ന്യൂദൽഹി- ഇന്ത്യാ സഖ്യത്തിന്റെ അധ്യക്ഷനായി ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ നിർദ്ദേശിച്ചത് രാഹുൽ ഗാന്ധിയെ. എന്നാൽ നിർദ്ദേശം രാഹുൽ ഗാന്ധി സ്വീകരിച്ചില്ല. കൺവീനർ സ്ഥാനത്തേക്ക് സ്വന്തം പേര് നിർദ്ദേശിച്ചെങ്കിലും അതും നിതീഷ് കുമാർ നിരസിച്ചു. തന്നേക്കാൾ സീനിയർ ലാലു പ്രസാദ് യാദവാണ് എന്ന് പറഞ്ഞായിരുന്നു സ്ഥാനം സ്വീകരിക്കുന്നതിൽനിന്ന് വിട്ടുനിന്നത്. 28 പാർട്ടികൾ ചേർന്നുള്ള ഇന്ത്യാ സഖ്യത്തിന്റെ ചെയർപേഴ്‌സണെ കുറിച്ചുള്ള ചർച്ച തുടങ്ങിയപ്പോൾ തന്നെ നിതീഷ് കുമാർ രാഹുൽ ഗാന്ധിയുടെ പേര് നിർദ്ദേശിച്ചു. എന്നാൽ ഇന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ രണ്ടാം യാത്ര ചൂണ്ടിക്കാട്ടി രാഹുൽ സ്ഥാനം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി. തുടർന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. തുടർന്ന് കൺവീനർ സ്ഥാനത്തേക്ക് നിതീഷ് കുമാറിന്റെ പേര് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിർദ്ദേശിച്ചെങ്കിലും അദ്ദേഹം സ്ഥാനം സ്വീകരിക്കാൻ തയ്യാറായില്ല. അതേസമയം, നിതീഷ് കുമാറിന്റെ പേര് ഉയർന്നതിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അസ്വസ്ഥതയുണ്ടെന്ന വാർത്തയും പുറത്തുവന്നു. യോഗത്തിൽ മമത പങ്കെടുത്തിരുന്നില്ല. മമതയുമായി സംസാരിക്കാൻ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചുമതലപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ചർച്ച ചെയ്യാനാണ് ശനിയാഴ്ചത്തെ യോഗം ചേർന്നത്. ഇക്കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെങ്കിലും ദേശീയ തലത്തിൽ ഐക്യം ഉറപ്പാക്കാനും സംസ്ഥാന തലത്തിൽ വിള്ളലുകൾ വീഴ്ത്താതിരിക്കാനും പാർട്ടികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ചു. ബിജെപിയെ പരാജയപ്പെടുത്തുക എന്ന അജണ്ട മാത്രമാണ് ലക്ഷ്യമെന്നും പാർട്ടികൾ വ്യക്തമാക്കി.
സീറ്റ് ചർച്ചകൾ ക്രിയാത്മകമായി പുരോഗമിക്കുകയാണെന്നും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ഇന്ത്യാ മുന്നണിയിലെ എല്ലാ കക്ഷികളെയും ക്ഷണിച്ചിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു.