ന്യൂഡൽഹി - പ്രധാനമന്ത്രി നരേന്ദ്ര മോഡി രാമക്ഷേത്ര പ്രതിഷ്ഠ രാഷ്ട്രീയവത്കരിച്ചുവെന്നാരോപിച്ച് ഹിന്ദുമത വിശ്വാസികളെ ആകർഷിക്കാനായി രാമായാണ പാരായണവുമായി ആം ആദ്മി പാർട്ടി രംഗത്ത്. രാമായണ പാരായാണവുമായി ഇന്നു മുതൽ ഏഴു ദിവസത്തെ ക്യാമ്പയിനാണ് പാർട്ടി ഭരിക്കുന്ന ഡൽഹിയിൽ ആം ആദ്മി പാർട്ടി തുടക്കമിട്ടത്.
ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലും മുനിസിപ്പൽ വാർഡുകളിലും സുന്ദരകാണ്ഡ പാരായണം നടത്തിയതായി ആപ് നേതാക്കൾ പ്രതികരിച്ചു. സംസ്ഥാനത്തെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ രാമായണ പാരായണത്തിൽ പങ്കെടുത്തതായും നേതാക്കൾ പ്രതികരിച്ചു. ഏകദേശം 2,600 സ്ഥലങ്ങളിൽ സുന്ദർ കാന്ദ് പാതയും ഹനുമാൻ ചാലിസ പരിപാടികളും നടക്കുമെന്ന് ചിരാഗ് ഡില്ലി ഏരിയയിൽ സംഘടിപ്പിച്ച രാമായാണ പാരായണത്തിൽ പങ്കെടുത്ത മന്ത്രിയും ആപ് നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.
അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തിടത്ത് നിർമിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ജനുവരി 22-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുക. ക്ഷേത്രത്തിന്റെ നിർമാണപ്രവൃത്തികൾ 2025-ലാണ് പൂർത്തിയാവുകയെങ്കിലും വരാനിരിക്കുന്ന പാർല്ലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നിർമാണം പൂർത്തിയാകും മുമ്പേ മോഡി പ്രതിഷ്ഠാദിനം ഉദ്ഘാടനം ചെയ്യുന്നതെന്നാണ് ആരോപണം.