മലയാളം ന്യൂസ് സർഗവീഥിയിൽ എഴുതിത്തുടങ്ങിയ, ഏറെക്കാലം ഖമീസ് മുഷൈത്തിൽ പ്രവാസിയായിരുന്ന ഷഹീറാ നസീർ പ്രമുഖ ചലച്ചിത്രകാരനായ നാദിർഷായുടെ 'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി' എന്ന കോമഡി ത്രില്ലറിൽ ഗാനരചന നിർവഹിച്ചിരിക്കുന്നു.
ഇപ്പോൾ ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്‌സിറ്റി അക്കാദമിക് കാൺസിലറായി ജോലി ചെയ്യുന്ന ഷഹീറാ നസീർ കഥാകൃത്ത്, കവയിത്രി എന്നീ നിലകളിലും പ്രശ്‌സതയാണ്. ചരിത്രത്തിൽ ബിരുദവും.മലയാള സാഹിത്യത്തിൽ എം.എയും, ബി എഡും നേടിയിട്ടുണ്ട്.
ഖമീസിലെ അൽ ജനൂബ് ഇന്റർനാഷൽ സ്‌കൂളിലെ മലയാളം വകുപ്പ് മേധാവിയായിരുന്നു. 2017 ൽ മലയാള ഭാഷയിൽ 100 % വിജയം വരിച്ച കുട്ടികളെ പഠിപ്പിച്ച അധ്യാപികയ്ക്കുള്ള പ്രശംസാ പത്രം കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയായ സ്മൃതി ഇറാനിയിൽ നിന്നും കരസ്ഥമാക്കി. 2021 ൽ സിനിമാഗാന രചയിതാക്കളുടെ കൂട്ടായ്മകളിൽ ഷഹീറയും അംഗത്വം നേടിയിട്ടുണ്ട്.
ഓപൺ യൂനിവേഴ്‌സിറ്റി അക്കാദമിക് കൗൺസിലറായ ഷഹീറ നസീർ പതിനഞ്ചോളം സിനിമാഗാനങ്ങൾ, പത്തോളം ആൽബം സോംഗുകൾ എന്നിവയും കഥാകവിതാ സമാഹാരങ്ങളായി നാല് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. മോഹൻ സിത്താരയോടൊപ്പമാണ് ആദ്യമായി പാട്ടുകൾ ചെയ്തത്. 2022 ൽ സൗദിയിൽ നിന്നും വുമൺ എക്‌സലന്റ് അവാർഡ് നേടിയിട്ടുണ്ട്. മലയാളം ന്യൂസ് ഏർപ്പെടുത്തിയ മികച്ച എഴുത്തുകാരിക്കുള്ള പുരസ്‌കാരം. സംസ്‌കൃതി സാഹിത്യ പുരസ്‌കാരം. കൊച്ചുബാവ പുരസ്‌കാരം, നവോദയ ജിദ്ദ പുരസ്‌കാരം കേരള സംസ്ഥാന സംസ്‌കാരിക വകുപ്പിന്റെ, ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ടിന്റെ ആദരവ് എന്നിവ ഉൾപ്പെടെ മുപ്പതിലധികം പ്രതിഭാ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഇത് വരെ പാട്ടെഴുതിയ മറ്റു സിനിമകൾ: കാബിൻ, ചങ്ങായി, ജാക്കി ഷെരീഫ്, സ്വച്ഛന്ദ മൃത്യു.