.634 ബില്യൺ ഡോളർ ഉയർന്ന് 618.937 ബില്യൺ ഡോളറായെന്ന് റിസർവ് ബാങ്ക്.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 12,621 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതിനിടയിൽ 1909 കോടിയുടെ വിൽപ്പനയും നടത്തി. വിദേശ ഫണ്ടുകൾ 1743 കോടി നിക്ഷേപിച്ചു, ഇതിനിടയിൽ അവർ 24,716 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഈ വർഷം ആദ്യ മൂന്നാഴ്ച്ചാൾ പിന്നിടുമ്പോൾ വിദേശ ഫണ്ടുകൾ മൊത്തം 49,113 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. വിദേശ ഫണ്ടുകൾ ഇന്ത്യയിൽ മാത്രമല്ല, ഹോങ്ങ്‌കോങ്, ദക്ഷിണ കൊറിയ, തായ് വാനിലും വിൽപ്പനക്കാരാണ്.