സിം കാര്‍ഡും നെറ്റുമില്ലാതെ മൊബൈലില്‍ വീഡിയോ; 19 നഗരങ്ങളില്‍ പരീക്ഷണം

ന്യൂദല്‍ഹി- ഇന്ത്യയില്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്ക്  സിം കാര്‍ഡോ ഇന്റര്‍നെറ്റ് കണക്്ഷനോ ഇല്ലാതെ വീഡിയോകള്‍ കാണാന്‍ ഉടന്‍ തന്നെ അവസരമൊരുങ്ങുമെന്ന് റിപ്പോര്‍ട്ട്. ഡയറക്ട് ടുമൊബൈല്‍ ബ്രോഡ്കാസ്റ്റിംഗ് യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്.
പുതിയ ടെക്‌നോളജിക്കായി 470-582 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം നീക്കിവെക്കുമെന്നും സ്വദേശത്തുതന്നെ വികസിപ്പിച്ച ഡയറക്റ്റ് ടുമൊബൈല്‍ (ഡി2എം) സാങ്കേതികവിദ്യയുടെ പരീക്ഷണങ്ങള്‍ 19 നഗരങ്ങളില്‍ ഉടന്‍ തന്നെ നടക്കുമെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു. ബ്രോഡ്കാസ്റ്റിംഗ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
5 ജി ശൃംഖല വരുന്നതോടെ രാജ്യത്തെ വീഡിയോ ട്രാഫിക്കിന്റെ 25-30 ശതമാനം ഡി2എമ്മിലേക്ക് മാറുമെന്നും ഇത് രാജ്യത്തെ ഡിജിറ്റല്‍ വിപ്ലവത്തെ ത്വരിതപ്പെടുത്തുമെന്നും ഉള്ളടക്ക ഡെലിവറി കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടുമെന്നും  അദ്ദാഹം പറഞ്ഞു.
 ബംഗളൂരു, കര്‍ത്തവ്യ പാത, നോയിഡ എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഡി2എം സാങ്കേതികവിദ്യയുടെ പരീക്ഷണ പദ്ധതികള്‍  നടപ്പാക്കിയിരുന്നു.
രാജ്യത്ത് ഇനിയും ടിവിയില്ലാത്ത 8-9 കോടി വീടുകളിലേക്ക് വീഡിയോകള്‍ എത്താന്‍ ഡി2എം സാങ്കേതികവിദ്യ സഹായിക്കുമെന്ന് ചന്ദ്ര പറഞ്ഞു. രാജ്യത്തെ 280 ദശലക്ഷം കുടുംബങ്ങളില്‍ 190 ദശലക്ഷം വീടുകളില്‍ മാത്രമാണ് ടെലിവിഷന്‍ സെറ്റുകളുള്ളത്.
രാജ്യത്ത് 80 കോടി സ്മാര്‍ട്ട്‌ഫോണുകളുണ്ടെന്നും ഉപയോക്താക്കള്‍ ആക്‌സസ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ 69 ശതമാനവും വീഡിയോ ഫോര്‍മാറ്റിലാണെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോയുടെ അമിതമായ ഉപയോഗമാണ് മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ തടസ്സപ്പെടുന്നതിനും ബഫര്‍ ചെയ്യപ്പെടുന്നതിനും കാരണമാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സാംഖ്യ ലാബ്‌സും കാണ്‍പൂര്‍ ഐഐടിയുമാണ് ഡി2എം ബ്രോഡ്കാസ്റ്റിംഗ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഭൂതല ടെലികമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളും പബ്ലിക് ബ്രോഡ്കാസ്റ്റര്‍ സ്‌പെക്ട്രവും ഉപയോഗിച്ചാണ് വീഡിയോ, ഓഡിയോ, ഡാറ്റ സിഗ്‌നലുകള്‍ നേരിട്ട് അനുയോജ്യമായ മൊബൈല്‍, സ്മാര്‍ട്ട് ഉപകരണങ്ങളിലേക്ക് കൈമാറുക.
പുതിയ സാങ്കേതിക വിദ്യ നൂറു കോടിയലധികം മൊബൈല്‍ ഉപകരണങ്ങളിലേക്ക് എത്താന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.  ഡാറ്റാ ട്രാന്‍സ്മിഷനിലും ആക്‌സസിലും ചെലവ് കുറക്കാനും നെറ്റ്‌വര്‍ക്ക് കാര്യക്ഷത മെച്ചപ്പെടുത്താനും രാജ്യവ്യാപകമായി ഒരു എമര്‍ജന്‍സി അലേര്‍ട്ട് സിസ്റ്റം സ്ഥാപിക്കാനും പുതിയ സാങ്കേതിക വിദ്യയിലൂടെ കഴിയും.

ഈ വാർത്ത കൂടി വായിക്കുക

പ്രവാസി യുവാവിനും പെണ്‍സുഹൃത്തിനും നേരെ സദാചാര അക്രമണം;രണ്ടുപേര്‍ പിടിയില്‍

 

Latest News