ന്യൂദൽഹി- ദൽഹി മദ്യനയക്കേസിൽ നാലാം തവണയും ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ജനുവരി 18ന് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാനാണ് പുതുതായി നോട്ടീസ് നൽകിയിരിക്കുന്നത്. ഇ.ഡി നൽകിയ സമൻസ് നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക മാത്രമാണ് ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് വ്യക്തമാക്കിയിരുന്നു. ജനുവരി മൂന്നിനാണ് ഇതിന് മുമ്പ് കെജ്‌രിവാളിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ഏപ്രിലിൽ സി.ബി.ഐ ചോദ്യം ചെയ്തിരുന്നുവെങ്കിലും പ്രതി ചേർത്തിരുന്നില്ല. ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതു മുതൽ കെജരിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, സത്യേന്ദ്ര ജെയിൻ എന്നീ മൂന്ന് നേതാക്കളെ ഇതോടകം ഇ.ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.