ചണ്ഡീഗഡ്-ചൗധരി ദേവിലാല്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി ഹരിയാനയിലെ സിര്‍സയില്‍ നിന്നുള്ള അഞ്ഞൂറ് വിദ്യാര്‍ത്ഥിനികള്‍. പ്രൊഫസറെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും മുഖ്യമന്ത്രി എം എല്‍ ഖട്ടറിനും കത്തയച്ചു.പരാതിയുടെ കോപ്പികള്‍ വൈസ് ചാന്‍സലര്‍ ഡോ.അജ്മീര്‍ സിംഗ് മാലിക്കിനും ഹരിയാന ഗവര്‍ണര്‍ ആര്‍ ബന്ദാരു ദത്താത്രേയയ്ക്കും, ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജിക്കും,ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മയ്ക്കും,മാദ്ധ്യമങ്ങള്‍ക്കും അയച്ചിട്ടുണ്ട്.വൃത്തികെട്ടതും അശ്ലീലവുമായ പ്രവൃത്തികള്‍ പ്രൊഫസറുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആരോപണം. 'പ്രൊഫസര്‍ വിദ്യാര്‍ത്ഥിനികളെ ഓഫീസിലേക്ക് വിളിപ്പിക്കുകയും, അവരെയും കൊണ്ട് ടോയ്ലറ്റില്‍ പോകുകയും ചെയ്യുന്നു. സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച്, അശ്ലീലമായ പല കാര്യങ്ങളും ചെയ്യുന്നു. ഞങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ വളരെ മോശം പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.'- എന്നാണ് കത്തിലുള്ളത്.
തങ്ങളെ സഹായിക്കുന്നതിന് പകരം പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് വൈസ് ചാന്‍സലര്‍ ചെയ്തതെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. പ്രൊഫസര്‍ വലിയ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്ന് പറഞ്ഞ് ആരോപണങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
ഈ അശ്ലീലത മാസങ്ങളായി തുടരുകയാണെന്നും പരാതിയില്‍ പറയുന്നു. സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യൂണിവേഴ്‌സിറ്റിയിലെത്തി പരാതിക്കാരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.നാണക്കേട് ഭയന്ന് തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന് തീരുമാനിച്ചതായി കത്തില്‍ പറയുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. അതേസമയം, അജ്ഞാത കത്ത് ലഭിച്ചതായി സര്‍വകലാശാല രജിസ്ട്രാര്‍ ഡോ രാജേഷ് കുമാര്‍ ബന്‍സാല്‍ സ്ഥിരീകരിച്ചു.