ജിദ്ദ- സൗദി സന്ദര്‍ശിക്കാന്‍ വരികയാണെന്നും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ പിക്ക് ചെയ്യാന്‍ വരണമെന്നും അഭ്യര്‍ഥിക്കുന്ന വാട്‌സ്ആപ്പ്, ഫേസ് ബുക്ക് മെസേജുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ധാരാളം പേര്‍ക്ക് ലഭിച്ചു. ഡയാന, ക്രിസ്റ്റീന തുടങ്ങിയ സുന്ദരിമാരാണ് ഫോട്ടോകള്‍ സഹിതമുള്ള ഡി.പികളുള്ള വാട്‌സ്ആപ്പ് പ്രൊഫൈലുകളില്‍നിന്ന് മെസേജുകള്‍ അയക്കുന്നത്. എല്ലാവരും സൗദി സന്ദര്‍ശിക്കാന്‍ വരുന്നത് യു.കെയില്‍നിന്നാണ്. വിദേശ നമ്പറുകള്‍ക്കു പുറമെ, സൗദി നമ്പറുകളില്‍നിന്നും എയര്‍പോര്‍ട്ടിലേക്ക് പോകാനുള്ള അഭ്യര്‍ഥന ലഭിച്ചവരുണ്ട്.
ഇത്തരത്തില്‍ അപരിചിതര്‍ അയക്കുന്ന സന്ദേശങ്ങള്‍ തുറക്കാന്‍ പോലും പാടില്ലെന്നും ഉടന്‍ ഡീലീറ്റ് ചെയ്യുകയോ റിപ്പോര്‍ട്ട് ചെയ്ത ശേഷം ബ്ലോക്ക് ചെയ്യുകയോ വേണമെന്നും സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അടുത്തിടെയായി സൗദി അറേബ്യയില്‍ അവിശ്വസനീയമായ രീതിയിലാണ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍നിന്ന് പണം തട്ടുന്നത്. ഇരകളില്‍ ധാരാളം മലയാളികളുമുണ്ട്. ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് തട്ടിപ്പുകളെന്നതു കൊണ്ടാണ് അവിശ്വസനീയമാകുന്നത്. അക്കൗണ്ട് വിവരങ്ങളോ ഒ.ടി.പിയോ നല്‍കിയാല്‍ മാത്രമേ സൈബര്‍ തട്ടിപ്പ് നടക്കുകയുള്ളൂ എന്ന ധാരണ തിരുത്തേണ്ട സമയമായി.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ആപ്പിള്‍ പേയില്‍ ചേര്‍ത്താണ് അടുത്തിടെ നടന്ന തട്ടിപ്പുകളില്‍ ഭൂരിഭാഗവും. കാര്‍ഡ് ആപ്പിള്‍ പേയില്‍ ചേര്‍ക്കാനും പിന്നീട് പണം ട്രാന്‍സ്ഫര്‍ ചെയ്യാനുമുള്ള ഒ.ടി.പികളൊക്കെ ലഭിച്ചത് തട്ടിപ്പുകാര്‍ക്ക് തന്നെ ആയിരുന്നു.
പിക്ക് ചെയ്യാന്‍ എയര്‍പോര്‍ട്ടിലേക്ക് വിളിക്കുന്നുവെന്ന മെസേജ് ഫോര്‍വേഡ് ചെയ്ത് സൗദിയിലെ പ്രമുഖ സൈബര്‍ സുരക്ഷാ വിദഗ്ധരില്‍ ഒരാളോട് അന്വേഷിച്ചപ്പോല്‍ അദ്ദേഹം ആ ഫോര്‍വേഡ് മെസേജ് തുറക്കാന്‍ പോലും തയാറായില്ല. മെസേജ് തുറക്കില്ലെന്നും വിഷയം പറഞ്ഞാല്‍ മതിയെന്നുമായിരുന്നു സ്വദേശിയായ അദ്ദേഹത്തിന്റെ മറുപടി.
നിങ്ങള്‍ ജിദ്ദയിലാണെന്ന് മനസ്സിലാക്കിയും നിങ്ങളുടെ നമ്പര്‍ കരസ്ഥമാക്കിയുമാണ് മറുപടി മെസേജ് ലഭിക്കുക എന്ന ഉദ്ദേശത്തോടെ മെസേജ് അയച്ചിരിക്കുന്നത്. പരിചയത്തിലൂടെ ചാറ്റ് തുടങ്ങി അത് വസ്ത്രമുരിഞ്ഞുള്ള വീഡിയോ ചാറ്റിലെത്തിച്ച് ബ്ലാക്ക് മെയിലിംഗിനുള്ള വഴി അന്വേഷിക്കുന്ന തട്ടിപ്പുകളെ മാത്രം പ്രതീക്ഷിച്ചാല്‍ പോരാ. മെസേജ് അയച്ചവരെ കളിപ്പിക്കാനാണെങ്കില്‍ പോലും റിപ്ലൈ മെസേജ് അയക്കരുതെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.
ഫോണിലേക്ക് മിസ്ഡ് കോളുകള്‍ വന്നതിനു ശേഷം പോലും അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെടുന്ന സിം സ്വാപ്പ് തട്ടിപ്പാണ് ഇതിനു പിന്നില്‍. സൈബര്‍ തട്ടിപ്പുകാരന്‍
ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് കരസ്ഥമാക്കുകയും ബാങ്ക് അക്കൗണ്ടുകളടക്കമുള്ള വ്യക്തിവിവരങ്ങള്‍ ഇതിലൂടെ നേടുകയുമാണ് ചെയ്യുന്നത്. താന്‍ ഒരിക്കലും ഒ.ടി.പി ആരോടും വെളിപ്പെടുത്തുകയോ ആര്‍ക്കെങ്കിലും അയക്കുകയോ ചെയ്യില്ലെന്നുള്ള തീരുമാനം നല്ലതു തന്നെയാണെങ്കിലും അതുകൊണ്ട് മാത്രം സുരക്ഷിതമായി എന്നു കരുതാന്‍ പാടില്ല. ഏതെങ്കിലും മെസേജ് വഴി നിങ്ങളുടെ ഫോണിലേക്ക് സ്‌പൈവെയര്‍ എത്തിച്ചശേഷം നിങ്ങളുടെ ഫോണ്‍ ഹാക്കറുടെ ഫോണാക്കി മാറ്റാനും കഴിയും.
നിങ്ങളുടെ നമ്പറിലേക്കും ഫേസ് ബുക്ക് അക്കൗണ്ടിലേക്കും അജ്ഞാതര്‍ മെസേജ് അയച്ചു തുടങ്ങിയിട്ടുണ്ടെങ്കില്‍ സാധാരണ ഗതിയില്‍ ഐ.ഡി ആര്‍ക്കോ ലഭിച്ചു എന്നു കരുതിയാല്‍ മാത്രം പോരാ. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നു തന്നെ കരുതണം. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്ക് സമാനമായ പ്രൊഫൈലുകള്‍ തയാറാക്കി സുഹൃത്തുക്കളോടും ബന്ധുക്കളോടും വായ്പ് ചോദിക്കുന്ന സംഭവങ്ങളും ഇപ്പോള്‍ സാധാരണമാണ്.
നിങ്ങളുടെ വിലാസം, ആധാര്‍ കാര്‍ഡ്, പാന്‍ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ ഒരിക്കലും ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യരുത്. ഇ മെയിലുകള്‍ക്കും മെസേജുകള്‍ക്കും മറുപടി നല്‍കുമ്പോള്‍ പരിചയമില്ലാത്തയാളാണെങ്കില്‍ രണ്ടു വട്ടം ആലോചിക്കണം.
ഈ വാർത്ത കൂടി വായിക്കുക
ആവിയായി പോയ സര്‍വീസ് മണി; പ്രവാസിയുടെ ദുരനുഭവം, നിങ്ങള്‍ക്കും പാഠം
കശാപ്പ് സംഘത്തില്‍ ഗോ സംരക്ഷക സംഘത്തിന്റെ ജില്ലാ നേതാവും, പോലീസിനോട് ഏറ്റുമുട്ടി