ടെല്‍ അവീസ്- ഗാസ യുദ്ധത്തിന്റെ വെളിച്ചത്തില്‍ 15 ബില്യണ്‍ ഡോളര്‍ (55 ബില്യണ്‍ ഷെക്കല്‍) അധിക ചെലവ് ചേര്‍ത്ത 2024 ലെ ഭേദഗതി വരുത്തിയ ബജറ്റ് ഇസ്രായില്‍ മന്ത്രിസഭ പാസാക്കി. ബജറ്റ് വെട്ടിക്കുറച്ചതിനെതിരെ മന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പുതുക്കിയ ബജറ്റ് അവതരിപ്പിച്ചത്.
'ഇത് യുദ്ധ ബജറ്റാണ്, ഇത് യുദ്ധം ചെയ്യുന്നവരുടെയും അവരുടെ കുടുംബങ്ങളുടെയും സ്വയം തൊഴില്‍ ചെയ്യുന്നവരുടെയും സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും പൊതുജനങ്ങളുടെയും എല്ലാ ആവശ്യങ്ങളും പരിപാലിക്കുന്നു- ഇസ്രായിലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വോട്ടെടുപ്പിന് മുമ്പ് പറഞ്ഞു.
'ആരോഗ്യ ബജറ്റ് വര്‍ദ്ധിപ്പിക്കുകയും മാനസികാരോഗ്യ ക്ഷേമത്തിനായി ഒരു ബില്യണ്‍ ഷെക്കല്‍ വകയിരുത്തുകയും ചെയ്യുന്നു, ഇത് ഒരു പ്രധാന ആവശ്യമാണ്. വിദ്യാഭ്യാസ ബജറ്റ്, ക്ഷേമ ബജറ്റ്, ആഭ്യന്തര സുരക്ഷാ ബജറ്റ് എന്നിവയില്‍ വര്‍ധനവുണ്ട്. എന്നാല്‍ ഏറ്റവും പ്രധാനമായി പ്രതിരോധ ബജറ്റിനാണ് മുന്‍ഗണന. വിജയത്തിനും നമ്മുടെ ഭാവിക്കും ഇത് അത്യന്താപേക്ഷിതമാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.