Sorry, you need to enable JavaScript to visit this website.

രാഹുൽ മാങ്കൂട്ടത്തലിന് ജാമ്യമില്ല, റിമാന്‍റ് ചെയ്തു; അറസ്റ്റിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം

തിരുവനന്തപുരം- കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടയിലുണ്ടായ സംഘർഷത്തിൽ പ്രതി ചേർക്കപ്പെട്ട് അറസ്റ്റിലായ യൂത്തുകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. പോലീസ് ചുമത്തിയ വകുപ്പുകള്‍ ഗുരുതരമായതിനാല്‍ രാഹുലിനെ റിമാന്‍റ് ചെയ്തു.  തിരുവനന്തപുരം വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.  ഇന്ന്(ചൊവ്വ) രാവിലെ അടൂരിലെ വീട്ടിൽ നിന്നാണ് രാഹുലിനെ തിരുവനന്തപുരത്ത് നിന്നെത്തിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.  പോലീസ് അറസ്റ്റു ചെയ്തു.തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് അടൂരിലെത്തി അറസ്റ്റ് ചെയ്തത്. പനിയെ തുടർന്ന് ആശുപത്രിയിലായിരുന്ന രാഹുൽ ഇന്നലെയാണ് ആശുപത്രി വിട്ട് വീട്ടിലെത്തിയത്. ഈ കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതിയാണ്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റിനെതിരെ കോൺഗ്രസും യു.ഡി.എഫും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചു. 
സമരങ്ങളുടെ പേരിൽ അറസ്റ്റുകൾ സ്വാഭാവികമാണെങ്കിലും ഇത്തരത്തിൽ ജനാധിപത്യ വിരുദ്ധമായ പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമരങ്ങളും പ്രതിഷേധങ്ങളും രാഷ്ട്രീയത്തിൽ സ്വാഭാവികമാണ് ഇതിന്റെ പേരിൽ നേതാക്കൾക്കെതിരെ മുൻകാലങ്ങളിലും പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഈ രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അറസ്റ്റ് ചെയ്യേണ്ട ആവശ്യം എന്താണുള്ളത് എന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. പോലീസ് നടപടി അപ ലപനീയവും പ്രതിഷേധാർഹവും ആണെന്ന് അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പാലക്കാട് ടൗൺ സൗത്ത് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥ. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.എസ്.ജയഘോഷ്, ജനറൽ സെക്രട്ടറി വിനോദ് ചെറാട് എന്നിവർ നേതൃത്വം നൽകി. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് പ്രതിപക്ഷ യുവജന സംഘടനകളോടുള്ള പിണറായിയുടെ യുദ്ധപ്രഖ്യാപനമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. 
മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാട് നീളെ പരസ്യം ചെയ്ത് കോടികൾ മുടക്കി നടത്തിയ നവകേരള സദസ്സിനെ കേരള ജനത തിരസ്‌കരിച്ചതിന്റെ കലിപ്പ് തീർക്കുകയാണ് മുഖ്യമന്ത്രി. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ ഇല്ലാതാക്കുന്ന മോദിയെ രാഷ്ട്രീയ ഗുരുവാക്കിയ പിണറായി ഇപ്പോൾ ആശാനെ കടത്തിവെട്ടുന്ന പ്രിയ ശിഷ്യനായി മാറിയിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് പ്രതിപക്ഷ യുവജന സംഘടനകളുടെ പോരാട്ട വീര്യം തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഇതിനെതിരെ നാളെ ചേരുന്ന യു.ഡി.വൈ.എഫ് യോഗം ശക്തമായ സമരത്തിന് രൂപം നൽകും.
കാപ്പ ചുമത്തി ജയിലിലടക്കേണ്ട നേതാവാണ് ഇപ്പോൾ എസ്.എഫ്.ഐ യെ നയിക്കുന്നത്. കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐ ക്കാരന് രക്ഷപ്പെടാൻ സൗകര്യം നൽകിയ പോലീസാണ് നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകക്കെതിരെ കേസെടുത്തതും. നവകേരള സദസ്സിനെ പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച ഡി.വൈ.എഫ്.ഐ ക്കാർക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ മുഖ്യമന്ത്രിയുടെ കീഴിൽ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെയുള്ള വേട്ടയാടലിനെ ശക്തമായി നേരിടുമെന്നും ഫിറോസ് വ്യക്തമാക്കി.
പോലീസ് നടപടിക്കെതിരെ കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരുടെ പ്രതിഷേധം ഉയർന്നു. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. കമ്മിഷണർ ഓഫിസിനു സമീപം പൊലീസ് മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാർക്കെതിരെ പോലീസ് ബലംപ്രയോഗിച്ചതോടെ സംഘർഷാവസ്ഥ ഉണ്ടായി.
ഉപരോധസമരം നീണ്ടതോടെ നേതാക്കൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി.  അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. സമരത്തിന് എൻ എസ് യു ദേശീയ ജനൽ  സെക്രട്ടറി കെ എം അഭിജിത്ത്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷഹിൻ, സംസ്ഥാന ഭാരവാഹികളായ സുഫിയാൻ ചെറുവാടി, ടി എം നിമേഷ്, എം പി ബബിൻ രാജ്, വി ടി നിഹാൽ കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ , റിനേഷ് ബാൽ, എം ഷിബു , ജിനീഷ് ലാൽ മുല്ലാശ്ശേരി,ആഷിക്ക് കുറ്റിച്ചിറ, സിറാജുദ്ദീൻ പെരുമണ്ണ,ജറിൽ ബോസ്, ഹസീബ് അറക്കൽ,ജിൽജോ ജോർജ്ജ് , പി പി റമീസ്, അസീസ് മാവൂർ, അഭിജിത്ത് ഉണ്ണികുളം, ആഷിഖ് ബേപ്പൂർ എന്നിവർ നേതൃത്വം നൽകി.
 

Latest News