Sorry, you need to enable JavaScript to visit this website.

പ്രവാസി ഇന്ത്യക്കാർക്ക് അനുയോജ്യം മ്യൂച്വൽ ഫണ്ടുകൾ

ഓഹരി വിപണി സർവകാല റെക്കോഡിലേക്ക് കുതിക്കുമ്പോൾ വിദേശ ഇന്ത്യക്കാരടക്കമുള്ള നിക്ഷേപകർ സ്വീകരിക്കേണ്ട തന്ത്രങ്ങളെപ്പറ്റി ജെ.എം ഫിനാൻഷ്യൽ അസെറ്റ് മാനേജ്മെന്റ് ഇക്വിറ്റി ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ സതീഷ് രാമനാഥൻ സംസാരിക്കുന്നു.

ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ താൽപര്യമുള്ള വിദേശ ഇന്ത്യക്കാർക്ക് എന്തുപദേശമാണ് നൽകാനുള്ളത് ? 

ഓഹരി വിപണിയിൽ പങ്കാളികളാകാൻ താൽപര്യമുള്ള വിദേശ ഇന്ത്യക്കാർ നേരിട്ട് ഓഹരികളിൽ നിക്ഷേപിക്കുന്നതിനേക്കാൾ നല്ലത് റിസ്‌ക് -റിവാഡ് അനുപാതം കൂടുതലുള്ള മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് . മ്യൂച്വൽ ഫണ്ടുകളാണ് കൂടുതൽ ഫലപ്രദമായ ഉപാധി. മാർക്കറ്റ് കാപിറ്റലൈസേഷൻ (എം കാപ്),  തീമാറ്റിക് ഫണ്ടുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ വൈവിധ്യമാർന്ന ഇക്വിറ്റി സബ് ക്ലാസുകളാണ് മ്യൂച്വൽ ഫണ്ടുകൾക്കുള്ളത്. ആസ്തി വിന്യാസ പ്രക്രിയയെക്കുറിച്ചു മനസിലാക്കുന്നതിന് ഒരു മ്യൂച്വൽ ഫണ്ട് ഡിസിട്രിബ്യൂട്ടറുടെയോ ഉപദേഷ്ടാവിന്റെയോ സഹായം തേടുകയാണ് വേണ്ടത്.

ഇസ്രായിൽ-ഹമാസ് സംഘർഷം ആഗോള വിപണിയെ എങ്ങനെയാണ് ബാധിച്ചത്? 

വർധിച്ചു വരുന്ന രാജ്യാന്തര സംഘർഷങ്ങളും കാലാവസ്ഥാ വ്യതിയാനവും മൂലം വിപണി കൂടുതൽ അനിശ്ചിതമാകുന്നുണ്ട്. ചില രാജ്യാന്തര സംഘർഷങ്ങൾ നമ്മുടെ തന്ത്രങ്ങൾ പുനരവലോകനം ചെയ്യാൻ നിക്ഷേപ മേഖലയെ പ്രേരിപ്പിക്കും. കൂടെക്കൂടെയുള്ള വിലയിരുത്തലുകളും, പരിശോധനകളും നിക്ഷേപ ചട്ടക്കൂടിന്റെ ഭാഗമായതിനാൽ അടിസ്ഥാന സാമ്പത്തിക ഘടകങ്ങളിലോ, വിപണിയുടെ ചലനങ്ങളിലോ ഉണ്ടാകുന്ന ഏതു ചെറിയ മാറ്റവും വിലയിരുത്തുകയും വേഗത്തിൽ നടപടികളെടുക്കുവാനും പോർട്ഫോളിയോയിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്താനും സാധിക്കും. 

സതീഷ് രാമനാഥൻ

സംസ്ഥാന തെരെഞ്ഞടുപ്പുകളുടേയും  2024ലെ പൊതു തെരഞ്ഞടുപ്പിന്റേയും ഫലങ്ങൾ ഇന്ത്യൻ വിപണിയെ ഏതു വിധത്തിലായിരിക്കും  ബാധിക്കുക ? 

തെരഞ്ഞെടുപ്പുകൾക്കു പ്രാധാന്യമുണ്ടെങ്കിലും ആഗോളതലത്തിലെ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിലായിരിക്കണം നയങ്ങൾ രൂപീകരിക്കുന്നവരുടെ ശ്രദ്ധ. തൊഴിൽ മേഖലയിലേക്ക് കടന്നു വരുന്നവരുടെ കൂടിയ എണ്ണം കണക്കിലെടുക്കുമ്പോൾ കഴിയുന്നത്ര കൂടുതൽ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടേണ്ടത് എന്നു കാണാം. സബ്‌സിഡികൾക്കു പകരം അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലാണ് ഇപ്പോൾ സർക്കാരിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സമ്പദ് വ്യവസ്ഥയിൽ സാമ്പത്തിക വളർച്ചയുടെ വേഗം വർധിപ്പിക്കുന്നതിന് ഇത് സഹായകമാവും. 

വിപണിയിൽ  സമീപ ഭാവിയിൽ എന്തു സംഭവിക്കുമെന്നാണ് താങ്കൾ കരുതുന്നത് ? 

വാല്യുവേഷനും ലാഭ വളർച്ചയുമായി ബന്ധപ്പെടുത്തിയാണ് വിപണിയെക്കുറിച്ചുള്ള കാഴ്ചപ്പാട്  രൂപീകരിക്കുന്നത്. വരുമാന വളർച്ച നല്ല രീതിയിൽ നിലനിൽക്കുമെന്ന പ്രതീക്ഷയുള്ളപ്പോൾ വാല്യുവേഷനിലൂടെ വ്യവസ്ഥയിൽ ഒരു തരത്തിലുള്ള ആഘാതവും  അനുഭവപ്പെടില്ല. ഇടത്തരം ഓഹരികളിലേതിനേക്കാൾ റിസ്‌ക് കുറയ്ക്കാൻ സംവിധാനമുള്ള വൻകിട ഓഹരികളോടാണ് ഞങ്ങൾക്ക് കൂടുതൽ ചായ്‌വ്. നിഫ്റ്റി 50 ന്യായമായ ലാഭം നൽകുമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര വിപണിയിൽ പണമൊഴുക്കു കുറയുകയും വിദേശ സ്ഥാപന നിക്ഷേപകരിൽ നിന്നുള്ള താങ്ങ് നിലനിൽക്കുകയും ചെയ്യുന്നത് ഓഹരി വിപണിയിൽ പ്രതിഫലിച്ചേക്കും. 

മാറിക്കൊണ്ടിരിക്കുന്ന ആഗോള വിപണി സാഹചര്യങ്ങളിൽ, ഓഹരി വിപണിയിൽ  പരമാവധി അവസരങ്ങൾ കണ്ടെത്താൻ കമ്പനി എങ്ങനെയാണ് തന്ത്രങ്ങൾ മെനയുന്നത് ? 

ജിഇഇക്യു (ഗ്രോത്ത് ഇൻ ഏണിംഗ്‌സ് വിത്ത് ഏണിംഗ്‌സ് ക്വാളിറ്റി) എന്ന വരുമാന തന്ത്രം അടിസ്ഥാനമാക്കി ഫണ്ടുകൾ മുഴുവൻ ചിലവഴിക്കുന്ന ശൈലിയാണ് ഞങ്ങളുടേത്. വിലക്കയറ്റം, പണമൊഴുക്ക്, ഉൽപന്ന വിലകൾ എന്നീ ധന മേഖലയുമായി ബന്ധപ്പെട്ട ഘടകങ്ങൾ വിലയിരുത്തിയാണ് തന്ത്രങ്ങൾ കൈക്കൊള്ളാറുള്ളത്. ഞങ്ങളുടെ പോർട്‌ഫോളിയോകൾ ഊർജ്ജസ്വലമാണ്. മാറിക്കൊണ്ടിരിക്കുന്ന ട്രെൻഡുകളും വാല്യുവേഷനും സദാ ശ്രദ്ധിക്കുന്നുണ്ട്. നിക്ഷേപ തന്ത്രത്തിന്റെ വിശദാംശങ്ങൾ മനസിലാക്കുന്നതിന് പദ്ധതികളെക്കുറിച്ചു വിവരം നൽകുന്ന രേഖകൾ  നിക്ഷേപകർ വായിച്ചു മനസിലാക്കുകയാണു വേണ്ടത്. ഞങ്ങളെ സംബന്ധിച്ചേടത്തോളം ദക്ഷിണേന്ത്യയ്്ക്ക് തന്ത്രപരമായ പ്രാധാന്യമുണ്ട്. 
ബംഗളൂരു, ചെന്നൈ, മംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഇപ്പോൾ തന്നെ കാര്യമായ പ്രവർത്തനം നടക്കുന്നുണ്ട്. മംഗളൂരു, മൈസൂർ, ഈറോഡ്, പുതുച്ചേരി, ഗുണ്ടൂർ, തിരുപ്പതി, വിജയവാഡ, വിശാഖ പട്ടണം, ബെൽഗാം, ഹുബ്ലി, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂർ, മധുരൈ, സേലം, ട്രിച്ചി എന്നീ നഗരങ്ങളിൽ പങ്കാളികളുമായിച്ചേർന്നുള്ള പ്രവർത്തനങ്ങളും സജീവമാണ്. 
സേവനം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഈ നഗരങ്ങളിൽ ശാഖകൾ വികസിപ്പിക്കുകയോ വികസ്വരമായ നവീന ബിസിനസ് കേന്ദ്രങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുകയോ ചെയ്തിട്ടുണ്ട്. വിപണിയെ ഫലപ്രദമായി സേവിക്കുന്നതിന് തികച്ചും സജ്ജരാണ് ഞങ്ങൾ. വെബ്‌സൈറ്റിലെ വിതരണക്കാരുടെ പോർട്ടൽ, ബിഎസ്ഇ, എൻഎസ്ഇ, എംഎഫ്‌യു,  കെഫിൻടെക് എന്നിവയിലൂടെയെല്ലാം ഡിജിറ്റൽ ട്രാൻ്‌സാക്ഷൻ സംവിധാനമുണ്ട്. ദക്ഷിണ മേഖലയിലുടനീളം ഞങ്ങളുടെ സാന്നിധ്യം ശക്തമാണ്. 
ഞങ്ങളുടെ എല്ലാ പങ്കാളികൾക്കും വിതരണക്കാർക്കും പരസ്പര വളർച്ചയ്ക്കു സഹായകമാം വിധം അടിസ്ഥാന പിന്തുണയായി അസെറ്റ് മാനേജ്‌മെന്റ് കമ്പനിയെ (എഎംസി) മാറ്റാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.  സജീവമായ ഫണ്ട് മാനേജ്‌മെന്റിൽ തന്നെയാവും പ്രധാന ശ്രദ്ധ. ഫലപ്രദമായ സാന്നിധ്യം ഉറപ്പു വരുത്തുന്നതിനു പുറമേ ഡിജിറ്റൽ മാർഗങ്ങളിലൂടെയും കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചേരാനാണ് ലക്ഷ്യമിടുന്നത്.    

(മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ അസ്ഥിരതകൾക്കു വിധേയമാണ്. നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധിച്ചു വായിക്കുക )

Latest News