ബെയ്‌റൂത്ത്/ ഗാസ- ഗാസയില്‍ ഇസ്രായില്‍ സൈന്യം നരമേധം തുടരവേ, തെക്കന്‍ ലബനോനില്‍ ഹിസ്ബുല്ലയുടെ പ്രമുഖ കമാന്റര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ സായുധ വിഭാഗമായ റദ്‌വാന്‍ ഫോഴ്‌സിന്റെ സീനിയര്‍ കമാന്റര്‍ വിസ്സാം ഹസന്‍ തവീല്‍ ആണ് കൊല്ലപ്പെട്ടത്. മരണം ഹിസ്ബുല്ല സ്ഥിരീകരിച്ചു. ഇസ്രായിലാണ് ആക്രമണത്തിന് പിന്നിലെന്നും ഹിസ്ബുല്ല സൂചിപ്പിച്ചു. ഹിസ്ബുല്ലയുടെ നിരവധി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് പറഞ്ഞ ഇസ്രായില്‍ സൈന്യം പക്ഷെ, വിസ്സാമിന്റെ മരണത്തെകുറിച്ച് പ്രതികരിച്ചില്ല. കഴിഞ്ഞ ദിവസങ്ങളില്‍ തെക്കന്‍ ലെബനോനില്‍നിന്ന് ഇസ്രായിലിലേക്ക് ഹിസ്ബുല്ല അതിശക്തമായ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
അതേസമയം, ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23,000 കവിഞ്ഞു. ഇന്നലെ മാത്രം 249 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ യുദ്ധമാരംഭിച്ചശേഷം മൊത്തം മരണസംഖ്യ 23,084 ആയി. ഇതില്‍ 9,600 ലേറെ പേര്‍ കുട്ടികളാണ്. 24 മണിക്കൂറിനിടെ 510 പേര്‍ക്കുകൂടി പരിക്കേറ്റതോടെ മൊത്തം പരിക്കേറ്റവരുടെ എണ്ണം 59,000 കവിഞ്ഞു.
അതിനിടെ, സമാധാന ശ്രമങ്ങളുടെ ഭാഗമായി മേഖലയിലുള്ള യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്നലെ സൗദി അറേബ്യയിലെത്തി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച നടത്തി. അല്‍ ഉലയിലെ കിരീടാവകാശിയുടെ ശൈത്യകാല താമസ സ്ഥലത്തായിരുന്നു കൂടിക്കാഴ്ച.
ഗാസയില്‍ സൈന്യത്തിന്റെ ശക്തിപ്രകടനം കാഴ്ചവെക്കുന്ന ഘട്ടം അവസാനിപ്പിക്കുകയാണെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്ര യോവാവ് ഗാലന്റ് പറഞ്ഞു. കരയുദ്ധത്തിന്റെ തീവ്രത കുറച്ച് വ്യോമാക്രണവും, മിസൈല്‍ ആക്രമണവും തുടരാനാണ് നീക്കമെന്നാണ് സൂചന. ഗാസയില്‍ ഇസ്രായില്‍ സൈന്യത്തെ പുറത്തുകൊണ്ടുവരുന്നതിന് തങ്ങള്‍ നിശബ്ദമായി ശ്രമിച്ചുവരികയാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സൗത്ത് കരോലിനയിലെ ഒരു ചടങ്ങില്‍ പറഞ്ഞു.
ഗാസയില്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതില്‍ ഇസ്രായില്‍ ഉടക്കുണ്ടാക്കുന്നത് തുടരുകയാണ്. ഫ്രാന്‍സിന്റെയും, ജോര്‍ദാന്റെയും പോര്‍വിമാനങ്ങള്‍ സംയുക്ത ഓപറേഷനിലൂടെ ദുരിതാശ്വാസ വസ്തുക്കള്‍ ഗാസയില്‍ ആകാശത്തുനിന്ന് ഇട്ടുകൊടുത്തതായി റിപ്പോര്‍ട്ടുണ്ട്.