ന്യൂദല്‍ഹി- ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ മുന്നണിയില്‍ നടക്കുന്ന സീറ്റ് വിഭജന ചര്‍ച്ചകളില്‍ ദല്‍ഹിയിലും പഞ്ചാബിലും പുരോഗതി. രണ്ട് സംസ്ഥാനങ്ങളിലെയും ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി, ദല്‍ഹിയില്‍ മൂന്ന് സീറ്റുകളും പഞ്ചാബില്‍ ആറ് സീറ്റുകളും കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തു. പകരം ഹരിയാനയിലും ഗുജറാത്തിലും ഗോവയിലും ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളില്‍ ഓരോ സീറ്റും ഹരിയാനയില്‍ മൂന്ന് സീറ്റുമാണ് ആപ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വവും കോണ്‍ഗ്രസ് ദേശീയ സഖ്യ സമിതിയും ചര്‍ച്ച നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്നിക്, അശോക് ഗെലോട്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എ.എ.പിയെ പ്രതിനിധീകരിച്ച് രാജ്യസഭാ എം.പി സന്ദീപ് പഥക്, ദല്‍ഹി കാബിനറ്റ് മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരും. യോഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇരു പാര്‍ട്ടികളും തയ്യാറായിട്ടില്ല.
അറവുശാലകളായി ജിദ്ദയിലെ മലയാളി റെസ്റ്റോറന്റുകള്‍; സോഷ്യല്‍ മീഡിയയില്‍ പ്രചാരണം
ദല്‍ഹിയിലെ ആകെയുള്ള ഏഴ് ലോക്സഭ സീറ്റുകളിലും കഴിഞ്ഞ തവണ ബി.ജെ.പിയാണ് ജയിച്ചത്. എന്നാല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ചേര്‍ന്ന് മത്സരിച്ചാല്‍ ഇവിടെ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കട്ടെയെന്ന എ.എ.പി നിര്‍ദേശം കോണ്‍ഗ്രസ് അംഗീകരിക്കാനാണ് സാധ്യത. ശേഷിക്കുന്ന നാല് സീറ്റുകളിലായിരിക്കും എ.എ.പി സ്ഥാനാര്‍ഥികള്‍ മത്സരിക്കുക. പഞ്ചാബില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ എ.എ.പി സംസ്ഥാന ഘടകം ശക്തമായി എതിര്‍ക്കുമ്പോഴാണ് ആകെയുള്ള 13 സീറ്റുകളില്‍ ആറു സീറ്റുകള്‍ എ.എ.പി കോണ്‍ഗ്രസിന് വെച്ചു നീട്ടിയിരിക്കുന്നത്. ഏഴിടത്ത് എ.എ.പി സ്ഥാനാര്‍ഥികള്‍ മത്സരിക്കും. എന്നാല്‍ ഈ നിര്‍ദേശത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ സംസ്ഥാനങ്ങളിലും സഖ്യ സാധ്യതകള്‍ പരിശോധിക്കണമെന്ന നിര്‍ദേശവും എ.എ.പി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇന്ത്യ സഖ്യത്തിന്റെ നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി ദല്‍ഹിയില്‍ ഓഫീസ് സ്ഥാപിക്കണമെന്ന നിര്‍ദേശവും എ.എ.പി കോണ്‍ഗ്രസിന് മുന്നില്‍വെച്ചു.
കോണ്‍ഗ്രസും എ.എ.പിയും ശക്തമായ തയ്യാറെടുപ്പോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും യോഗത്തിന് ശേഷം മുകുള്‍ വാസ്നിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചര്‍ച്ചയില്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് ശരിയല്ല, കുറച്ച് സമയം കാത്തിരിക്കണം. ഒരുമിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ നേരത്തെ തീരുമാനിച്ചതാണ്. കോണ്‍ഗ്രസും എ.എ.പിയും ഇന്ത്യ സഖ്യത്തിന്റെ പ്രധാന ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.