ഉത്തരേന്ത്യ അതിശൈത്യത്തിലായതിനാൽ ചുക്കിന് അപ്രതീക്ഷിത ഡിമാന്റ്. കാലാവസ്ഥ വ്യതിയാനം മൂലം ജനുവരി രണ്ടാം പകുതിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യം ശക്തമായത് ചുക്ക് വിപണിക്ക് പുതുജീവൻ പകർന്നു. പ്രതികൂല കാലാവസ്ഥ സാംക്രമിക രോഗങ്ങൾ പടർത്തുന്നത് തടയാൻ ചുക്കിലേയ്ക്ക് വടക്കെ ഇന്ത്യക്കാർ കാണിച്ച താൽപര്യം ഇടപാടുകളുടെ വ്യാപ്തി വർധിപ്പിച്ചു. തണുപ്പ് ശക്തമായതോടെ മഹാരാഷ്ട്ര ചുക്കിലാണ് ആവശ്യക്കാർ ആദ്യ അഭയം പ്രാപിച്ചത്. അധികം വൈകിയില്ല, കർണാടകത്തിലേക്കും കേരളത്തിലേക്കും ആവശ്യകാരെത്തി. വാങ്ങലുകാർ കോതമംഗലം, പാലക്കാട് ഭാഗങ്ങളിൽ ഇറങ്ങിയും ചുക്ക് സംഭരിച്ചു. ഉൽപാദന മേഖലയിൽ മികച്ചയിനങ്ങൾ വാങ്ങി. ടെർമിനൽ മാർക്കറ്റിൽ 340-360 രൂപയിലാണ് വിവിധയിനങ്ങളുടെ ഇടപാടുകൾ നടക്കുന്നത്. കയറ്റുമതി ഓർഡറുകൾ ചുക്കിനുള്ളതിനാൽ ആഭ്യന്തര ഡിമാന്റ് ശക്തമായാൽ വാങ്ങൽ താൽപര്യം ഇരട്ടിക്കാം. ഗുജറാത്തിൽ നിന്നുള്ള വാങ്ങലുകാർ വലിപ്പം കൂടിയിനം ചുക്ക് സർവകാല റെക്കോർഡ് വിലയായ 425 രൂപയ്ക്ക് ശേഖരിച്ചു.
ഹൈറേഞ്ചിൽ കുരുമുളക് വിളവെടുപ്പിന് തുടക്കം കുറിച്ചതോടെ അന്തർസംസ്ഥാന ഇടപാടുകാർ വില കുറക്കാൻ ശ്രമം തുടങ്ങി. കൊച്ചിയിൽ പിന്നിട്ടവാരം കുരുമുളക് വില ക്വിൻറ്റലിന് 500 രൂപ ഇടിഞ്ഞു. മാസാവസാനത്തിൽ പുതിയ ചരക്ക് വരവ് ഉയരുമെന്ന നിഗമനത്തിലാണ് വ്യാപാരികൾ. എന്നാൽ തിരക്കിട്ട് മുളക് വിൽപ്പന നടത്തില്ലെന്ന നിലപാടിലാണ് വൻകിട കർഷകർ. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 60,500 രൂപ.
വിവിധ ഉൽപാദന രാജ്യങ്ങളിലും കുരുമുളക് ലഭ്യത ചുരുങ്ങിയത് ഇറക്കുമതി ലോബിയെ അസ്വസ്ഥതാക്കുന്നു. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 7400 ഡോളർ. ഇന്തോനേഷ്യ 4300 ഡോളറും ബ്രസീൽ 3850 ഡോറും വിയെറ്റ്‌നാം 3950 ഡോളറും കുരുമുളകിന് ആവശ്യപ്പെട്ടു.
ആഭ്യന്തര വാങ്ങലുകാരും കയറ്റുമതി സമൂഹവും ആവേശത്തോടെയാണ് ഏലക്ക ലേല കേന്ദ്രങ്ങളെ സമീപിക്കുന്നത്. വിളവെടുപ്പ് അവസാന റൗണ്ടിലേയ്ക്ക് നീങ്ങും മുന്നേ പരമാവധി ഏലക്ക കരുതൽ ശേഖരത്തിൽ എത്തിക്കാനുള്ള നീക്കത്തിലാണ് മധ്യവർത്തികൾ. മാർച്ചിന് ശേഷം കാർഷിക മേഖലയിൽ നിന്നുള്ള ചരക്ക് വരവ് ചുരുങ്ങുന്നതോടെ വില പുതിയ ഉയരങ്ങളിലേയ്ക്ക് നീങ്ങാം. വാരാന്ത്യം മികച്ചയിനങ്ങൾ കിലോ 2600 രൂപയിലാണ്.
ടയർ വ്യവസായികൾ വില ഉയർത്തി റബർ ശേഖരിച്ചു. വിപണികളിൽ വരവ് കുറഞ്ഞതും വിദേശത്ത് വിലക്കയറ്റം അനുഭവപ്പെട്ടതും മുന്നേറ്റത്തിന് അവസരം ഒരുക്കി. നാലാം ഗ്രേഡ് 15,800 രൂപയിൽ നിന്നും 16,100 രൂപയായി. അഞ്ചാം ഗ്രേഡ് 15,500 ൽ നിന്നും 15,800 രൂപയായി. കനത്ത പകൽ ചൂട് മൂലം റബർ മരങ്ങളിൽ ഇലപൊഴിച്ചിൽ വ്യാപകമാണ്.പ്രദേശിക വിപണികളിൽ വെളിച്ചെണ്ണ വിൽപ്പന മന്ദഗതിയിലാണ്. കൊച്ചിയിൽ എണ്ണ ക്വിൻറ്റലിന് 14,000 രൂപയിലും കൊപ്ര 8900 രൂപയിലുമാണ്. ആഭരണ വിപണികളിൽ സ്വർണ വില കയറി ഇറങ്ങി. പവൻ 46,400 രൂപയിൽ നിന്നും 45,920 ലേയ്ക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 46,240 ലേയ്ക്ക് ഉയർന്നു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 2029 ഡോളർ.