മനഃശാസ്ത്രത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ ബിരുദം. കൗൺസലിംഗിന്റെ തിരക്കുകൾക്കിടയിലും പക്ഷേ നബീലയുടെ ഭാവന ചിറകടിക്കുന്നു. വർണ സുരഭിലമാണ് ജിദ്ദ പ്രവാസിയായ നബീല അബുബക്കറുടെ ജീവിതം. മറുനാടൻ ദിനരാത്രങ്ങൾക്ക് നിറക്കൂട്ടുകളുടെ സിംഫണി. ഡ്രോയിംഗിലും പെയിന്റിംഗിലും ഇതിനകം തന്റെ സിദ്ധി തെളിയിച്ചിട്ടുള്ള നബീല ജിദ്ദയിലെ സൗദി ഫൈനാർട്‌സ് ആർട്‌സ് എക്‌സിബിഷനിൽ തന്റെ പെയിന്റിംഗുകൾ പ്രദർശിപ്പിച്ച് പ്രശംസ നേടിയിട്ടുണ്ട്.
തന്റെ കലാസിദ്ധിയെ സദാ പ്രോൽസാഹിപ്പിക്കുന്ന ഭർത്താവും കുട്ടികളും തന്നെയാണ് കലാസൃഷ്ടികളുടെ ആദ്യത്തെ ആസ്വാദകരെന്ന് പറയുന്ന നബീല ബ്രഷും പാലറ്റും കൈകളില്ലാത്ത നേരത്ത് കഥയെഴുത്തിലും കവിതയെഴുത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കവിതാരചനയിലും കഥാരചനയിലും നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഭർത്താവ് പർവീസ് അബ്ദു, മെപ്‌കോ കമ്പനിയിലെ ഐ.ടി ഇൻഫ്രാസ്ട്രക്ചർ മേധാവിയായി സേവനമനുഷ്ഠിക്കുന്നു. പരേതനായ മുഹമ്മദ് അബൂബക്കറുടേയും ഫൗസിയയുടേയും മകളാണ് നബീല. നബീലയുടെ സഹോദരനും സഹോദരിയും ദുബായിലാണ്. എഴുത്തിലും വായനയിലും അതീവ താൽപര്യമുള്ള നബീല ആർട്‌സ് ക്ലാസുകളുമെടുക്കുന്നു. ചിത്രമെഴുത്തിൽ പരിശീലനം നൽകി വരുന്നു. പെയിന്റിംഗ് സങ്കേതത്തിലെ പുതിയ ട്രെന്റുകൾ സ്വായത്തമാക്കിയുള്ള നബീലയുടെ രചനകൾക്ക് ഡിജിറ്റൽ ലോകത്തും നിരവധി ആസ്വാദകരുണ്ട്. പർവീസ് - നബീല ദമ്പതികൾക്ക് ആറു മക്കൾ - ഒരു ആൺകുട്ടിയും അഞ്ചു പെൺകുട്ടികളും.