പുതിയ തൊഴിൽ വിസക്ക് വരുന്നവരും അവധി കഴിഞ്ഞ് തിരിച്ചെത്തുന്നവരും തോർത്ത് മുണ്ടും കൈലി മുണ്ടും കൊണ്ടുവരിക പതിവാണ്. ഇപ്പോൾ പല കോലത്തിലും ഇറങ്ങിയിരിക്കുന്ന തോർത്ത് മുണ്ടുകൾ, പഴമയോട് ഒരിക്കലും ഒത്തുപോകില്ലെങ്കിലും പ്രവാസികൾക്ക് ഇതില്ലാതെ ദിനചര്യ ആലോചിക്കാനാവില്ല.
അവധിയുടെ കാലാവധി അനുസരിച്ച് ഈ തോർത്ത് മുണ്ടിന്റെ നാട്ടിൽ നിന്ന് വരുമ്പോൾ എണ്ണവും കൂടും. ആദ്യകാലങ്ങളിൽ കൂട്ടുകാരോ മറ്റോ വീട്ടിൽ നിന്ന് കൊടുത്തയക്കുന്ന സംഭവമുണ്ടായിരുന്നു. ബാങ്ക് ലോൺ, മറ്റു കടങ്ങൾ ഉള്ളവർക്ക് സ്വന്തം ബീവിമാർ കടങ്ങളെല്ലാം തീരട്ടെ എന്ന് കരുതി തോർത്ത് മുണ്ടിന്റെ എണ്ണം കൂട്ടാറുണ്ടായിരുന്നു. കളറിൽ വ്യത്യാസം ഉണ്ടെങ്കിലും ഞങ്ങൾ ഒരു പെറ്റ തള്ളയുടെ മക്കളാണെന്ന് ഈ തോർത്ത് മുണ്ടിന്റെ കിടപ്പു കണ്ടാൽ മനസ്സിലാക്കാം. പല സ്വഭാവക്കാർ ഉള്ള ബാച്ചിലേഴ്സ് റൂമുകളിൽ ഇതിന് മതമോ, പ്രാദേശിക ചിന്തയോ തീരെയില്ല. അബൂബക്കറും വിനോദ് കുമാറും തോമസ് കുട്ടിയും വിഷ്ണു നമ്പൂതിരിയും എല്ലാവരും ഒരുപോലെയാണെന്ന ഉദാഹരണമാണ് ഈ തോർത്ത് മുണ്ടുകളുടെ നിൽപ് കണ്ടാൽ. കളറിൽ വ്യത്യാസം ഉണ്ടെന്നല്ലാതെ ഞങ്ങൾ എന്നും ഒരുമയോടെ കഴിയുന്നവരാണ് എന്ന ചിന്തയാണ്.,പ്രവാസ ലോകത്ത് പകയോ വിദ്വേഷമോ ഇല്ലാതെ. പരസ്പരം ആരെങ്കിലും വിദ്വേഷം വളർത്തിയെടുക്കാൻ ശ്രമിച്ചാലും വിജയിപ്പിക്കാൻ കഴിയാത്തതുകൊണ്ട് പലരും ഒഴിഞ്ഞു പോകേണ്ട ഗതികേടിൽ ആയി. തൊട്ടുകൂടായ്മയും ഒന്നുമില്ലാത്ത ഒരുമയോടെ മക്കളാണ് പ്രവാസികൾ എന്നതിനുള്ള തെളിവാണ് ഈ തൂങ്ങിക്കിടക്കുന്ന തോർത്തു ുണ്ടുകൾ.
ബെർമുഡയുടെ കാലം വന്നപ്പോൾ തോർത്ത് മുണ്ടിനെ ചിലർ അവഗണിച്ചിട്ടുണ്ടോ എന്നൊരു തോന്നൽ ഇവർക്കുണ്ട്. അവധി ദിവസങ്ങളിൽ ബാച്ചിലേഴ്സ് റൂമിൽ ഉണ്ടാക്കുന്ന ബിരിയാണി, നെയ്ച്ചോർ ഇവകൾക്ക് ഒരു ഗുമ് കിട്ടണമെങ്കിൽ ഈ തോർത്തുമുണ്ട് തലയിൽ വരിഞ്ഞു കെട്ടണമെന്ന് പഴമക്കാരായ ബാച്ചിലർ താമസക്കാർ പറയാറുണ്ടായിരുന്നു.