ന്യൂഡൽഹി - അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തിടത്ത് പണിത ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ച് ഇൻഡ്യ മുന്നണിയിലെ കൂടുതൽ പാർട്ടികൾ രംഗത്ത്. കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും ആർ.ജെ.ഡിയുടെയും ഇടതു പാർട്ടികളുടെയും തീരുമാനത്തിന് പിന്നാലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് എൻ.സി.പിയും സമാജ് വാദി പാർട്ടിയും.
പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും എൻ.സി.പി അധ്യക്ഷനുമായ ശരത് പവാറും യു.പി മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവും വിട്ടുനിൽക്കുമെന്ന് പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു.
പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ശരത് പവാർ വിമർശിച്ചു. പ്രതിഷ്ഠാ ദിനത്തിൽ പങ്കെടുക്കുന്നില്ലെങ്കിൽ രാമനിൽ വിശ്വാസമില്ല എന്നല്ല അർത്ഥമെന്നും ശരത് പവാർ ചൂണ്ടിക്കാട്ടി. അഖിലേഷ് യാദവ് ചടങ്ങിന് ആശംസകൾ നേർന്നു. പ്രതിഷ്ഠാ ചടങ്ങിന് ശേഷം ക്ഷേത്ര സന്ദർശനം നടത്തുമെന്നും നേതാക്കൾ അറിയിച്ചു. അതിനിടെ, രാമക്ഷേത്രം ലൈവാക്കാൻ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നേതാക്കളുടെ ഭവന സന്ദർശന പരിപാടിയും ആരംഭിച്ചു. 22ന് ശേഷം എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നും തീർത്ഥാടകരെ അയോധ്യയിലെത്തിക്കുന്ന രാം ദർശൻ യാത്രയ്‌യുള്ള കരുനീക്കങ്ങളും സജീവമാണ്.