പ്രേം നസീറിന്ന് മട്ടാഞ്ചേരി നൽകിയ സ്വീകരണത്തെ കുറിച്ചും സ്മരണികയുടെ എഡിറ്ററെന്ന നിലയിൽ പ്രേം നസീറിനെ ഇന്റർവ്യൂ നടത്തിയതിനെ കുറിച്ചും പ്രശസ് മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി അനുസ്മരിക്കുന്നു.
ഞാൻ ആദ്യമായി പ്രേം നസീർ എന്ന സിനിമാതാരത്തെ കാണുന്നത് തിരുരങ്ങാടിയിൽ നടന്ന മാപ്പിള സാഹിത്യ സെമിനാറിനാണ്. കലാപരിപാടികൾ ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു. തിങ്ങിനിറഞ്ഞ സദസ്സിനെ അദ്ദേഹം അഭിവാദ്യം ചെയ്തു: അസ്സലാമു അലൈക്കും.
പാളിപ്പടർന്ന ഒരു പരിഹാസച്ചിരിയായിരുന്നു പ്രത്യഭിവാദ്യം.
അതദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചുവെന്ന് തോന്നി. ആ നൊമ്പരരോഷം വാക്കുകളിൽ പ്രകടമായിരുന്നു: ഞാൻ സലാം ചൊല്ലിയപ്പോൾ നിങ്ങൾ ചിരിച്ചു കളഞ്ഞു. ഞാനൊരു കലാകാരനായതുകൊണ്ടാണൊ ? പകരം കള്ളക്കടത്തുകാരനൊ കരിഞ്ചന്തക്കാരനൊ ആയിരുന്നെങ്കിൽ സലാം മടക്കുമായിരുന്നില്ലെ? പെട്ടെന്നവിടെ പ്രശാന്തമായ ഒരു നിശ്ശബ്ദത പകർന്നു.
ഏതാനും വർഷം കഴിഞ്ഞു.
1972. മുന്നൂറ് ചിത്രങ്ങളിൽ അഭിനയിച്ച പ്രേം നസീറിന് ഗിന്നസ് പുരസ്ക്കാരം എന്ന വാർത്ത കേട്ട പാടെ കൊച്ചിയിലെ കുറെ യുവാക്കൾ അദ്ദേഹത്തിന് ഒരു ഗംഭീര സ്വീകരണം നൽകാനും അതോടൊപ്പം ഒരു സ്മരണിക പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചു. സ്മരണികയുടെ എഡിറ്ററായി എന്നെ ചുമതലപ്പെടുത്തി. എനിക്കന്ന് സിനിമാലോകവുമായി യാതൊരു ബന്ധവുമില്ല. അതിനെന്ത് വഴി ?
സുഹൃത്ത് സി.കെ.രവീന്ദ്രൻ നടനും തിരക്കഥാകൃത്തുമായ എൻ.ഗോവിന്ദൻകുട്ടിയെ പരിചയപ്പെടുത്തിതന്നു. അദ്ദേഹം പറഞ്ഞു: നസീർ സാർ, അടുത്താഴ്ച ഉദയാ സ്റ്റുഡിയോയിൽ വരുന്നുണ്ട്. അവിടെ വാ. വന്നാൽ കാണാം.
അങ്ങനെയാണ് ഞാനും ഗോപി എന്ന സുഹൃത്തും കൂടി ഉദയായിൽ പോയത്. കുഞ്ചാക്കൊ ഉള്ള കാലമാണ്.
ഗസ്റ്റ് ഹൗസിൽ ഞങ്ങൾ മാന്യമായി സ്വീകരിക്കപ്പെട്ടു.
നിത്യഹരിതനായകന്റെ സാന്നിധ്യം തന്നെ ഊർജ്ജദായകമായിരുന്നു. സ്മരണികയ്ക്ക് വേണ്ടി ഒരു ദീർഘസംഭാഷണം അനുവദിക്കണമെന്ന് ഞാൻ അഭ്യർത്ഥിച്ചു. ചെന്നൈയിൽ ചെന്നാൽ സമയമുണ്ടാക്കാം എന്നദ്ദേഹം പറഞ്ഞു.
ചെന്നൈയിലെ നസീർ സാറിന്റെ വീട്ടിൽ ടെറസ്സിലിരുന്ന് ഒരു നീണ്ട പകൽ മുഴുവൻ ഞങ്ങൾ രണ്ടു പേരും സംസാരിച്ചു. മൊബൈലില്ലാത്ത കാലമാണ്. ടെലഫോൺ റിസീവർ മാറ്റി വെച്ചു. അന്ന് എതിരില്ലാത്ത നടനായിരുന്നിട്ടും ആ ദിവസത്തെ കാൾ ഷീറ്റെല്ലാം ഒഴിവാക്കി. ഇടയ്ക്കിടെ കുഴലപ്പവും അവലോസുണ്ടയും വരും . നസീർ സാർ പറയും: ഇതൊക്കെ ചാക്കോച്ചൻ(കുഞ്ചാക്കൊ)
കൊടുത്തയക്കുന്നതാ.
അന്ന് പ്രാതലും ഉച്ചയൂണുമൊക്കെ ഞങ്ങൾക്ക് വിളമ്പിത്തന്നത് അദ്ദേഹത്തിന്റെ ബീവി തന്നെയാണ്.
ഒരു ദിവസം ഇരുന്നിട്ടും സംഭാഷണം തീർന്നില്ല. ഇനി കാൾ ഷീറ്റ് കട്ടാക്കാനൊക്കത്തില്ല. നാളെ മുതൽ മി. ജമാൽ എന്റെ കൂടെ വരൂ. യാത്രയ്ക്കിടയിലും സെറ്റിൽ ചെന്നാലും സംസാരിക്കാം.
രണ്ടു ദിവസം അദ്ദേഹത്തെ അനുയാത്ര ചെയ്താണ് സ്മരണിക പൂർത്തിയാക്കിയത്. ചെങ്കൽപേട്ട വരെ ഞങ്ങൾ സഞ്ചരിച്ചു. ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട ഒരു പാട് പേരെഴുതിയ മികച്ച പ്രസിദ്ധീകരണമായിരുന്നു അത്.
അതിന്റെ പ്രകാശനത്തിനും സ്വീകരണത്തിനുമൊക്കെയായി കെ.എം.കെ. അബ്ദുല്ല, ഉമ്മൻ കോശി, പി.എ ഹംസക്കോയ തുടങ്ങിയവരടങ്ങുന്ന
വിപുലമായ ഒരു സ്വാഗതസംഘം
സജീവമായി പ്രവർത്തിച്ചിരുന്നു..സിനിമാ ലോകവുമായി ബന്ധപ്പെടാൻ സഹായിച്ചത് ഗോവിന്ദൻകുട്ടിയും കെ.പി.ഉമ്മറും.
മട്ടാഞ്ചേരി ടൗൺഹാളിൽ നടന്ന സ്വീകരണ സമ്മേളനം താരനിബിഡമായിരുന്നു. വെല്ലിംഗ്ടൺ ഐലണ്ടിൽ നിന്ന് മട്ടാഞ്ചേരി വരെ അനേക കാറുകളുടെ അകമ്പടിയോടെയാണ് നിത്യ ഹരിതനായകൻ സഞ്ചരിച്ചത് .നസീർ സാറിന്റെ ആദ്യ ചിത്രമായ മരുമകളുടെ നിർമ്മാതാവ് പോൾ കല്ലിങ്കലിനെ പൊന്നാടയണിയിച്ചു. മഹാകവി ജി.ശങ്കരക്കുറുപ്പാണ് സ്മരണിക പ്രകാശനം ചെയ്തത്.
നസീർസാറിന്റെ ജീവിതത്തിൽ അത്തരമൊരു സ്വീകരണം കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് വേണ്ടി വന്നു.
പിന്നെയും ഏതാനും വർഷം കഴിഞ്ഞു. പി.എ.ബക്കർ സംവിധാനം ചെയ്ത ചാരം സിനിമയ്ക്ക് നസീർ സാറിന്റെ കാൾ ഷീറ്റ് വേണം. ബോംബെ റെഡ് സ്ത്രീറ്റിൽ നഷ്ടപ്പെട്ട മകളെ തേടി നടക്കുന്ന പിതാവിന്റെ വേഷമാണ്. നസീറിന്റെ മുഖം സ്ത്രൈണമാണെന്നും മറ്റും ബക്കർ വിമർശിച്ചു നടന്ന കാലം. അദ്ദേഹത്തെ അഭിമുഖീകരിക്കാൻ സംവിധായകന്ന് പ്രയാസം.
നിർമ്മാതാവിന് വേണ്ടി ഖാദർ വക്കീൽ പറഞ്ഞു: ജമാൽ പറഞ്ഞാൽ നസീർ ഡേറ്റ് തരും.
അങ്ങനെ ഒരിക്കൽക്കൂടി ചെന്നൈയിലേക്ക് വണ്ടി കയറി.
വിഷയം അവതരിപ്പിച്ചപ്പോൾ ചോദിച്ചു:
എന്നെ അഫോഡ് ചെയ്യാൻ നിങ്ങൾക്കാവുമോ?
അന്ന് മോളിവുഡിൽ ജ്വലിച്ചു നിന്ന സൂര്യനായിരുന്നു പ്രേം നസീർ
എങ്കിലും കുറഞ്ഞ പ്രതിഫലത്തിൽ നസീർ സാർ ചാരത്തിൽ അഭിനയിച്ചു.
പിന്നീട് ബന്ധപ്പെടാനായിട്ടില്ല മുപ്പത്തഞ്ചു വർഷം മുൻപ് മരണ വാർത്ത കേൾക്കും വരെ.
ഈ വാർത്തകൾ കൂടി വായിക്കുക
കാലതാമസവും റദ്ദാക്കലും; എന്തൊക്കെയാണ് വിമാന യാത്രക്കാരുടെ അവകാശങ്ങള്‍
സ്മൃതി ഇറാനിയുടെ മദീന സന്ദര്‍ശനം; പ്രചരിക്കുന്നത് വ്യാജ വീഡിയോ