ന്യൂദല്‍ഹി- മുസഫര്‍ നഗറില്‍ സഹപാഠികളെകൊണ്ട് അധ്യാപിക മുസ്ലിം വിദ്യാര്‍ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് വീണ്ടും സുപ്രീംകോടതി വിമര്‍ശം. സംഭവത്തിന് ശേഷം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതീക്ഷിച്ച രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന് സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചു. വിഷയത്തില്‍ കൃത്യവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ ചെറുമകന് തുഷാര്‍ ഗാന്ധി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിമര്‍ശം ഉന്നയിച്ചത്. ഇരയാക്കപ്പെട്ട വിദ്യാര്‍ഥിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍് ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്സ്) തയ്യാറാക്കിയ ശിപാര്‍ശ എങ്ങനെ നടപ്പാക്കാമെന്ന് വ്യക്തമാക്കി കോടതി നിര്‍ദേശ പ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതായി ഇന്നലെ ബഞ്ച് വ്യക്തമാക്കി. അതേസമയം, സത്യവാങ്മൂലത്തിലെ കാര്യങ്ങള്‍ അപര്യാപ്തമാണെന്ന് തുഷാര്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ഷദന്‍ ഫറസത്ത് പറഞ്ഞു. വിഷയത്തില്‍ ഹരജിക്കാരുടെ നിര്‍ദ്ദേശങ്ങള്‍ ഉത്തര്‍പ്രദേശ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഗരിമ പ്രഷാദിന് രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി അഭിഭാഷകനോട് ആവശ്യപ്പെട്ടു. ഇരയാക്കപ്പെട്ട കുട്ടി ഇപ്പോഴും അതേ സ്കൂളില്‍ തന്നെയാണോ ചേര്‍ത്തതെന്ന ചോദ്യത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ഗരിമ പ്രഷാദ് കഴിഞ്ഞ തവണ പറഞ്ഞ ഉത്തരം ആവര്‍ത്തിക്കുകയായിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) ബോര്‍ഡിന് കീഴിലുള്ള സ്വകാര്യ സ്കൂളില്‍ പ്രവേശനം നല്‍കുന്നതിന് ഇരയുടെ കുടുംബം ആദ്യം വിമുഖത കാണിച്ചിരുന്നെങ്കിലും പ്രവേശനം നല്കി. കുട്ടിയുടെ വീടിന് അടുത്ത് സര്‍ക്കാര്‍ സ്കൂളുകള്‍ ഉണ്ടെന്നും ഉത്തര്‍പ്രദേശ് വ്യക്തമാക്കി. കുട്ടിയും സഹപാഠികളും തമ്മിലുള്ള സാമൂഹികസാമ്പത്തിക വ്യത്യാസങ്ങളെക്കുറിച്ചും സ്കൂളില്‍ എത്താന്‍ ദിവസവും സഞ്ചരിക്കേണ്ട ദൂരത്തെക്കുറിച്ചും സര്‍ക്കാര്‍ നേരത്തെ ഉന്നയിച്ച ആശങ്കയും ഇന്നലെ ആവര്‍ത്തിച്ചു. അതേസമയം,വിഷയം കുട്ടിയുടെ കുടുംബമാണ് തീരുമാനിക്കേണ്ടതെന്നും സിബി എസ് ഇ സ്കൂളിലെത്താന്‍ ഈ ചെറിയ കുഞ്ഞിന് 28 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതുണ്ടെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇന്നലെ ആവര്‍ത്തിച്ചു. എന്നാല്‍, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കണക്കിലെടുത്താണ് കുട്ടിയെ പിതാവ് ദിവസവും സ്കൂളില്‍ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരുന്നതെന്ന് ഹരജിക്കാരുടെ അഭിഭാഷകന് പറഞ്ഞു. എന്നാല്‍, ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ സ്കൂളിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലും ആറാം ക്ലാസുമുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മൂന്ന് കിലോമീറ്ററിനുള്ളിലും താമസിക്കണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ നിബന്ധനക്ക് വിരുദ്ധമാണ് ഇതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഈ പരിധിയിലുള്ള സ്കൂളാണ് കുട്ടിയോട് അനീതി ചെയ്തതെന്ന് ഹരജിക്കാരുടെ അഭിഭാഷകന് ചൂണ്ടികാണിച്ചു. ഇതെല്ലാം സംഭവിക്കുന്നത് ഈ കുറ്റകൃത്യത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചത് പോലെ പ്രവര്‍ത്തിക്കാത്തതുകൊണ്ടാണെന്ന് കോടതിയും പറഞ്ഞു. ഈ സംഭവം നടന്ന രീതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വളരെയധികം ഉത്കണ്ഠാകുലരാകണം. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് പ്രശ്നങ്ങളും തങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ടിസ്സിന്റെ ശുപാര്‍ശകള്‍ അനുസരിച്ചുള്ള മറ്റ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും തങ്ങള്‍ പരിശോധിക്കുമെന്നും ബഞ്ച് പറഞ്ഞു. കേസില്‍ വാദം കേള്‍ക്കുന്നത് ബഞ്ച് ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്്തു.