Sorry, you need to enable JavaScript to visit this website.

പണിയെടുത്തതിന്റെ കൂലി ചോദിച്ചതിന് യുവാവിന്റെ രണ്ട് കണ്ണുകളും ചൂഴ്‌ന്നെടുത്ത് അതിക്രൂരമായി കൊലപ്പെടുത്തി

ബോജ്പൂര്‍ - പണിയെടുത്തതിന്റെ കൂലിയായി 500 രൂപ ചോദിച്ചതിന് യുവാവിന്റെ രണ്ട് കണ്ണൂകളും ചൂഴ്‌ന്നെടുത്ത് അതിക്രൂരമായി കൊലപ്പെടുത്തി. ബീഹാറിലെ ബോജ്പൂരില്‍ 20 കാരനായ മോഹന്‍ സിംഗിനെയാണ് സുഹൃത്തുക്കള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.  മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് രണ്ട് കണ്ണുകളും ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു മോഹന്‍ സിംഗിന്റെ  മൃതദേഹം കണ്ടെത്തിയത്. ശരീരം മുഴുവന്‍ അതിക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. ബോജ്പൂരിലെ ബാര ബസന്ത്പൂര്‍ നിവാസിയാണ് കൊല്ലപ്പെട്ട മോഹന്‍ സിംഗ്. ബുധനാഴ്ച രാത്രിയാണ് കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ മോഹന്‍ സിംഗിനെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയത്.  അജയ് മഹാതോ എന്ന സുഹൃത്താണ് മറ്റുള്ളവര്‍ക്കൊപ്പം മോഹന്‍ സിംഗിനെ വീട്ടില്‍ വന്ന് വിളിച്ചുകൊണ്ട് പോയതെന്ന് സഹോദരന്‍ രാധാ സിംഗ് പറഞ്ഞു.  കൂലിപണിക്കാരനായ മോഹന്‍ സിംഗ് പണിയെടുത്തതിന്റെ കൂലിയായി 500 രൂപ ചോദിച്ചത് സൃഹുത്തുക്കളെ പ്രകോപിപ്പിച്ചിരുന്നതായും  ഇതാണ്  കൊലപാതകത്തിലേക്ക് നയിച്ചതെന്നും രാധാ സിംഗ് പറഞ്ഞു. എന്തോ പാര്‍ട്ടിയുണ്ടെന്ന് പറഞ്ഞാണ് വിളിച്ച് കൊണ്ടു പോയത്. രാത്രി ഏറെ വൈകിയിട്ടും മോഹന്‍ സിംഗ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രാധാ സിംഗിന് സംശയം തോന്നുകയും ഇയാളെ തേടിയിറങ്ങുകയും ചെയ്തു. ഒടുവില്‍ പിറ്റേന്നു രാവിലെ സന്‍വാരി പാലത്തിന് സമീപത്തെ വയലില്‍ നിന്നും മോഹന്‍ സിംഗിന്റെ  മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.

 

 

Latest News