സനാ - ചെങ്കടലിലെ ഹൂതി ആക്രമണത്തിന് തിരിച്ചടിയെന്നോണം യെമനിലെ ഹൂതി കേന്ദ്രങ്ങൾ ആക്രമിച്ച് അമേരിക്കയും ബ്രിട്ടനും. തലസ്ഥാനമായ സനായിലും പ്രധാന നഗരങ്ങളായ സദാ, ധമർ, ഹുദയ്ദാ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി.
ഹൂതികളുടെ ആയുധ സംഭരണം, വ്യോമ പ്രതിരോധം, ലോജിസ്റ്റിക് സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ അമേരിക്കയ്ക്കും ബ്രിട്ടനും കനത്ത വില നല്‌കേണ്ടി വരുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. യു.എസിന് പിന്തുണ നൽകുന്ന രാജ്യങ്ങൾക്ക് നേരെയും തിരിച്ചടിക്കുമെന്ന് ഹൂതികൾ പറഞ്ഞു. അമേരിക്കയും ബ്രിട്ടനും സംയുക്തമായാണ് ആക്രമണം നടത്തിയതെന്നും ഹൂതി മാധ്യമം സ്ഥിരീകരിച്ചു.
പ്രതിരോധത്തിനായുള്ള അനിവാര്യ ആക്രമണമാണ് നടത്തിയതെന്ന് ബ്രിട്ടൻ പ്രതികരിച്ചു. സ്വതന്ത്ര വ്യാപാര മാർഗം ഉറപ്പാക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചു.
നിരപരാധികളായ ഫലസ്തീനികൾക്കു നേരെയുള്ള ഇസ്രായിലിന്റെ കൂട്ടക്കുരുതിയിൽ അറുതിയില്ലാത്തതിനെ തുടർന്നാണ് അവരെ പിന്തുണക്കുന്നവരുടെ ചരിക്കുകപ്പലുകൾക്കു നേരെ ചെങ്കടലിൽ ഹൂതികൾ അക്രമണം നടത്തിയത്.