ലണ്ടന്‍- ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുടെ നരേന്ദ്ര മോഡി സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ചൈനക്കാര്‍ ഇപ്പോഴും ഹിമാചല്‍ പ്രദേശിലെ അതിര്‍ത്തി മേഖലയായ ദോക്ലാമില്‍ ഉണ്ടെന്നും സൂക്ഷിച്ചിരുന്നെങ്കില്‍ മോഡിക്ക് ഇതു തടയാമായിരുന്നെന്നും രാഹുല്‍ പറഞ്ഞു. യുറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി ലണ്ടനിലെത്തിയ രാഹുല്‍ മാധ്യമങ്ങളുമായും അക്കാദമിക് വിദഗ്ധരുമായും സംവദിക്കുകയായിരുന്നു. ദോക്ലാം തര്‍ക്കം ഒറ്റപ്പെട്ട സംഭവമല്ല. തുടര്‍ച്ചയായുള്ള നീക്കങ്ങളുടെ ഭാഗമാണ്. ഇതൊരു പ്രക്രിയയായിരുന്നു. പ്രധാനമന്ത്രിയുടേത് വാചകമടിയാണ്. അദ്ദേഹം ദോക്ലാമിനെ കാണുന്നത് ഒറ്റ സംഭവമായിട്ടാണ്. എന്നാല്‍ ശ്രദ്ധാപൂര്‍വം ഈ പ്രക്രിയ അദ്ദേഹം നിരീക്ഷിച്ചിരുന്നെങ്കില്‍ ഈ കടന്നു കയറ്റം തടയാമായിരുന്നു- രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ മാറ്റമുണ്ടാകുമെന്നും ഇത് ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളെ കൂടുതല്‍ പ്രോത്സാഹിക്കുന്ന സമീപനമായിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വന്‍ തൊഴില്‍ നഷ്ടങ്ങള്‍ക്കിടയാക്കുന്ന തരത്തില്‍ മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയം വന്‍കിട കമ്പനികള്‍ക്ക് വന്‍തോതില്‍ സാമ്പത്തിക പിന്തുണ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും വന്‍കിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് ചെറുകിട, ഇടത്തരം വ്യവസായ മേഖലയെ വികസിപ്പിക്കുന്നതിലായിരിക്കണം- ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ പറഞ്ഞു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോഡി സര്‍ക്കാരിന്റെ പരജായം രാഹുല്‍ എടുത്തു പറഞ്ഞു. വന്‍കിട വ്യവസയാങ്ങളില്‍ നിന്നും മോഡിയുടെ ശ്രദ്ധ മാറിയാലെ തൊഴിലില്ലായ്മയ്ക്കു പരിഹാരമാകൂവെന്നും അദ്ദേഹം പറഞ്ഞു. വന്‍കിട വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴിവസരങ്ങള്‍ ലഭിക്കില്ല. ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലാണ് തൊഴിലവസരങ്ങള്‍ ഉള്ളത്. കാര്‍ഷിക രംഗത്ത് പുതിയ ആശയങ്ങള്‍ നടപ്പാക്കുന്നതിലൂടെയും നിര്‍മ്മാണ മേഖലയിലുമാണ് തൊഴിലവസരങ്ങളുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചൈന ചെയ്തതു പോലെ വ്യോമയാന മേഖലയില്‍ കൂടുതല്‍ തുറന്നു കൊടുക്കുന്നതടക്കമുള്ള തന്ത്രപ്രധാന നീക്കങ്ങളും കോണ്‍ഗ്രസ് പരിഗണിക്കുമെന്നും രാഹുല്‍ പറഞ്ഞു.