പൂനെ - ട്രെയിൻ വരുന്നതിനിടെ റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ് ഫോമിൽനിന്നുള്ള മൂന്നു വയസ്സുകാരൻ പാളത്തിലേക്ക് വീണു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയായ യുവതിയും തലകുത്തി പാളത്തിൽ വീണപ്പോൾ അത്ഭുദ രക്ഷയായത് എമർജൻസി ബട്ടൻ. പൂനെയിലെ സിവിൽ കോർട്ട് മെട്രോ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിലാണ് സംഭവം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
റെയിൽവേ ട്രാക്കിലേക്കു വീണ കുഞ്ഞിനെയും അമ്മയെയും രക്ഷിക്കാനുള്ള യാത്രക്കാരുടെ ശ്രമത്തിനിടെ വികാസ് ബംഗാർ എന്ന റെയിൽവേയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ഓടി എമർജൻസി ബട്ടൻ അമർത്തുകയായിരുന്നു. ഇതോടെ മെട്രോ സ്റ്റേഷനിലേക്ക് കുതിച്ചോടിയ ട്രെയിൻ 30 മീറ്റർ അകലെ നിർത്തി കൺമുമ്പിൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ഒപ്പം എതിർദിശയിൽനിന്ന് വന്ന ട്രെയിനും മീറ്ററുകൾ അകലെ നിർത്തി.
പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമമാധ്യമങ്ങളിൽ വൈറലാണ്. പ്ലാറ്റ്‌ഫോമിലൂടെ ഓടുന്ന കുട്ടി ട്രാക്കിലേക്ക് തെന്നി വീഴുന്നതും രക്ഷാശ്രമങ്ങളുമെല്ലാം വീഡിയോയിലുണ്ട്. അമ്മയ്ക്കും കുഞ്ഞിനും നിസാര പരുക്കുകളുണ്ടെങ്കിലും വൻ അപകടത്തിൽനിന്ന് രണ്ട് വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് എല്ലാവരും.
കൺമുമ്പിലുള്ള വൻ അപകടം ഒഴിവായതിൽ ആശ്വാസമുണ്ടെന്ന് മെട്രോ അധികൃതർ അറിയിച്ചു. കൊച്ചു കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. സുരക്ഷ ജീവനക്കാരന്റെ ഇടപെടലിലാണ് അപകടം ഒഴിവായതെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും മെട്രോ റെയിൽ അധികൃതർ വ്യക്തമാക്കി.