Sorry, you need to enable JavaScript to visit this website.

ഹിന്ദു സംഘടനകളുടെ പ്രതിഷേധം: നയന്‍താര  ചിത്രം അന്നപൂരണി നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കി

മുംബൈ-തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെ നായികയാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത 'അന്നപൂരണി' ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കി. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോയും ട്രിഡെന്റ് ആര്‍ട്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് നിര്‍മ്മാതാക്കള്‍ക്കെതിരെ മുന്‍ ശിവസേന നേതാവ് രമേശ് സോളങ്കി പരാതി നല്‍കിയിരുന്നു. ചിത്രം ഹിന്ദു വിരുദ്ധമാണെന്നും ഭഗവാന്‍ രാമന്‍ മാംസം ഭക്ഷിച്ചെന്ന് പറയുന്ന രംഗം മതവികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. മതവികാരം വ്രണപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നുവെന്നും വിവാദ രംഗങ്ങള്‍ നീക്കുമെന്നും സീ സ്റ്റുഡിയോ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. ഡിസംബര്‍ ഒന്നിന് തിയേറ്ററിലെത്തിയ അന്നപൂരണി ഡിസംബര്‍ 29നാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്തത്.
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്റെ സമയത്ത് നെറ്റ്ഫ്‌ളിക്‌സും സീ സ്റ്റുഡിയോയും ഈ ചിത്രം നിര്‍മ്മിച്ച് പുറത്തിറക്കിയത് ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും രമേശ് സോളങ്കി ആരോപിക്കുന്നു. മുംബൈ പോലീസിന് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ രമേശ് സോളങ്കി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ചിത്രം നീക്കം ചെയ്തിരിക്കുന്നത്.
രമേശ് സോളങ്കിക്ക് പുറമെ വിശ്വഹിന്ദു പരിഷത്ത് വക്താവ് ശ്രീരാജ് നായരും ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. സിനിമയില്‍ നിന്നുള്ള ഒരു ദൃശ്യം പങ്കുവച്ച ശേഷം ഉടനടി ഈ സിനിമ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി നേരിടുമെന്നും ശ്രീരാജ് നായര്‍ പറഞ്ഞിരുന്നു. ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജനെയാണ് നായന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.


 

Latest News