ഇന്ത്യയിൽ മാസങ്ങൾക്കകം പൊതു തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ മൂന്ന് ആഴ്ച കഴിഞ്ഞ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കുക. കഴിഞ്ഞ കേന്ദ്ര ബജറ്റ് പോലെ ഇതും പോപ്പുലറാവാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ഒന്നാം മോഡി സർക്കാരിന് പിണഞ്ഞ ഏറ്റവും വലിയ അബദ്ധമായിരുന്നു നോട്ട് റദ്ദാക്കൽ. റിസർവ് ബാങ്ക് ചെയ്യേണ്ട കാര്യം അർധ രാത്രി പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നടപ്പാക്കിയത് തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. എന്നാൽ നൂറ് കോടിയിലേറെ ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയെന്ന വലിയ രാജ്യത്തിന്റെ സമ്പദ്ഘടന കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുന്നതാണ് പിന്നീട് കണ്ടത്. മുമ്പെന്ന പോലെ ലോകത്തെ തലയെടുപ്പുള്ള ശക്തിയായി ഇന്ത്യയെ മാറ്റുമെന്ന കാര്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഒരു കാര്യം തീർത്തുപറയാം. 2023ൽ നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് യാഥാർഥ്യബോധത്തോടെയുള്ളതായിരുന്നു.
കേന്ദ്ര ധനമന്ത്രി ഫെബ്രുവരി ഒന്നിന് ലോക്സഭയിൽ തുടർച്ചയായ മൂന്നാം വർഷമാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പേപ്പർ രഹിത ഡിജിറ്റൽ ബജറ്റായിരുന്നു അത്. അതേ പോലെ 2024ലെ ഇടക്കാല ബജറ്റും
പേപ്പർരഹിതവും ഡിജിറ്റലുമായിരിക്കും. ഡിജിറ്റൽ രൂപത്തിലെ ആദ്യ ഇടക്കാല ബജറ്റെന്ന സവിശേഷതയുമുണ്ട്.
ഇന്ത്യൻ ഇക്കോണമിയിലെ നാണയപെരുപ്പ സമ്മർദം പുതിയ കാര്യമല്ല. രൂപയുടെ പർച്ചേസിംഗ് പവർ അനുദിനം ശോഷിക്കുന്നുവെന്നത് യാഥാർഥ്യമാണ്. 1980ലെ വില സൂചിക വെച്ച് വരുമാനവും ചെലവുകളും വിലയിരുത്താനാവില്ല. അതായത് നാൽപത് വർഷം മുമ്പത്തെ ആദായ നികുതി സ്ലാബ് കർശനമായി പിന്തുടരുന്നതിൽ അർഥമില്ല. ഇത് തിരിച്ചറിഞ്ഞ ബജറ്റായിരുന്നു കഴിഞ്ഞ വർഷത്തെ കേന്ദ്ര ബജറ്റ്. വാർഷിക വരുമാനം ഏഴ് ലക്ഷം രൂപവരെയുള്ളവരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കി. നേരത്തെ അഞ്ച് ലക്ഷമായിരുന്നു പരിധി. ഇതാണ് ഏഴ് ലക്ഷമാക്കി ഉയർത്തിയത്. രണ്ടര ലക്ഷം രൂപ മുതൽ 6 വരുമാന പരിധികളുള്ള നികുതി സ്ലാബുകളുള്ള പുതിയ വ്യക്തിഗത ആദായ നികുതി വ്യവസ്ഥ 2020 ൽ അവതരിപ്പിച്ചിരുന്നു. സ്ലാബുകളുടെ എണ്ണം 5 ആക്കി കുറയ്ക്കുകയും നികുതി ഇളവ് പരിധി 3 ലക്ഷം രൂപയായി ഉയർത്തുകയും ചെയ്ത് നികുതി ഘടന മാറ്റാൻ നിർദ്ദേശിക്കുന്നു-ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു.
അതായത് മൂന്ന് ലക്ഷം രൂപയുടെ വരുമാനമുള്ളവർ നികുതി നൽകേണ്ടതില്ല. മൂന്ന് ലക്ഷം രൂപയിൽ കൂടുതലും 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5% നികുതി നൽകണം. 6 ലക്ഷം രൂപയ്ക്കും 9 ലക്ഷം രൂപയ്ക്കും മുകളിലുള്ള വരുമാനത്തിന് 10% നികുതിയും 12 ലക്ഷം രൂപയിൽ കൂടുതലും 15 ലക്ഷം രൂപ വരെയുള്ള വരുമാനക്കാർ 20% നികുതി നൽകണം. 15 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 30% വും നികുതി നൽകണം എന്നതരത്തിലാണ് പുതിയ സ്ലാബുകൾ. മുതിർന്ന പൗരന്മാർ, വനിതാ സംരംഭകർ എന്നിത്യാദി ഇളവുകളുള്ള വിഭാഗങ്ങൾ വേറെയും.
കഴിഞ്ഞ വർഷം ബജറ്റ് പ്രഖ്യാപിക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രതീക്ഷ വെച്ച് പുലർത്തിയിരുന്നത് നികുതിദായകരായ ശമ്പളക്കാരായ പ്രൊഫഷണലുകളായിരുന്നു. അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഇന്ധനവിലക്കയറ്റവും ഏറ്റവും കൂടുതൽ ബാധിച്ചത് ഇടത്തരക്കാരെയാണ്. ഇടത്തരക്കാർക്ക് ആവശ്യമായ ആശ്വാസം നൽകുന്നതിനായി ധനമന്ത്രി ആദായനികുതി സ്ലാബുകളിൽ മാറ്റം വരുത്തിയേക്കുമെന്ന പ്രതീക്ഷകളും ബജറ്റിന് മുന്നോടിയായി പ്രചരിച്ചിരുന്നു. പ്രതീക്ഷ അസ്ഥാനത്തായില്ല. മധ്യവർഗമായാണ് സ്വയം തിരിച്ചറിയുന്നതെന്നും അതു കൊണ്ടു തന്നെ ഈ വിഭാഗം നേരിടുന്ന സമ്മർദ്ദം മനസ്സിലാക്കുന്നുണ്ടെന്നും സീതാരാമൻ പറഞ്ഞിരുന്നു.
അതു കഴിഞ്ഞ കഥ. ആദായ നികുതി സ്ലാബ് പരിഷ്‌കരണം എല്ലാ വിഭാഗങ്ങളും സ്വാഗതം ചെയ്യുന്നതാണ് കണ്ടത്. ഇന്ത്യയുടെ ജിഡിപി വളർച്ച ഉറപ്പു വരുത്തണമെങ്കിൽ കേന്ദ്രം ശ്രദ്ധയൂന്നേണ്ടുന്ന മറ്റൊരു രംഗമാണ് റിയൽ എസ്റ്റേറ്റ് മേഖല. പാർപ്പിട മേഖല ഇത്തവണ വലിയ പ്രതീക്ഷയിലാണ്. പാർപ്പിട മേഖലയ്ക്കുള്ള വ്യവസായ പദവിയും ഭവന പദ്ധതികൾക്കുള്ള ഏകജാലക ക്ലിയറൻസുമെല്ലാം ഈ സെക്ടറിന്റെ ആഗ്രഹങ്ങളിൽപെടും. ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് വിപണി 2023-ൽ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. പുതിയ റെസിഡൻഷ്യൽ ലോഞ്ചുകളും ഭവന വിൽപ്പനയും റെക്കോർഡ് ഉയരങ്ങളിലെത്തി. ഏഴ് പ്രധാന നഗരങ്ങളിലെ ഭവന വിൽപ്പന കഴിഞ്ഞ വർഷം എക്കാലത്തെയും ഉയർന്ന നിരക്കായ 4.77 ലക്ഷം യൂനിറ്റിലെത്തി. ഒരു വർഷത്തിനിടെ നിഫ്റ്റി സൂചിക 94% ഉയർന്നതിനാൽ റിയൽ എസ്റ്റേറ്റ് ഓഹരികളിലും ശുഭാപ്തിവിശ്വാസം പ്രകടമായി. റിയൽ എസ്റ്റേറ്റ് വ്യവസായ രംഗം അവതരിപ്പിക്കാൻ പോകുന്ന കേന്ദ്ര ബജറ്റിൽ വലിയ പ്രതീക്ഷയിലാണ്. 2024ലെ ബജറ്റിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് മേഖല ഭവന വായ്പകൾക്ക് പരമാവധി ഇളവ് പ്രതീക്ഷിക്കുന്നു. ആദായനികുതി നിയമത്തിലെ സെക്്ഷൻ 24 പ്രകാരമുള്ള ഭവനവായ്പ പലിശ നിരക്കിന്റെ രണ്ടു ലക്ഷം രൂപ വരെ നികുതി ഇളവ് എന്നത് ചുരുങ്ങിയത് അഞ്ചു ലക്ഷം രൂപയായി ഉയർത്തുമെന്നാണ് പ്രതീക്ഷ. റിബേറ്റ് കുറഞ്ഞത് 5 ലക്ഷം രൂപയായി വർധിപ്പിക്കുന്നത് വിപണിയെ ഉത്തേജിപ്പിക്കുമെന്ന് ഈ രംഗത്തെ പ്രമുഖൻ അനറോക്ക് ഗ്രൂപ്പ് ചെയർമാൻ അനുജ് പുരി പറഞ്ഞു. ഭവന നിർമ്മാണത്തിനുള്ള ആവശ്യങ്ങളേറി വിപണിയെ ഉത്തേജിപ്പിക്കാൻ ഇത് വഴിയൊരുക്കും.
എല്ലാവർക്കും താങ്ങാനാവുന്ന വിധം ഭവനങ്ങൾ നിർമ്മിക്കാൻ ഇത് ഡവലപ്പർമാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ചെലവ് കുറഞ്ഞ വീടുകൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.
നികുതി ഇളവുകൾ പോലുള്ള സുപ്രധാന ആനുകൂല്യങ്ങൾ ധനമന്ത്രി വിപുലീകരിക്കുമെന്നും മേഖല പ്രതീക്ഷിക്കുന്നു. ബജറ്റ് ഹോം വിഭാഗത്തിൽ വിൽപ്പനയിൽ ഇടിവ് സംഭവിച്ചതായാണ് കണക്കുകൾ
സൂചിപ്പിക്കുന്നത്. 2022ൽ 30 ശതമാനവും 2023 ൽ ഏകദേശം ഇരുപത് ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തിയത്. കോവിഡ് മഹാമാരിയുടെ കാലത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഈ രംഗം തിരിച്ചെത്തിയിട്ടില്ലെന്ന് ചുരുക്കം. പൊതുതിരഞ്ഞെടുപ്പ് ഫലം റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റിന്റെ ആവശ്യകതയിലും വളർച്ചയിലും കാര്യമായ സ്വാധീനം ചെലുത്തും. കൂടുതൽ വ്യവസായവൽക്കരിക്കപ്പെടുന്ന നഗരങ്ങളിലേക്ക് സാധ്യതകൾ തേടി ആളുകൾ പ്രവഹിക്കും. ഇതു കൊണ്ടു തന്നെ പാർപ്പിടങ്ങൾക്ക് ആവശ്യക്കാരേറും.
ഡവലപ്പർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് നികുതി ഇളവുകൾ നൽകിയാൽ ഈ രംഗം സജീവമായി നിലനിൽക്കും. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകയാൽ കൂടുതൽ പാർപ്പിടങ്ങൾ നിർമിക്കാൻ ഭൂമി കണ്ടെത്തുകയെന്നതും പ്രശ്‌നമാണ്.
നഗരപ്രദേശങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പക്കലുള്ള ഭൂമി വിട്ടുനൽകിയാൽ ഭൂമിയുടെ ദൗർലഭ്യം പരിഹരിക്കപ്പെടും. ഇന്ത്യൻ റെയിൽവേ, തുറമുഖ ട്രസ്റ്റുകൾ, ഘനവ്യവസായ വകുപ്പ് മുതലായവയുടെ ഉടമസ്ഥതയിൽ മഹാനഗരങ്ങളിൽ വരെ ഇഷ്ടം പോലെ ഭൂമിയുണ്ട്. ഭവനനിർമാണത്തിന് ഭൂമിയുടെ ദൗർലഭ്യം പരിഹരിക്കുന്നതിനായി സർക്കാർ ഏജൻസികൾ വിട്ടുനൽകുമെന്നും പാർപ്പിട വ്യവസായരംഗം പ്രതീക്ഷ വെച്ചു പുലർത്തുന്നു. റിയൽ എസ്റ്റേറ്റ് വ്യവസായ മേഖല 2024 ലെ കേന്ദ്ര ബജറ്റിൽ വലിയ പ്രതീക്ഷയിലാണ്. വ്യവസായം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇവയിൽ പ്രധാനപ്പെട്ടത് ഭവനവായ്പകൾക്കുള്ള ഇളവുകൾ കൂട്ടുകയെന്നതാണ്.