കൊല്ലം-സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. തന്റെ മകള്‍ ഭാഗ്യ വിവാഹ ദിനത്തില്‍ അണിഞ്ഞ ആഭരണങ്ങളെല്ലാം തങ്ങളുടെ സമ്മാനമാണെന്നും അതെല്ലാം ജി.എസ്.ടി അടക്കം അടച്ചു വാങ്ങിയതാണെന്നും സുരേഷ് ഗോപി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
'സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതവും വിദ്വേഷജനകവുമായ വിവരങ്ങളുടെ വെളിച്ചത്തില്‍, ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങള്‍ അവളുടെ മാതാപിതാക്കളുടേയും മുത്തശ്ശിയുടേയും സമ്മാനങ്ങളാണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജിഎസ്ടിയും മറ്റെല്ലാ നികുതികളും ഉള്‍പ്പെടെയുള്ള ബില്ലുകള്‍ കൃത്യമായി അടച്ചാണ് ആഭരണങ്ങള്‍ വാങ്ങിയത്. ഡിസൈനര്‍മാര്‍ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു, ഒരാഭരണം ഭീമയില്‍ നിന്നുള്ളതായിരുന്നു. ദയവായി ഇത് നിര്‍ത്തൂ, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകര്‍ക്കരുത്. ഈ എളിയ ആത്മാവ് ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും പരിപാലിക്കാനും പ്രാപ്തനാണ്,' സുരേഷ് ഗോപി കുറിച്ചു.ജനുവരി 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും വന്‍ താരനിരയുടെയും സാന്നിധ്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം. ഇരുവര്‍ക്കുമുള്ള വിവാഹഹാരം നല്‍കിയതും നരേന്ദ്ര മോഡിയാണ്.