ന്യൂയോർക്ക് / സന / ഗാസ - യെമനിലെ ഹൂതി കേന്ദ്രങ്ങൾക്കു നേരെയുള്ള യു.എസ്, ബ്രിട്ടൻ കടന്നാക്രമണം പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുമോ എന്നാശങ്ക. ഫലസ്തീനികൾക്കു നേരെയുള്ള ഇസ്രായിലിന്റെ കൊടും ക്രൂരതകൾക്കിടയിൽ മേഖലയിൽ മാത്രമല്ല, ലോകത്തെതന്നെ മറ്റൊരു യുദ്ധസാഹചര്യത്തിലേക്ക് നയിച്ചേക്കുമോ എന്നു പോലും തോന്നിപ്പിക്കുന്നിടത്തേക്കാണ് കാര്യങ്ങളുടെ കിടപ്പ്.
യു.എസിന്റെയും ബ്രിട്ടന്റെയും തണലിൽ ഇസ്രായിൽ സേന ഫലസ്തീനികൾക്കുനേരെ തുരടുന്ന കൂട്ടക്കുരുതിക്ക് അറുതിയില്ലാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഹൂതികൾ ഒരു മാസത്തിലേറെയായി ചെങ്കടലിൽ ഇസ്രായിൽ അനുകൂലികളുടെ ചരക്കുകപ്പലുകൾക്കു നേരെ ആക്രമണം അഴിച്ചുവിട്ടു തുടങ്ങിയത്. ഇതിനുള്ള തിരിച്ചടിയാണ് യെമനിന്റെ തലസ്ഥാനമായ സനായിലും പ്രധാന നഗരങ്ങളായ സദാ, ധമർ, ഹുദയ്ദാ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അമേരിക്കയും ബ്രിട്ടനും കൂട്ട വ്യോമാക്രമണം നടത്തിയത്. യെമനിലെ 12-ലേറെ ഹൂതി വിമത കേന്ദ്രങ്ങളിലാണ് ഇരു രാഷ്ട്രങ്ങളും സംയുക്തമായി വ്യോമാക്രമണം നടത്തിയതെന്നാണ് റിപോർട്ട്. ആഗോള വ്യാപാരത്തെ ഭീഷണിപ്പെടുത്താന്‍ ഹൂതികള്‍ നടത്തുന്ന നീക്കങ്ങള്‍ തകര്‍ക്കാനാണ് വ്യോമാക്രമണം ലക്ഷ്യമിടുന്നതെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ടൈഫൂണ്‍ ഇനത്തില്‍ പെട്ട നാലു വിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം. ഇന്ധനം നിറക്കാന്‍ വോയേജര്‍ വിമാനം അകമ്പടി സേവിച്ചിരുന്നു. രണ്ട് കേന്ദ്രങ്ങളില്‍ പേവ് പേ ഇനത്തില്‍ പെട്ട ബോംബുകളും പ്രയോഗിച്ചു. ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ വിലയിരുത്തിവരികയാണെന്ന് ബ്രിട്ടന്‍ അറിയിച്ചു. ഇത് ലോകത്തെ മറ്റൊരു യുദ്ധഭീകരതയിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് സമാധാനകാംക്ഷികളെല്ലാം. നീതിക്കും ന്യായത്തിനും വിലകൽപ്പിക്കാത്ത ശക്തികൾ ഒന്നിനും മടിക്കില്ലെന്നത് രംഗം എത്ര കണ്ട് വഷളാക്കുമെന്ന ഭീതിയാണ് പടർത്തുക.
ഗാസയ്ക്കു നേരേയുള്ള ഇസ്രയേലിന്റെ കൊടും ഭീകരതയിൽ ക്ഷമ നഷ്ടപ്പെട്ടാണ് ഹൂതികൾ പ്രതിഷേധമെന്ന നിലയിൽ ചെങ്കടലിൽ ചരക്കുകപ്പലുകൾക്കു നേരെ ആക്രമണം തുടങ്ങിത്. എന്നാൽ, ചെങ്കടലിലെ ഈ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ സൈനിക നടപടി നേരിടേണ്ടിവരുമെന്നും യു.എസും യു.കെയും കഴിഞ്ഞാഴ്ച ഹൂതികൾക്ക് മുന്നറിയിപ്പ് നല്കിയിരുന്നു. ഇതേ തുടർന്ന് കുറച്ച് ദിവസം ആക്രമണങ്ങൾക്ക് ഹൂതികൾ അവധി കൊടുത്തെങ്കിലും ഗാസയിൽ സമാധാനം പുലരാത്തതിനെ തുടർന്ന് ചൊവ്വാഴ്ച ചെങ്കടലിൽ ചരക്കുകപ്പലുകൾക്കു നേരെ വീണ്ടും മിസൈലുകൾ തൊടുക്കുകയായിരുന്നു. ഇതാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും പ്രകോപനം. സംയുക്ത സൈന്യം 18 ഡ്രോണുകൾ വെടിവച്ചിടുകയും രണ്ട് ക്രൂയിസ് മിസൈലുകളും രണ്ട് കപ്പൽവേധ മിസൈലുകളും തകർക്കുകയും ചെയ്തതായാണ് റിപോർട്ട്.
അതിനിടെ, യു.എസിന്റെയും യു.കെയുടെയും നടപടികളെ പിന്തുണച്ച് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ യു.എസ് വിദേശകാര്യ സെക്രട്ടറിയുമായി ആശയവിനിമയം നടത്തി നീക്കങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. തുർക്കിയിൽനിന്ന് ഇന്ത്യയിലേക്ക് വന്ന ട്രക്ക് കാരിയർ ഉൾപ്പെടെ നവംബർ 19ന് ശേഷം 27 കപ്പലുകൾക്കെതിരെ ഹൂതികൾ ആക്രമണം നടത്തിയതായാണ് റിപോർട്ടുകൾ. ചരക്കുകപ്പലുകൾക്കു നേരെ തൊമാഹ്വാക്ക് മിസൈലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചായിരുന്നു ഹൂതികളുടെ ആക്രമണം. ഇതിന് കനത്ത തിരിച്ചടി നൽകുകയാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും ലക്ഷ്യം. ഹൂതികളുടെ ലോജിസ്റ്റിക് ഹബ്ബുകൾ, പ്രതിരോധ സംവിധാനങ്ങൾ, ആയുധപ്പുരകൾ എന്നിവ ലക്ഷ്യമാക്കിയാണ് സംയുക്ത സൈനിക ആക്രമണങ്ങൾക്ക് തുടക്കമിട്ടത്. ഹൂതികളുടെ ചെങ്കടൽ ആക്രമണത്തെ യു.എനും അപലപിച്ചിരുന്നു. ഇത് സൈനിക നടപടിക്കുള്ള പച്ചക്കൊടിയായാണ് യു.എസും ബ്രിട്ടനും വ്യാഖ്യാനിക്കുന്നത്. ചെങ്കടലിലെ ഹൂതി ആക്രമണം ഇനി വച്ചു പൊറുപ്പിക്കില്ലെന്ന നിലപാടിലാണ് അമേരിക്കയും ബ്രിട്ടനുമുള്ളത്. എന്നാൽ, ഇസ്രായിലിനെ പിന്തുണയ്ക്കുന്ന, സംയുക്ത സൈനിക നീക്കങ്ങളെ പിന്തുണയ്ക്കുന്നവരെ തങ്ങളും വെറുതെ വിടില്ലെന്ന മുന്നറിയിപ്പാണ് ഹൂതികളും നൽകുന്നത്.
ഹൂതികളെ ഇറാൻ പിന്തുണയ്ക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ബ്രിട്ടനും അമേരിക്കയും തുടർ ആക്രമണങ്ങൾ നടത്തുകയും ഹൂതികൾ ബദൽ പ്രത്യാക്രമണ പദ്ധതികളിലേക്കു നീങ്ങുകയും ചെയ്താൽ പശ്ചിമേഷ്യയിൽ യുദ്ധകാർമേഘം കൊടും ദുരന്തങ്ങളാണ് വരുത്തിവെക്കുക.