ന്യൂദല്‍ഹി-പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യം നക്സലിസത്തില്‍ നിന്ന് മുക്തി നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിലെ തേജ്പൂരില്‍ സശാസ്ത്ര സീമ ബാലിന്റെ 60-ാമത് സ്ഥാപകദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യം നക്സലിസത്തില്‍ നിന്ന് പൂര്‍ണമായി മുക്തി നേടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'- ഷാ പറഞ്ഞു. നക്സലിസത്തിനെതിരായ പോരാട്ടത്തില്‍ എസ്എസ്ബിയുടെ ധീരതയെ അഭിനന്ദിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി, സിആര്‍പിഎഫിനും ബിഎസ്എഫിനും ഒപ്പം നക്സല്‍ പ്രസ്ഥാനത്തെ തുടച്ചുനീക്കാന്‍ എസ്എസ്ബിക്ക് കഴിഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു.
നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കുന്നതിനൊപ്പം ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നക്സലൈറ്റുകള്‍ക്കെതിരെ എസ്എസ്ബി പോരാടിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ നക്സല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവലോകനം ചെയ്യുമ്പോഴെല്ലാം നിങ്ങളുടെ ധീരതയെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്-ഷാ പറഞ്ഞു. ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കെതിരെ പോരാടി നിരവധി എസ്എസ്ബി പ്രവര്‍ത്തകരാണ് ജീവന് വെടിഞ്ഞിട്ടുള്ളത്. എസ്എസ്ബിയുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ സ്റ്റാമ്പുകള്‍ ഈ അവസരത്തില്‍ കേന്ദ്രം പുറത്തിറക്കിയതായും അദ്ദേഹം വ്യക്തമാക്കി.