കോഴിക്കോട്- നയന്‍താര നായികയായ അന്നപൂരണിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കം ചെയ്തതിനു പിന്നാലെയാണ് പാര്‍വതിയുടെ പ്രതികരണം. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് വിവാദത്തോട് പാര്‍വതി പ്രതികരിച്ചത്.
'അപകടകരമായ ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നു' എന്നായിരുന്നു വിവാദത്തില്‍ താരം പ്രതികരിച്ചത്. സിനിമ ഇത്തരത്തില്‍ സെന്‍സറിങ്ങിന് വിധേയമാകുമ്പോള്‍ ശ്വാസം കിട്ടാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും പാര്‍വതി കുറിച്ചു. അന്നപൂരണി എന്ന ചിത്രം ശ്രീരാമദേവനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും വ്യാപക പരാതി ഉയര്‍ന്നതോടെയാണ് ചിത്രം വിവാദക്കുരുക്കില്‍ പെട്ടത്. ഇതിന് പിന്നാലെ നെറ്റ്ഫ്‌ളിക്‌സില്‍ നിന്നു ചിത്രം നീക്കം ചെയ്തു. ക്ഷേത്രപൂജാരിയുടെ മകള്‍ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങള്‍ സിനിമയിലുണ്ട് എന്നതാണ് വിവാദത്തിന് ഇടയാക്കിയത്. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയില്‍ നയന്‍താരയ്ക്കും സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ മധ്യപ്രദേശിലും മുംബൈയിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യമാണ് അന്നപൂരണി തിയറ്ററുകളിലെത്തിയത്. ഡിസംബര്‍ അവസാനം നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം പ്രദര്‍ശനം തുടങ്ങിയതോടെയാണ് വ്യാപക വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്നത്.