Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്കായി ഉഴിഞ്ഞുവെച്ച ജീവിതം

പ്രവാസി ബന്ധു ഡോ. എസ്. അഹ്മദ്

ജനുവരി 9, മറ്റൊരു പ്രവാസി ഭാരതീയ ദിനം കൂടി കടന്നുപോയി. കേന്ദ്ര ഗവൺമെന്റിന്റെ പ്രവാസി ഭാരതീയ ദിനാഘോഷ പരിപാടികൾ ഒന്നിടവിട്ട വർഷങ്ങളിലാണ് നടക്കാറുള്ളതെങ്കിലും ഓരോ വർഷവും മുടങ്ങാതെ പ്രവാസി ഭാരതീയ ദിനാഘോഷങ്ങൾ നടത്തുന്ന സാമൂഹിക പ്രവർത്തകനാണ് പ്രവാസി ബന്ധു ഡോ.എസ് അഹ് മദ്. പ്രവാസത്തിന് നിരവധി പ്രയാസങ്ങളുണ്ടായേക്കാമെങ്കിലും എല്ലാ വെല്ലുവിളികളേയും അവസരങ്ങളാക്കി പ്രയോജനപ്പെടുത്തണമെന്നാണ് അഹ്മദിന്റെ നിലപാട്.
പ്രവാസി ബന്ധു ഡോ.എസ് അഹ്മദിന്റെ ജീവിതം തികച്ചും പ്രവാസികൾക്കായി ഉഴിഞ്ഞു വെച്ചതാണ്. മൂന്ന് പതിറ്റാണ്ടോളം പ്രവാസിയായി ജീവിക്കുകയും പ്രവാസ ജീവിതത്തിന്റെ തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോവുകയും ചെയ്ത അദ്ദേഹം പ്രായം പോലും വകവെക്കാതെ പ്രവാസി പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും സാധ്യമായ പരിഹാരങ്ങൾക്കായി നിരന്തരം പോരാടുകയും ചെയ്യുന്നു. 73 ന്റെ നിറവിലും ഒരു യുവാവിന്റെ ചുറുചുറുക്കോടെ കേരളത്തിലങ്ങോളമിങ്ങോളം ഓടിനടക്കുന്ന പ്രവാസി ബന്ധു ഡോ. അഹ്മദ് പൊതുപ്രവർത്തകർക്കൊരു പാഠപുസ്തകമാണ്. പ്രവാസി പെൻഷനും പ്രവാസികൾക്ക് അർഹമായ അവകാശങ്ങളും നേടിക്കൊടുക്കുന്നതിനും അത് സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനും നൂറുകണക്കിന് പരിപാടികളാണ് അഹ്മദിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ ഡോ.എസ്. അഹ്മദ് പഴയ പത്രപ്രവർത്തക കുടുംബാംഗമാണ്. 30 വർഷം പ്രവാസ ജീവിതം നയിച്ച അദ്ദേഹം ഇന്ത്യയിലാദ്യമായി 1988 ൽ പ്രവാസി സംഘടനക്കു രൂപം നൽകുകയും പ്രവാസികൾക്കു സംഘടിതബോധം പകരാൻ പരിശ്രമിക്കുകയും ചെയ്തു.  ഒരു സാധാരണ ജോലിക്കാരനായി വന്ന് ഒരേ കമ്പനിയിൽ 30 വർഷം തുടർച്ചയായി ജോലി ചെയ്ത് കമ്പനിയുടെ ഡിവിഷണൽ മാനേജറായി വിരമിച്ചാണ് അഹ്മദ് നാട്ടിലേക്ക് മടങ്ങിയത് എന്നത് അദ്ദേഹത്തിന്റെ സ്ഥിരോൽസാഹത്തിന്റേയും ലക്ഷ്യബോധത്തിന്റേയും നിദർശനമാണ്.

1996 ൽ കേരളത്തിൽ നോർക്ക വകുപ്പും 2002 ൽ കേന്ദ്ര സർക്കാരിൽ പ്രവാസി വകുപ്പും രൂപീകരിക്കുന്നതിന് പിന്നിൽ എസ്. അഹ്മദിന്റെ പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച പ്രവാസി ഭാരതീയ ദിനാഘോഷം കഴിഞ്ഞ 22 വർഷമായി കേരളത്തിൽ തുടർച്ചയായി നടക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

ഇന്ത്യൻ പ്രസിഡന്റിൽ നിന്നും പ്രവാസി ബന്ധു നാമകരണപത്രിക സ്വീകരിച്ച അദ്ദേഹത്തിന്റെ സപ്തതിയോടനുബന്ധിച്ച് ഇന്ത്യൻ തപാൽ വകുപ്പ് സപ്തതി സ്റ്റാമ്പ് ഫോട്ടോ ആലേഖനം ചെയ്ത് പുറത്തിറക്കിയിരുന്നു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്.അദ്ദേഹത്തിന്റെ സപ്തതി ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സമാപനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയുമായിരുന്നു നിർവഹിച്ചത് എന്നത് അദ്ദേഹത്തിന്റെ സാമൂഹിക പ്രാധാന്യമാണ് സൂചിപ്പിക്കുന്നത്.

ഗൾഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും യൂനിവേർസൽ റെക്കോർഡ് ഫോറത്തിന്റെ ഹാൾ ഓഫ് ഫെയ്മുമടക്കം ദേശീയവും അന്തർദേശീയവുമായ 200 ൽപരം പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം വിശ്രമമില്ലാതെ സാമൂഹ്യ സാംസ്‌കാരിക സേവന രംഗങ്ങളിലെ നിറസാന്നിധ്യമായി നിലകൊള്ളുകയാണ് .

ഇന്ത്യയുടെ പുരോഗതിയിൽ പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്നും അതിന് സൗകര്യമൊരുക്കിയ ഗൾഫ് രാജ്യങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നുമാണ് ഡോ. എസ്. അഹ്മദ് കരുതുന്നത്.
ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് ഗൾഫ് പ്രവാസം വലിയ സംഭാവനകൾ ചെയ്തിട്ടുണ്ട്. പ്രവാസികളെ ഈയർഥത്തിൽ പരിഗണിക്കുകയും അവർക്ക് അർഹമായ അവകാശങ്ങൾ ഉറപ്പാക്കുകയും വേണം.

പ്രവാസി പെൻഷൻ, പുനരധിവാസ പദ്ധതി തുടങ്ങി പ്രവാസികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്നുണ്ട്. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങൾ ഇനിയും കുറെ പരിഹരിക്കാനുണ്ട്. അതിനുളള നിരന്തര ശ്രമങ്ങൾ നടന്നുവരികയാണ്. ഇത്തരം ആവശ്യങ്ങളോട് ഗവൺമെന്റുകളുടെ അനുകൂലമായ നിലപാടുണ്ടാവണം. അതിനായി രാഷ്ട്രീയ ഭേദമെന്യേ എല്ലാ നേതാക്കളുമായും നിരന്തരമായ ആശയവിനിമയം നടത്തിവരികയാണ്.

പ്രവാസി ഭാരതീയ ദിനം ഒരോർമപ്പെടുത്തലാണ്. നിശ്ചിത കാലം പ്രവാസ ലോകത്ത് ചെലവഴിച്ച് ഓരോരുത്തരും അവരവരുടെ നാടുകളിലേക്ക് തിരിച്ച് പോവേണ്ടവരാണ്. പ്രവാസം സാർഥകമാക്കി വെറും കൈയോടെ തിരിച്ചുപോകില്ലെന്ന പ്രതിജ്ഞയും ദൃഢനിശ്ചയവുമാണ് ഈ സന്ദർഭം ആവശ്യപ്പെടുന്നത്. പ്രവാസ ലോകത്തും നാട്ടിലും നമ്മുടെ നിയോഗം നിറവേറ്റുകയാണ് പ്രധാനം. പ്രവാസ ലോകത്തുനിന്നും ആർജിച്ച ലോകപരിചയവും അനുഭവങ്ങളും നാട്ടിലെ പുരോഗതിക്കും വികസനത്തിനും പ്രയോജനപ്പെടുത്താനാവണം.

പ്രവാസികൾ കേവലം മെഴുകുതിരികളാവാതെ തങ്ങളുടെ ഭാവിയെക്കുറിച്ചും ഗൗരവത്തിൽ ആലോചിക്കണം. ആരോഗ്യവും ആയുസ്സും ക്രിയാത്മകമായി വിനിയോഗിച്ച് വ്യക്തിപരവും സാമൂഹികവുമായ കടപ്പാടുകൾ സാക്ഷാൽക്കരിക്കുമ്പോഴാണ് പ്രവാസം സാർഥകമാകുന്നത്. നീണ്ട കാലം പ്രവാസ ലോകത്ത് ചെലവഴിച്ച് വൈവിധ്യങ്ങളായ ആരോഗ്യ പ്രശ്നങ്ങളുമായി തിരിച്ചുവരുന്ന ദുരവസ്ഥ ഒഴിവാക്കുവാൻ പ്രവാസി സമൂഹം ജാഗ്രത പാലിക്കണമെന്നാണ് അഹ്മദിന് പ്രവാസികളോട് പറയുവാനുള്ളത്. എന്തൊക്കെ ആവശ്യങ്ങളുണ്ടായാലും നാളെക്ക് വേണ്ടി എന്തെങ്കിലും നീക്കിയിരിപ്പ് ഉറപ്പു വരുത്തണം. സാധ്യമാകുന്ന ക്ഷേമപദ്ധതികളിൽ ചേർന്നും സുരക്ഷിതമായ നിക്ഷേപങ്ങൾ നടത്തിയും പ്രവാസം പ്രയോജനപ്പെടുത്തണം.

പ്രവാസി കൂട്ടായ്മകളുടെ ശക്തിയും ഓജസ്സും ദീർഘവീക്ഷണത്തോടെ പ്രയോജനപ്പെടുത്തിയാൽ നിരവധി ക്ഷേമപ്രവർത്തനങ്ങൾ ചെയ്യാനാകും. ഇത്തരം കാര്യങ്ങളിൽ സജീവമായ ചർച്ചകളും വിശകലനങ്ങളും വേണം.

പ്രവാസികൾ ഇന്ത്യയുടെ സാംസ്‌കാരിക സ്ഥാനപതികളാണെന്നും ജോലി ചെയ്യുന്ന നാടിനോടും സംസ്‌കാരത്തോടും ആദരവ് നിലനിർത്തി രാജ്യത്തിന്റെ യശസ്സ് ഉയർത്താൻ പരിശ്രമിക്കണമെന്നും  അഹ്മദ്  ഓർമിപ്പിക്കുന്നു. സാമൂഹികവും സാംസ്‌കാരികവുമായ ആദാന പ്രദാനങ്ങളിലൂടെ നേടിയെടുക്കുന്ന ഗുണഗണങ്ങൾ ശരിയായ രീതിയിൽ വിനിയോഗിക്കാനായാൽ പ്രവാസം കൂടുതൽ ക്രിയാത്മകമാകും.

മാധ്യമ പ്രവർത്തകൻ കൂടിയായ അദ്ദേഹം കഴിഞ്ഞ 18 വർഷമായി ഇന്ത്യയിലെ ആദ്യ പ്രവാസി മുഖപത്രമായ പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിൻ പ്രസിദ്ധീകരിക്കുന്നു. നാടക നടൻ, ചലച്ചിത്ര നിർമാതാവ്, പത്രപ്രവർത്തകൻ പ്രസംഗകൻ എന്നിവക്ക് പുറമെ കനൽ ചില്ലകൾ എന്ന പുസ്തകത്തിന്റെ  കർത്താവ് കൂടിയാണ് ഡോ. അഹ്മദ്.

Latest News