പാചകവും കൃഷിയും യാത്രയും സാമൂഹിക പ്രവർത്തനവും സംരംഭകത്വവുമൊക്കെ പാഷനായി കൊണ്ടുനടക്കുന്ന ഒരു ഫാർമസിസ്റ്റ്. ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായ ഷഹാന ഇല്യാസ് എന്ന മലയാളി താരത്തെ ഒറ്റ വാചകത്തിൽ ഇങ്ങനെ പരിചയപ്പെടുത്താം. ഇടുക്കി ജില്ലയിൽ തൊടുപുഴക്കടുത്ത് അടിമാലി സ്വദേശിനിയായ ഇവർ മലബാറിന്റെ മരുമകളായി കോഴിക്കോട്ടെത്തുകയും ഗൾഫിലെ ശ്രദ്ധേയ കൂട്ടായ്മയായ മലബാർ അടുക്കള എന്ന പാചക ഗ്രൂപ്പിന്റെ അഡ്മിൻ സ്ഥാനത്ത് എത്തുകയും ചെയ്തത് പാചക കലയിലും ബേക്കിംഗ് രംഗത്തുമുള്ള അവരുടെ അഭിനിവേശം കൊണ്ടാണ്.
അടിമാലിയിൽ ബിസിനസുകാരനായ ഇല്യാസിന്റേയും ഹാജറയുടേയും സീമന്ത പുത്രിയായാണ് ഷഹാന ജനിച്ചത്. കുടുംബത്തിലെ പാചക റാണിയായിരുന്ന ഉമ്മച്ചിയിൽ നിന്ന് തന്നെയാണ് പാചക വിദ്യകൾ പഠിച്ചത്. വൈകുന്നേരങ്ങളിലും വിശേഷാവസരങ്ങളിലുമൊക്കെ പല തരത്തിലുമുള്ള വിഭവങ്ങളും ഉമ്മച്ചി ഉണ്ടാക്കുമായിരുന്നു. അവയൊക്കെ ഭക്ഷിക്കുന്നതോടൊപ്പം അവ ഉണ്ടാക്കുന്നതിനെ കുറിച്ചും ഈ കൊച്ചുമിടുക്കി ശ്രദ്ധിച്ചു.
മരുന്നുകളുടെ ലോകം ഷഹാനക്ക് എന്നും കൗതുകമുള്ളതായിരുന്നു. അതുകൊണ്ട് തന്നെ പ്രൊഫഷൻ മെഡിക്കൽ ഫീൽഡാക്കണമെന്ന് ചെറുപ്പത്തിലേ തീരുമാനിച്ചുറച്ചിരുന്നു. അങ്ങനെയാണ് കോട്ടയം സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ ബി. ഫാമിന് ചേർന്നത്. പഠനം പൂർത്തിയാക്കി പ്രിയതമനോടൊപ്പം ഗൾഫിലെത്തിയ ഷഹാന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി സാമൂഹ്യ സാംസ്‌കാരിക വ്യാവസായിക മേഖലകളിൽ തന്റെ കൈ യൊപ്പ് ചാർത്തുകയായിരുന്നു. നിലവിൽ ഐ.വൈ.സി ഇന്റർനാഷണൽ ഖത്തർ ചാപ്റ്ററിന്റെ ചെയർപേഴ്സണും ചാലിയാർ ദോഹ വനിത വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയും ഖത്തർ ഇന്ത്യൻ ഫാർമസിസ്റ്റ് ഫോറത്തിന്റെ വൈസ് പ്രസിഡന്റുമാണ്.
ഷഹനയെ വിവാഹം ചെയ്തിരിക്കുന്നത് കോഴിക്കോട് ചെറുവാടി സ്വദേശി അബ്ദുൽ അസീസ് പുറയിൽ ആണ്. ഖത്തറിലെ സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യം ആണ് ഈ ദമ്പതികൾ. വിവാഹ ശേഷം ഭർത്താവിനൊപ്പം പ്രവാസ ജീവിതം തുടങ്ങിയപ്പോഴാണ് പാചകത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങിയത്. ഒഴിവ് സമയങ്ങളിൽ വ്യത്യസ്തമായ വിഭവങ്ങൾ പരീക്ഷിക്കാൻ തുടങ്ങി.
പരീക്ഷണങ്ങൾ വിജയിക്കാൻ തുടങ്ങിയപ്പോൾ ഈ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പരമ്പരാഗത കേരള, മലബാർ വിഭവങ്ങളോടൊപ്പം വിദേശ രുചികളും തന്റെ അടുക്കളയിൽ വിജയകരമായി ചെയ്യാൻ കഴിഞ്ഞപ്പോൾ പാചകം ശരിക്കും ആസ്വദിക്കാൻ തുടങ്ങി.
പാചകത്തിൽ മിടുക്കി ആയിരുന്ന ഉമ്മച്ചി ആയിരുന്നു ഇതിനുള്ള പ്രചോദനം എന്ന് ഷഹാന പറയുന്നു..'മുമ്പൊക്കെ മാഗസിനുകളിലും പത്രത്താളുകളിലും ഒക്കെ കാണുന്ന പുതിയ പുതിയ റെസിപികൾ എല്ലാം പരീക്ഷിക്കുന്ന ആള് ആയിരുന്നു ഉമ്മച്ചി. ബേക്കറികളിൽ നിന്ന് പലഹാരങ്ങൾ വാങ്ങാതെ പലതരം വിഭവങ്ങളും സ്വന്തമായി ഉണ്ടാക്കി സൂക്ഷിക്കുമായിരുന്നു. കേക്കുകൾ അത്രക്ക് പരിചിതം ആവുന്ന സമയത്തിന് മുന്നേ പല രീതികളിൽ കേക്കുകൾ ഉണ്ടാക്കി വിജയിപ്പിച്ചിട്ടുണ്ട് ഉമ്മച്ചി'..
ഉമ്മച്ചിയിൽ നിന്ന് തന്നെയാണ് ബേക്കിംഗിനോടുള്ള ഇഷ്ടം കിട്ടിയത്. 10 വർഷത്തോളമായി വ്യത്യസ്തവും മനോഹരവുമായ കേക്കുകൾ തയാറാക്കുന്ന ഷഹാന 15 കിലോ തൂക്കം വരെയുള്ള ജയന്റ് കേക്കുകൾ വരെ വിവിധ പ്രോഗാമുകൾക്ക് വേണ്ടി ചെയ്തിട്ടുണ്ട്.
പാചകത്തോടുള്ള ഇഷ്ടം തന്നെയാണ് ഷഹാനയെ മലബാർ അടുക്കള ഗ്രൂപ്പിലേക്ക് അടുപ്പിച്ചത്. ഷഹാനയുടെ നേതൃത്വത്തിൽ ഖത്തറിൽ മലബാർ അടുക്കള ടീം മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. പാചക മത്സരങ്ങളും ഫുഡ് ഫെസ്റ്റിവലുകളും തുടങ്ങി, സ്റ്റേജ് ഷോകൾ വരെ വിജയകരമായി നടത്താൻ മലബാർ അടുക്കളയുടെ ഖത്തർ ടീമിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഖത്തറിലെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറഞ്ഞ സാന്നിധ്യമാണ് മലബാർ അടുക്കള.
ഷഹാനയുടെ നേതൃത്വത്തിൽ ബേക്കിംഗ് ക്ലാസുകളും ഖത്തർ മലബാർ അടുക്കള സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യക്കാരായ നാന്നൂറിൽപരം ആളുകൾക്ക് ഇവരുടെ ക്ലാസുകളിൽ പരിശീലനം ലഭിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രശസ്ത വനിത മാഗസിനുകൾക്ക് വേണ്ടിയും പാചക മാഗസിനുകൾക്ക് വേണ്ടിയും ദിനപത്രങ്ങൾക്ക് വേണ്ടിയും പാചകക്കുറിപ്പുകൾ ചെയ്യാൻ ഷഹാനക്ക് അവസരം ലഭിച്ചിട്ടുണ്ട്. വിവിധ ചാനലുകളിൽ കുക്കറി ഷോകളും ചെയ്തിട്ടുണ്ട്. ഖത്തറിൽ നടക്കുന്ന മിക്ക പാചക മത്സരങ്ങളുടെയും ബേക്കിംഗ് മത്സരങ്ങളുടെയും ഒരു സ്ഥിരം വിധികർത്താവായ ഷഹാന മലബാർ അടുക്കള പുറത്തിറക്കുന്ന മാഗസിന്റെ എഡിറ്റർ കൂടിയാണ്.
പാചകവും ബേക്കിംഗും കഴിഞ്ഞാൽ കൃഷി ആണ് ഷഹാനയുടെ ഇഷ്ട മേഖല. പൂക്കളോടും പച്ചപ്പിനോടും അടങ്ങാത്ത ആവേശമാണ് ഷഹാനക്ക്. അതുകൊണ്ട് തന്നെ പ്രവാസ ലോകത്ത് പച്ചപ്പും പൂക്കളുടെ പരിമളവും പരത്തുവാനാണ് ഷഹാന പരിശ്രമിക്കുന്നത്. ഖത്തറിലെ ഇവരുടെ വീട്ടുമുറ്റത്ത് പൂച്ചെടികളും പച്ചക്കറികളും ഹരിതാഭ തീർക്കുന്നു. പലയിനം നാടൻ പച്ചക്കറികൾ കൂടാതെ, ശൈത്യകാല പച്ചക്കറികളും ശമ്മാം, സ്ട്രോബെറി തുടങ്ങിയ പഴങ്ങളും ഷഹാന കൃഷി ചെയ്യുന്നുണ്ട്. ഇരുപതിലേറെ വിവിധ ഇനം തക്കാളികളാണ് ഇവരുടെ അടുക്കളത്തോട്ടത്തിലെ മുഖ്യ ആകർഷണം. മികച്ച കർഷകക്ക് ഖത്തറിലെ പല സംഘടനകളും ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ ഇവരെ തേടി എത്തിയിട്ടുണ്ട്.
ഫുഡ് ഫോട്ടോഗ്രഫിയാണ് ആണ് മറ്റൊരു ഇഷ്ട മേഖല. സ്വന്തം പാചകക്കുറിപ്പുകളും ഫോട്ടോകളും ആയി ാ്യമേേെലറശമൃ്യ.രീാ എന്ന പേരിൽ സ്വന്തമായി ഒരു പാചകവെബ് സൈറ്റ് ഷഹാനക്കുണ്ട്. ഭർത്താവിനും സഹോദരനും ഒപ്പം ചാർലറ്റ് ബേക്കിംഗ് സൊല്യൂഷൻസ് എന്ന പേരിൽ ബേക്കിംഗിന് ആവശ്യമായ ചേരുവകളും ഉപകരണങ്ങളും മറ്റുമായി ഖത്തറിൽ ഒരു ഷോപ്പ് തുടങ്ങിയാണ് ഷഹാന സംരംഭകത്വ മേഖലയിലെ തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയത്. താമസിയാതെ തന്നെ സ്വന്തമായി ഒരു ഫാർമസി ആരംഭിക്കാനൊരുങ്ങുകയാണ് ഷഹാന.
ഷഹാന, അബ്ദുൽ അസീസ് ദമ്പതികൾക്ക് മൂന്ന് മക്കളാണ് . പത്താം ക്ലാസുകാരി ഇസ്സ സഫ്രീനും, ഏഴാം ക്ലാസുകാരൻ ഖലഫ് സമാനും, നാലാം ക്ലാസുകാരൻ മിഷാൽ റമദാനും. ഇസ്സയും പാചക രംഗത്ത് വരവ് അറിയിച്ചിട്ടുണ്ട്. അഞ്ചാം വയസ്സ് മുതൽ സ്വന്തം പേജിലും യൂട്യൂബിലും പാചക വീഡിയോകൾ ചെയ്യാൻ തുടങ്ങിയ ഇസ്സക്ക് ടി.വി ചാനലിലും അവസരം ലഭിച്ചിട്ടുണ്ട്. യാത്രകളാണ് ഈ കുടുംബത്തിന്റെ മറ്റൊരു പാഷൻ..യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഈ കുടുംബം ഇതിനകം പതിനഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ച് കഴിഞ്ഞു.
യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകളെ സംഘടിപ്പിച്ച് ഷഹാന രൂപീകരിച്ച ഫ്ളൈയിംഗ് ഫെതേഴ്സ് എന്ന വനിത കൂട്ടായ്മ ഇന്ന് ഖത്തറിലെ ചർച്ചാവിഷയമാണ്. ഇവരുടെ നേതൃത്വത്തിൽ അടുത്തിടെ ഖത്തറിൽ നിന്ന് 24 സ്ത്രീകൾ മാത്രമായി നടത്തിയ തുർക്കി യാത്ര അവിസ്മരണീയമായിരുന്നു. സ്ത്രീകൾ മാത്രമായി യാത്ര പോകാൻ ആഗ്രഹിച്ച് ഒരുപാട് പേര് അന്വേഷിച്ചു വരുന്നത് കൊണ്ട് തന്നെ ധാരാളം ലേഡീസ് ഓൺലി യാത്രകളുമായി വരുംമാസങ്ങളിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് ഫ്ളൈയിങ് ഫെതേഴ്സ് ടീം.