ന്യൂയോര്‍ക്ക്- യെമനില്‍ ഹൂത്തി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കയും ബ്രിട്ടനും നിരവധി വ്യോമാക്രമണങ്ങള്‍ നടത്തിയെങ്കിലും ഹൂത്തികള്‍ക്ക് മിസൈലുകള്‍ പ്രയോഗിക്കാനും ഡ്രോണുകള്‍ വിക്ഷേപിക്കാനുമുള്ള ശേഷിയുടെ മുക്കാല്‍ ഭാഗവും അവശേഷിക്കുന്നുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചെങ്കടലില്‍ യു.എസ് ഡിസ്ട്രോയറിന്റെ ദിശയില്‍ ഹൂത്തികള്‍ മിസൈല്‍ തൊടുത്തുവിട്ടതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തടഞ്ഞ് യു.എസ് യുദ്ധവിമാനം വെടിവച്ചിടുകയായിരുന്നു.
യു.എസിന്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലിന് നേരെ തിങ്കളാഴ്ച ആക്രമണം നടത്തിയത് അടുത്ത ദിവസങ്ങളില്‍ യു.എസ്-യു.കെ ആക്രമണത്തിന് ഇരയായ ഹുദൈദ നഗരത്തില്‍നിന്നാണ്. രസകരമായ കാര്യം, മിസൈല്‍ ആക്രമണത്തിന്റെയോ ഡ്രോണ്‍ ആക്രമണത്തിന്റെയോ ലക്ഷ്യം എന്താണെന്നതിനെക്കുറിച്ച വിശദാംശങ്ങള്‍ യു.എസ് നല്‍കുന്നില്ല എന്നതാണ്. എന്നാല്‍ ചെങ്കടലില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് അത് യുദ്ധ സൂചന നല്കുന്നു. അതിനാല്‍ സ്ഥിതി വളരെ മോശമായി വരികയാണ്. യുഎസ് ഇന്റലിജന്‍സ് വളരെ സൂക്ഷ്മമായി കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്.