തുടർച്ചയായി ഉപയോക്താക്കളെ നഷ്ടപ്പെടുകയാണെന്ന കണക്കിനു പിന്നാലെ 4ജി സൗകര്യത്തിന്റെ കരുത്തിൽ കൂടുതൽ വരിക്കാരെ നേടാനുകുമെന്ന പ്രതീക്ഷയിൽ ബി.എസ്.എൻ.എൽ. ഈ വർഷം അവസാനത്തോടെ മൊബൈൽ വരിക്കാരുടെ എണ്ണത്തിലെ വിപണി വിഹിതം 20 ശതമാനത്തിലേക്ക് ഉയർത്താനാകുമെന്നാണ് പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലിന്റെ പ്രതീക്ഷ.
നിലവിൽ 8.08 ശതമാനം വിപണി വിഹിതമേ ബി.എസ്.എൻ.എല്ലിനുള്ളൂ. ആകെ മൊബൈൽ വരിക്കാർ 9.28 കോടി രൂപയും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഒക്ടോബർ വരെയുള്ള കണക്കു പ്രകാരമാണിത്.
ഒക്ടോബർ വരെയുള്ള 22 മാസക്കാലം പരിഗണിച്ചാൽ ബി.എസ്.എൻ.എല്ലിന് തുടർച്ചയായി ഉപയോക്താക്കളെ നഷ്ടപ്പെടുകയാണെന്ന കണക്കുകളാണ് ട്രായ് പുറത്തുവിട്ടത്. നിലവിൽ 39.3 ശതമാനം വിഹിതവുമായി റിലയൻസ് ജിയോയാണ് വിപണിയിലെ ഏറ്റവും വലിയ കമ്പനി. 32.85 ശതമാനവുമായി ഭാരതി എയർടെൽ രണ്ടാമതും 19.6 ശതമാനം വിപണി വിഹിതവുമായി വോഡാഫോൺഐഡിയ മൂന്നാമതുമാണ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൗകര്യങ്ങളോടെ 4ജി സേവനം വ്യപകമായി നൽകാനുള്ള തയാറെടുപ്പുകളിലാണ് ബി.എസ്.എൻ.എൽ എന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.കെ. പർവാർ പറയുന്നു.
നിലവിൽ പഞ്ചാബിലും ഹരിയാനയിലും 4ജി സേവനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. വൈകാതെ ഉത്തർപ്രദേശ് ഈസ്റ്റിലും ഉത്തർപ്രദേശ് വെസ്റ്റിലും സേവനം നൽകും. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും 4ജി സംവിധാനങ്ങൾ ഒരുക്കുകയാണ്.
2025 ന്റെ തുടക്കത്തിൽ തന്നെ 5ജി സേവനവും ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ബി.എസ്.എൻ.എൽ.
നടപ്പുവർഷം സെപ്റ്റംബർ പാദത്തിൽ ബി.എസ്.എൻ.എൽ 1482 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു. ജൂൺ പാദത്തിലെ 1470 കോടി രൂപയിൽ നിന്ന് നഷ്ടം കൂടി. വരുമാനം 5.1 ശതമാനം താഴ്ന്ന് 4071 കോടി രൂപയുമായിരുന്നു. ബി.എസ്.എൻ.എൽ ഏറ്റവും അവസാനം ലാഭം രേഖപ്പെടുത്തിയത് 2008-09 ലാണ്. തുടർന്ന് ഇതിനകം രേഖപ്പെടുത്തിയത് ഒരു ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടം.