ന്യൂഡൽഹി - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം പുനഃസ്ഥാപിച്ചത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരനായ അഭിഭാഷകൻ അശോക് പാണ്ഡെയ്‌ക്കെതിരേ കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി. കോടതിയുടെ സമയം കളയുന്ന അനാവശ്യ ഹർജിയെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി.
ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മെഹ്ത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അപകീർത്തി കേസിലെ സൂറത്ത് കോടതിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് രാഹുൽ ഗാന്ധിക്ക് എം.പി സ്ഥാനം പുനഃസ്ഥാപിച്ചത്. ഇതിനെ ചോദ്യംചെയ്തായിരുന്നു അശോക് പാണ്ഡെയുടെ ഹരജി.