കൊച്ചി- മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ടീസര്‍ പുറത്തുവന്നു. ഭയപ്പെടുത്തുന്ന രീതിയിലുള്ള ടീസറിലെ രംഗങ്ങള്‍ ബ്ലാക്ക് ആന്റ് വൈറ്റിലാണ് പുറത്തു വന്നിട്ടുള്ളത്. സിനിമ കറുപ്പിലും വെളുപ്പിലുമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് സൂചന.
ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രാഹുല്‍ സദാശിവനാണ് ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഭ്രമയുഗം ഒരുക്കിയത്. മമ്മൂട്ടിക്ക് പുറമേ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവര്‍ ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
പ്രശസ്ത സാഹിത്യകാരന്‍ ടി. ഡി. രാമകൃഷ്ണനാണ് ഭ്രമയുഗത്തിന്റെ സംഭാഷണം എഴുതിയിരിക്കുന്നത്. ദുര്‍മന്ത്രവാദിയാണ് സിനിമയില്‍ മമ്മൂട്ടി.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.