ന്യൂദല്‍ഹി - പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയെ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിപ്പിച്ചു. ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് ദല്‍ഹിയിലെ ബംഗ്ലാവ് ഒഴിയാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിനെതിരെ മഹുവ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. ഇതേത്തുടര്‍ന്നാണ് പാര്‍ലമെന്റ് ്എസ്റ്റേറ്റ് ഡയറക്ടറേറ്റ് നടപടിയെടുത്തത്. എസ്റ്റേറ്റ് ഡയറക്ടറേറ്റിന്റെ ഒരു സ്‌ക്വാഡ് രാവിലെ മഹുവ മൊയ്ത്രയുടെ സര്‍ക്കാര്‍ ബംഗ്ലാവില്‍ എത്തി. ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ വസതിക്ക് സമീപം കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് ജനുവരി ഏഴിനകം വസതി ഒഴിയണമെന്ന് എസ്റ്റേറ്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. മഹുവ ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിച്ച് പുറത്താക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.