മുംബൈ- നയന്‍താരയുടെ സിനിമ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ച് ഹിന്ദു ഐ. ടി സെല്‍ പരാതിയുമായി രംഗത്ത്. തുടര്‍ന്ന് സംഭവത്തില്‍ മുംബൈ എല്‍. ടി മാര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്. ഐ. ആര്‍ ഫയല്‍ ചെയ്തു.
നയന്‍താര അഭിനയിച്ച 'അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ്' എന്ന ചിത്രത്തിനെതിരെയാണ് ഹിന്ദു ഐ. ടി സെല്‍ രംഗത്തെത്തിയത്. അതുകൂടാതെ ശ്രീരാമന്‍ മാംസാഹാരം കഴിക്കുന്നയാളായിരുന്നുവെന്ന് ചിത്രത്തിലെ നായകകഥാപാത്രമായ ജയ് പറയുന്നുണ്ടെന്നും ഇത് മതവികാരം വ്രണപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
സിനിമയിലെ ഒരു രംഗത്തില്‍ പാചക മത്സരത്തിന് മുമ്പ് സ്‌കാര്‍ഫ് കൊണ്ട് തല മറച്ച് ഇസ്‌ലാമിക വിധി പ്രകാരം നമസ്‌കരിക്കുന്നുണ്ടെന്നും പാചകം ചെയ്യുന്നതിന് മുമ്പ് നമസ്‌കരിക്കുമ്പോള്‍ തന്റെ ബിരിയാണിക്ക് അസാധാരണമായ രുചിയുണ്ടായിരുന്നുവെന്ന് കോളെജിലെ ഒരു സുഹൃത്ത് നയന്‍താരയുടെ കഥാപാത്രത്തിനോട് പറയുന്ന രംഗമുണ്ടെന്നും ഹിന്ദു ഐ. ടി സെല്‍ ആരോപിക്കുന്നു. ഈ രംഗങ്ങളെല്ലാം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ആരോപണം.
നയന്‍താരയുടെ 75-ാം ചിത്രമാണ് 'അന്നപൂരണി: ദ ഗോഡ്‌സ് ഓഫ് ഫുഡ്'. സിനിമ ഒ. ടി. ടിയില്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് ഹിന്ദു ഐ. ടി സെല്‍ പരാതിയുമായി എത്തിയത്.