ന്യൂഡല്‍ഹി- മൂടല്‍ മഞ്ഞ് കനത്തതോടെ ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡല്‍ഹിക്കു പുറമേ പഞ്ചാബിലും ഹരിയാനയിലും ബുധനാഴ്ച റെഡ് അലേര്‍ട്ടും വ്യാഴാഴ്ച ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
വിമാനത്താവളങ്ങള്‍, റെയില്‍വേ, ഹൈവേകള്‍ എന്നിവയേയും മൂടല്‍ മഞ്ഞ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍, വടക്കന്‍ രാജസ്ഥാന്, വടക്കന്‍ മധ്യപ്രദേശ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മൂടല്‍മഞ്ഞ് വ്യോമ- റെയില്‍- റോഡ് ഗതാഗതങ്ങളെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന്റെ ഭാഗമായാണ് യാത്രക്കാരുടെ പ്രതിസന്ധി മറികടക്കാന്‍ വിമാനത്താവളങ്ങളില്‍ 'വാര് റൂമുകള്‍' സജ്ജീകരിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങളിലാണ് യാത്രക്കാരുടെ പ്രശ്ന പരിഹാരത്തിന് വാര് റൂമുകള്‍ സ്ഥാപിക്കുക.